X

കപില്‍ മിശ്രയെ ആംആദ്മി പുറത്താക്കി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയ കപില്‍ മിശ്രയെ ആംആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി കണ്‍വീനറും മുഖ്യമന്ത്രിയുമായ കെജ് രിവാളിനെതിരെ കൈക്കൂലി ആരോപണമുയര്‍ത്തി ഒരു ദിവസം കഴിയുന്നതിന് മുമ്പ് തന്നെ പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ കമ്മിറ്റിയാണ് പുറത്താക്കല്‍ പ്രഖ്യാപിച്ചത്.

ഭാര്യാസഹോദരന് വേണ്ടി 50 കോടി വിലമതിക്കുന്ന ഭൂമി നേടാന്‍ കെജ് രിവാളും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌നും അനധികൃതമായി ഇടപെട്ടുവെന്ന് ആരോപിച്ച് മാധ്യമങ്ങളെ കണ്ടതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് പാര്‍ട്ടി തീരുമാനം വന്നിരിക്കുന്നത്്.

മുമ്പുണ്ടായിരുന്നത് പോലെ അഴിമതിക്കെതിരായ കുരിശുയുദ്ധം നടത്തുന്നാളൊന്നുമല്ല ഇപ്പോള്‍ കെജ് രിവാള്‍. മുഖ്യമന്ത്രിക്കസേര തന്നെയാണ് കെജ് രിവാളിനെ ഇങ്ങനെ മാറ്റിയെടുത്തതെന്നും കപില്‍ മിശ്ര പറഞ്ഞു. ”ഞങ്ങള്‍ ആരാധിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തിരുന്ന അന്നത്തെ അരവിന്ദ് കെജ് രിവാളല്ല ഇന്നുള്ളത്. മുഖ്യമന്ത്രിപദം അദ്ദേഹത്തെ അടിമുടി മാറ്റിക്കളഞ്ഞിരിക്കുന്നു. സത്യേന്ദര്‍ ജെയ്ന്‍ ജയിലില്‍ പോയാല്‍ മുഖ്യമന്ത്രിപദം ഉപേക്ഷിക്കാന്‍ കെജ് രിവാള്‍ തയാറുണ്ടോ എന്ന് ഞാന്‍ വെല്ലുവിളിക്കുന്നു.”-കപില്‍ മിശ്ര പറഞ്ഞു.
മന്തിസഭയില്‍ നിന്ന് പുറത്താക്കിയതിന് പുറമെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെയും പുറത്താക്കിയിരിക്കുന്നത്. തന്നെ പുറത്താക്കാന്‍ ധൈര്യമുണ്ടോ എന്നും അത്തരമൊരു നടപടിക്ക് മുതിര്‍ന്നാല്‍ അഴിമതിക്കണക്കുകള്‍ ഓരോന്നോന്നായി പുറത്തുവിടുമെന്നും കപില്‍ മിശ്ര ആംആദ്മി വെല്ലുവിളിച്ചിരുന്നു.

chandrika: