X
    Categories: keralaNews

യു.ഡി.എഫിന് നേരെ പ്രകടനവും തെറിവിളികളും- കുടുങ്ങിയത് ഇ.ഡി വെളിപ്പെടുത്തലില്‍

കെ.പി ജലീല്‍

എ.സി മൊയ്തീന്‍ എം.എല്‍.എക്ക് നേരെ ഇ.ഡി നടത്തിയ അന്വേഷണത്തിന്റെ വെളിപ്പെടുത്തലുകള്‍ സി.പി.എമ്മിനെ തിരിഞ്ഞുകൊത്തുന്നു. ഇഡി റെയ്ഡിനിടെ യു.ഡി.എഫ് പ്രകടനക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് തെറിവിളിച്ചവരുടെയും പാര്‍ട്ടി അണികളുടെയും വായടഞ്ഞിരിക്കുകയാണിപ്പോള്‍. 300 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാടാണ് നടന്നിരിക്കുന്നതെന്നാണ് കരുവന്നൂര്‍ സഹകരണബാങ്കുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. 15 കോടിയുടെ മൊയ്തീന്റെ മാത്രം സ്വത്തുക്കള്‍ കണ്ടുകെട്ടുകയും രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയുമാണ്.
മുന്‍ ജില്ലാ സെക്രട്ടറികൂടിയായ മൊയ്തീന്റെ മണ്ഡലത്തിലാണ് കരുവന്നൂര്‍ ബാങ്ക്. മഹാരാഷ്ട്രയിലെയും കണ്ണൂരിലെയും വ്യക്തികളെയാണ് മൊയ്തീന്‍ തട്ടിപ്പിനായി ചുമതലപ്പെടുത്തിയതെന്നാണ് ഇ.ഡി പറയുന്നത്. മൊയ്തീന്‍ നിഷേധിച്ചെങ്കിലും കള്ളപ്പണം കണ്ടെത്തിയതായി ഇ.ഡി പറയുന്നത് വിശ്വസിക്കാതിരിക്കാനാകില്ല.
റെയ്ഡ് ദിവസം യു.ഡി.എഫ് പ്രവര്‍ത്തകര്‍ എം.എല്‍.എ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനമാണ് സി.പി.എമ്മുകാര്‍ കായികമായി നേരിട്ടത്. സംസ്ഥാനചരിത്രത്തില്‍ ഇത് അപൂര്‍വമാണ്. മുഖ്യമന്ത്രിയും മകളും ഇടുക്കിയിലെ സി.പി.എം നേതാക്കളും സാമ്പത്തിക ,ഭൂമി തട്ടിപ്പില്‍ അകപ്പെട്ടിരിക്കെയാണ് മൊയ്തീനും പെട്ടത്. ഇ.ഡി.യുടെയും ബി.ജെ.പിയുടെയും വൈരനിര്യാതനബുദ്ധിയാണിതിന് പിന്നിലെന്ന് പറയാനാകാത്തവിധമുള്ള തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.
ചൈനയിലേക്കും ദുബായിലേക്കും സിംഗപ്പൂരിലേക്കുമെല്ലാമാണ് കരുവന്നൂരിലെ പാവപ്പെട്ടവരുടെ നിക്ഷേപം ഒഴുകിയിരിക്കുന്നത്. എല്ലാം മൊയ്തീന്റെ ശുപാര്‍ശയിലാണ് വായ്പയായി നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയുടെ ജില്ലയിലെ മുതിര്‍ന്ന നേതാവ് പറയുമ്പോള്‍ അനുസരിക്കേണ്ട ഉത്തരവാദിത്തം മാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് കീഴിലുള്ളവര്‍ പറയുന്നത്. ജില്ലാസെക്രട്ടറിയേറ്റംഗവും ഏരിയാ സെക്രട്ടറിയും ഉടന്‍ കുടുങ്ങുമെന്നാണ് വിവരം. നോട്ടീസ് നല്‍കിയതോടെ മൊയ്തീന് ഇനിയും ഇ.ഡിയുടെ മുന്നില്‍ മൊഴി നല്‍കേണ്ടിവരും. ഇത് സി.പി.എമ്മിന്റെ സാമ്പത്തികസ്രോതസ്സുകളിലേക്കുള്ള വെളിച്ചം വീശലുമാകും.
പിണറായിയുടെ മകള്‍ 50 കോടി സമ്പാദ്യമുണ്ടെന്ന് വെളിപ്പെടുത്തിയതും മൊയ്തീന് അത്രതന്നെ ആസ്തിയുള്ളതും കണക്കിലെടുക്കുമ്പോള്‍ എല്ലാം കേന്ദ്രീരിക്കപ്പെട്ടത് ആരിലേക്കാണെന്ന ചോദ്യമാണുയരുന്നത്. കൊതോലപ്പായയിലെ പണക്കടത്തിന് പിന്നാലെ വന്നിരിക്കുന്ന കരിമണല്‍ മാസപ്പടിയും പാര്‍ട്ടിയെ ചരിത്രത്തിലില്ലാത്ത കുരുക്കിലാണ് അകപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി പാര്‍ട്ടിയെ കൈവെള്ളയിലിട്ട് അമ്മാനമാടുന്നയാളിലേക്കാണ് എല്ലാം തിരിയുന്നതെങ്കിലും ബി.ജെ.പിയുടെ ലക്ഷ്യം കോണ്‍ഗ്രസ് മുക്ത ഭാരതമെന്നായിരിക്കെ ,കൂടുതല്‍ അന്വേഷണങ്ങളിലേക്കും അറസ്റ്റിലേക്കും സി.പി.എമ്മിന്റെ തകര്‍ച്ചക്കും കേന്ദ്രസര്‍ക്കാര്‍ നീങ്ങില്ലെന്നാണ ്‌രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.

Chandrika Web: