X

ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ മമത വേണമെന്ന് സി.പി.എം നേതാവ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പിയെ അധികാരത്തിനു പുറത്തു നിര്‍ത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെ വേണമെന്ന് സി.പി.ഐഎം കേന്ദ്രകമ്മിറ്റി അംഗം ഗൗതം ദേബ്. ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ ആത്മാര്‍ത്ഥതയോടെയാണ് മമത എതിര്‍ക്കുന്നതെങ്കില്‍ അവരുമായി സഹകരിക്കുമെന്നും ഗൗതം ദേബ് വ്യക്തമാക്കി. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ചതിന് പാര്‍ട്ടി വിമര്‍ശനങ്ങള്‍ നേരിടുമ്പോഴാണ് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടുമെന്ന സിപിഎം നേതാവിന്റെ പരാമര്‍ശം. ബി.ജെ.പിക്കെതിരായി രാജ്യത്തെ എല്ലാ മതേതരപാര്‍ട്ടികളെയും ഒന്നിപ്പിക്കുക എന്നതാണ് സി.പി.എമ്മിന്റെ ലക്ഷ്യം. നിലവില്‍ പശ്ചിമ ബംഗാളിന്റെ ഏറ്റവും വലിയ വെല്ലുവിളി ബി.ജെ.പിയാണ്. ബി.ജെ.പിയെ പോലെ തീവ്രവര്‍ഗീയ സ്വഭാവമുള്ള പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ജനാധിപത്യം തന്നെ ശിഥിലമാകും. ന്യൂനപക്ഷങ്ങളുടെ അവകാശത്തെ നിഷേധിക്കുന്ന സമീപനമായിരിക്കും ബി.ജെ.പി സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഗൗതം ദേബിന്റെ പ്രസ്താവനയെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

chandrika: