X

ഇസ്രാഈലിനെതിരെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യദിനം ആചരിക്കാന്‍ സി.പി.എം; ഇസ്രാഈല്‍ സഹകരണത്തിന് പിണറായിസര്‍ക്കാര്‍

കെ.പി ജലീല്‍

പിണറായി രണ്ടാംസര്‍ക്കാര്‍ സയണിസ്റ്റ് മുസ്‌ലിം വിരുദ്ധ ഭരണകൂടവുമായി സഹകരണത്തിന് തയ്യാറെടുക്കവെ സി.പി.എം പാര്‍ട്ടിതല ഫലസ്തീന്‍ ഐക്യദാര്‍ഢ്യപരിപാടിയുമായി മുന്നോട്ട്. കഴിഞ്ഞ മാസമാണ് ഇസ്രാഈല്‍ ദക്ഷിണേന്ത്യ അംബാസഡറും സംഘവും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതും കേരളസര്‍ക്കാരുമായി സഹകരിച്ച് കാര്‍ഷികമേഖലയില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചതും. മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ കേരളത്തില്‍ വിറ്റഴിക്കുന്നതിന് ഇസ്രാഈല്‍ കമ്പനികളെ സഹായിക്കുന്ന കരാറിനാണ ്‌സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. അംബാസഡര്‍ തമ്മി ബെന്‍ഹെയിമാണ് പിണറായിയുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ഡിസംബര്‍ 31നായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നായിരുന്നു പിണറായി ഇതിന് പ്രതികരിച്ചത്. എന്നാല്‍ ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് ഫലസ്തീന് വേണ്ടി ഇടതുപക്ഷപുരോഗമനശക്തികള്‍ ഒരുമിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അമേരിക്കന്‍ പിന്തുണയോടെ ഫലസ്തീന്‍ ജനതയെ അടിച്ചൊതുക്കുന്ന തീവ്രവലതുപക്ഷ സര്‍ക്കാരാണ് നെതന്യാഹുവിന്റേതെന്നാണ ്‌ഗോവിന്ദന്‍ എഴുതിയിരിക്കുന്നത്. ജില്ലകളില്‍ സെമിനാറുകള്‍, പ്രഭാഷണങ്ങള്‍ എന്നിവ സംഘടിപ്പിക്കാനാണ ്തീരുമാനം.
സംസ്ഥാനകമ്മിറ്റിയുടെ 9,10 തീയതികളിലെ യോഗത്തിലായിരുന്നു തീരുമാനം. ഇത് ചൂണ്ടിക്കാട്ടുന്നത് പതിവായി തെരഞ്ഞെടുപ്പുകളടുക്കുമ്പോള്‍ സി.പി.എം പയറ്റുന്ന ന്യൂനപക്ഷപ്രീണനമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞതവണ ഒരൊറ്റ സീറ്റ് മാത്രം വിജയിച്ചതില്‍നിന്ന് ഏതുവിധേനയും നേട്ടമുണ്ടാക്കുകയാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ലക്ഷ്യം. എല്ലാവര്‍ഷവും നവംബര്‍ 29നാണ് ഐക്യരാഷ്ട്രസഭ ഫലസ്തീന്‍ ഐക്യദാര്‍ഢ്യദിനമായി പ്രഖ്യാപിച്ചിരിക്കുന്നതെന്നിരിക്കെ ഇപ്പോള്‍ ഐക്യദാര്‍ഢ്യദിനവുമായി സി.പി.എം വരുന്നതിനെ സംശയത്തോടെയാണ് പലരും കാണുന്നത്. അങ്ങനെയെങ്കില്‍ പിണറായി സര്‍ക്കാര്‍ ഇസ്രാഈല്‍ സര്‍ക്കാരുമായി ഒപ്പുവെക്കാനിരിക്കുന്ന കരാറുമായി മുന്നോട്ടുപോകുമോ എന്ന ചോദ്യത്തിന് മറുപടി ഇനിയും ലഭിച്ചിട്ടില്ല. എം.വ ിഗോവിന്ദനാകട്ടെ, നേര്‍വഴി എന്ന പംക്തിയില്‍ ഇതേക്കുറിച്ച് അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുകയാണ്.

Chandrika Web: