X

റോഡരികിലെ പൈപ്പ്‌ വില്ലനായി; ബൈക്കുകൾ കൂട്ടിയിടിച്ചു; നാട്ടുകാർ തിരഞ്ഞിട്ട് കണ്ടില്ല; അരമണിക്കൂർ പൈപ്പിനുള്ളിൽ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം തിരൂർ തൃപ്രങ്ങോട് ചേമ്പുംപടിയിലുണ്ടായ അപകടത്തിൽ യുവാവ് മരിക്കാനിടയായത് റോഡരികിൽ അശ്രദ്ധമായിട്ടിരുന്ന കുടിവെള്ള പൈപ്പ്. പെരുന്തല്ലൂർ ചീരക്കുഴിയിൽ മുഹമ്മദ് ഷിബിലിയാണ് മരിച്ചത്.

തിരുനാവായ പട്ടർനടക്കാവിലെ ജോലിസ്ഥലത്തുനിന്ന്‌ രാത്രി പത്തിന് ബൈക്കിൽ മടങ്ങുകയായിരുന്നു ഷിബിലി. മറ്റൊരു ബൈക്കിൽ വണ്ടിയിടിച്ചിട്ടാണ് അപകടമുണ്ടായത്. എന്നാൽ അപകടം നടന്നപ്പോൾ നാട്ടുകാർ ഓടിയെത്തിയപ്പോൾ ഷിബിലിയെ കാണാനില്ലായിരുന്നു. ഇടിച്ച ബൈക്കിലെ യാത്രികയ്ക്ക് നിസ്സാര പരിക്കേറ്റിരുന്നു.

അരമണിക്കൂറിനടുത്ത് നാട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് ഷിബിലിനെ റോഡരികിൽ കുട്ടിയിട്ടിരിക്കുന്ന പൈപ്പിനകത്ത് കണ്ടത്. ജൽജീവൻ മിഷൻ സമഗ്ര കുടിവെള്ളപദ്ധതിക്കായി ഇറക്കിയ വലിയ പൈപ്പുകൾ റോഡരികിലാണ് കൂട്ടിയിട്ടിരിക്കുന്നത്.

ഇടിയുടെ ആഘാതത്തിൽ ഷിബിലി പൈപ്പിന്റെ മധ്യഭാഗത്തെത്തിയിരുന്നു. നാട്ടുകാർ ഏറെ പ്രയാസപ്പെട്ടാണ് ഷിബിലിയെ പുറത്തെടുത്തത്. തുടർന്ന് ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമയബന്ധിതമായി ആശുപത്രിയിലെത്തിച്ചിരുന്നൂവെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു.

തൃപ്രങ്ങോട്, മംഗലം പഞ്ചായത്തുകളിൽ ജൽജീവൻ പദ്ധതിക്കായി റോഡരികിൽ ഇറക്കിയ വലിയ പൈപ്പ് നിരവധി അപകടങ്ങളാണ് ക്ഷണിച്ചുവരുത്തുന്നത്. ആറുമാസമായി പൈപ്പുകളിറക്കിയിട്ട്. കാൽനടക്കാർക്കുപോലും പ്രയാസമാംവിധമാണ് പൈപ്പുകളിട്ടിരിക്കുന്നത്.

പൈപ്പുകൾ കാരണം തിരക്കേറിയ ആലത്തിയൂർ-ചമ്രവട്ടം റോഡിൽ കഴിഞ്ഞയാഴ്ച രണ്ട് അപകടമാണുണ്ടായത്. ആലിങ്ങലിൽ പൈപ്പിലിടിച്ച് കാർ യാത്രക്കാർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം പെരുന്തല്ലൂരിൽ ലോറി പൈപ്പിലിടിച്ച് ഏറെനേരം ഗതാഗത തടസ്സമുണ്ടായി.

webdesk14: