X

താന്‍ പത്ത് ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് സമ്മതിച്ച് ജയരാജന്‍


കോഴിക്കോട്: രണ്ട് കൊലപാതകങ്ങളില്‍ ഉള്‍പ്പെടെ 10 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് താനെന്ന് സ്വയം സമ്മതിച്ച് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍. നാമനിര്‍ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങള്‍ ജയരാജന്‍ തന്നെ സമ്മതിച്ചത്.

കതിരൂര്‍ മനോജ് വധക്കേസിലും പ്രമോദ് വധക്കേസിലും ഗൂഢാലോചന നടത്തി, അരിയില്‍ ഷുക്കൂറിനെ കൊല്ലാനുള്ള പദ്ധതി അറിഞ്ഞിട്ടും മറച്ചുവെച്ചു തുടങ്ങി വടകര ലോക്സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്റെ വിശേഷണങ്ങള്‍ നീണ്ടു പോകുന്നു.

ഗുരുതരമായ ഈ കേസുകള്‍ക്കൊപ്പം അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും വേറെയും കേസുകളുണ്ട്. ഒരു കേസില്‍ ജയരാജനെ ശിക്ഷിച്ചിട്ടുമുണ്ട്.
അന്യായമായി സംഘം ചേര്‍ന്ന് പൊതുമുതല്‍ നശിപ്പിച്ച കേസില്‍ കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേററ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടര വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. എന്നാല്‍ ഇതിനെതിരെ ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ തീരുമാനമാകുന്നതു വരെ വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്തിരിക്കുകയാണ് കോടതി. ഇതിന്റെ ബലത്തിലാണ് ഇപ്പോള്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. അതേസമയം അരിയില്‍ ഷുക്കൂര്‍ കേസില്‍ സി.ബി.ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്.

web desk 1: