X

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; മലയാളിക്ക് ഒന്നരക്കോടി ദിര്‍ഹം സമ്മാനം

അബുദാബി: ചൊവ്വാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം മലയാളിക്ക്. കുവൈത്തില്‍ താമസമാക്കിയ തിരുവല്ല സ്വദേശി നോബിന്‍ മാത്യുവിനാണ് (38) ഒന്നര കോടി ദിര്‍ഹം (30 കോടിയിലേറെ ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിച്ചത്.

ഒക്ടോബര്‍ 17 ന് വാങ്ങിയ 254806 എന്ന നമ്പറിനാണ് സമ്മാനം. 2007 മുതല്‍ കുവൈത്തില്‍ സ്ഥിരതാമസമാണ് നോബിന്‍. കുവൈത്തിലെ ഒരു സ്വകാര്യ കമ്പനിയിലെ സൂപ്പര്‍വൈസറാണ്.

റാഫിള്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും എന്നാല്‍ സഹപ്രവര്‍ത്തകരായ പ്രമോദ് മാട്ടുമ്മല്‍, മിനു തോമസ് എന്നിവരുടെ നിര്‍ബന്ധപ്രകാരം അവരോടൊപ്പം ബിഗ് ടിക്കറ്റെടുക്കുകയായിരുന്നുവെന്ന് നോബിന്‍ പറഞ്ഞു.

ജോലിക്കിടെ ബിഗ് ടിക്കറ്റ് സംഘാടകരുടെ ഫോണ്‍ വിളിയെത്തിയതെന്നും ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ലെന്നും നോബിന്‍ പറഞ്ഞു. സഹപ്രവര്‍ത്തകര്‍ സ്ഥിരമായി മത്സരത്തില്‍ പങ്കെടുക്കുന്നവരാണ്. എന്നാല്‍ താനിത് രണ്ടാം തവണ മാത്രമാണ് ടിക്കറ്റ് വാങ്ങുന്നത്. പണം എന്ത് ചെയ്യണം എന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. കുടുംബാംഗങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും നോബിന്‍ മാത്യു കൂട്ടിച്ചേര്‍ത്തു.ഒമാനില്‍ ജനിച്ച നോബിന്‍ വളര്‍ന്നതും പഠനം പൂര്‍ത്തിയാക്കിയതും കേരളത്തിലാണ്.

web desk 3: