X
    Categories: CultureViews

ആധാറില്ലാത്തതിനാല്‍ ഭക്ഷണം ലഭിച്ചില്ല; ഝാര്‍ഖണ്ഡില്‍ 11-കാരി വിശന്നു മരിച്ചു

റാഞ്ചി: റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതു കാരണം റേഷന്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഝാര്‍ഖണ്ഡില്‍ 11 വയസ്സുള്ള പെണ്‍കുട്ടി സന്തോഷി കുമാരി പട്ടിണി കിടന്നു മരിച്ചു. സിംഡേഗ ജില്ലയിലെ കരിമാട്ടി ജില്ലയില്‍ രണ്ടാഴ്ച മുമ്പ് നടന്ന ദാരുണ സംഭവം പുറത്തെത്തിച്ചത് ‘റൈറ്റ് ടു ഫുഡ് കാംപെയ്ന്‍’ പ്രവര്‍ത്തകരാണ്. സെപ്തംബര്‍ 28-നു നടന്ന മരണത്തെപ്പറ്റി മുഖ്യമന്ത്രി രഘുദാര്‍ ദാസ് 20 ദിവസങ്ങള്‍ക്കു ശേഷം ഇന്ന് അന്വേഷണത്തിന് ഉത്തരവിട്ടു.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ സന്തോഷി കുമാരിയുടെ കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതു കാരണം മാസങ്ങള്‍ക്കു മുമ്പ് റദ്ദാക്കിയിരുന്നു. ഭൂമിയോ ജോലിയോ സ്ഥിര വരുമാനമോ ഇല്ലാത്ത സന്തോഷി കുമാരിയുടെ കുടുംബം ദേശീയ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം സബ്‌സിഡി റേഷന്‍ അര്‍ഹരായിരുന്നെങ്കിലും, ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ വിഹിതം നല്‍കാന്‍ വ്യാപാരി ആറു മാസമായി വിസമ്മതിക്കുകയായിരുന്നു.

പൊതുവിതരണ സംവിധാനം വഴി സബ്‌സിഡി ഭക്ഷണം ലഭിക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയതാണ് സന്തോഷ് കുമാരിയുടെയും കുടുംബത്തിന്റെയും അന്നം മുട്ടിച്ചത്. സര്‍ക്കാര്‍ ക്ഷേമ പദ്ധതി, ആധാര്‍ ഇല്ലാത്തതിനാല്‍ നിഷേധിക്കരുതെന്ന 2013-ലെ സുപ്രീം കോടതി വിധി ലംഘിച്ചു കൊണ്ടാണ് കേന്ദ്രം ഈ നയം നടപ്പിലാക്കിയത്.

റേഷന്‍ ഇല്ലാത്തതിനാല്‍, സ്‌കൂളില്‍ നിന്നു ലഭിക്കുന്ന ഭക്ഷണം കൊണ്ടാണ് സന്തോഷി കുമാരി ജീവന്‍ നിലനിര്‍ത്തിയിരുന്നത്. സന്തോഷിയുടെ മാനസിക രോഗിയായ അച്ഛന്‍ ജോലി ചെയ്യുന്നില്ല. അമ്മ കൊയ്‌ല ദേവിയും 20 വയസ്സായ ചേച്ചിയും ഗ്രാമത്തില്‍ പുല്ലുവെട്ടിയാണ് തുച്ഛ വരുമാനം ഉണ്ടാക്കിയിരുന്നത്. ആഴ്ചയില്‍ 80 മുതല്‍ 90 രൂപ വരെയാണ് ഇവര്‍ക്ക് ലഭിച്ചിരുന്നത്. സന്തോഷ് കുമാരിയുടെ ഒന്നര വയസ്സുകാരനായ സഹോദരന് അങ്കന്‍വാടിയില്‍ നിന്നു ലഭിച്ചിരുന്ന ഭക്ഷണമാണ് പലപ്പോഴും ഈ കുടുംബം പങ്കിട്ടു കഴിച്ചിരുന്നത്.

ദുര്‍ഗ പൂജ അവധിക്ക് സ്‌കൂള്‍ പൂട്ടിയതോടെ തുടര്‍ച്ചയായി എട്ടു ദിവസം സന്തോഷ് കുമാരിക്ക് ഭക്ഷണം ലഭിച്ചില്ല. ഇതേ തുടര്‍ന്ന് പട്ടിണി കിടന്ന് കുട്ടി മരിച്ചു. എന്നാല്‍, മലേറിയ ബാധിച്ചാണ് മരണം എന്നു സ്ഥാപിക്കാനാണ് പ്രാദേശിക അധികൃതര്‍ ശ്രമിക്കുന്നത്. ചോറ് ചോദിച്ചു കൊണ്ടാണ് കുട്ടി മരണത്തിന് കീഴടങ്ങിയതെന്ന് അമ്മ കൊയ്‌ല ദേവി പറഞ്ഞതെന്ന് റൈറ്റ് ഫോര്‍ ഫുഡ് കാംപെയ്ന്‍ പ്രവര്‍ത്തകര്‍ പറയുന്നു. ഡോക്ടറുടെ റിപ്പോര്‍ട്ടിലും മരണ കാരണം മലേറിയ ആണെന്ന് പറയുന്നില്ല.

മരണത്തിനു രണ്ടാഴ്ചക്കു ശേഷം കുടുംബത്തിന് പുതിയ റേഷന്‍ കാര്‍ഡ് ലഭിച്ചു.

കടപ്പാട്: scroll.in

ചന്ദ്രിക വെബ് ഡെസ്‌ക്‌: