X

‘കോടികള്‍ വാങ്ങുന്ന യുവതാരങ്ങള്‍ ദുരിതാശ്വാസനിധിയിലേക്ക് ഒന്നും കൊടുത്തില്ലെന്ന ഗണേഷിന്റെ പരാമര്‍ശം’; പ്രതികരണവുമായി നിവിന്‍ പോളി

തിരുവനന്തപുരം: കോടികള്‍ വാങ്ങുന്ന യുവതാരങ്ങള്‍ ദുരിതാശ്വാസനിധിയിലേക്ക് ഒന്നും കൊടുത്തില്ലെന്ന നടനും എം.എല്‍.എയുമായ ഗണേഷ്‌കുമാറിന്റെ പരാമര്‍ശത്തോട് പ്രതികരണവുമായി യുവനടന്‍ നിവിന്‍ പോളി. പ്രളയബാധിതര്‍ക്ക് മലയാള സിനിമാ മേഖലയിലുള്ള എല്ലാവരുടേയും സഹായമുണ്ടെന്നും, പലരും പുറത്തു പറഞ്ഞുകൊണ്ടല്ല സഹായങ്ങള്‍ നല്‍കുന്നതെന്നും നിവിന്‍ പോളി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം 25ലക്ഷം സംഭാവന ചെയ്തിട്ടുണ്ട്.

സിനിമയിലെ യുവതാരങ്ങള്‍ സഹായിക്കുന്നില്ലെന്ന് വിമര്‍ശനമുയര്‍ന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു നിവിന്‍ പോളിയുടെ പ്രതികരണം. ‘എല്ലാവരും സഹായിക്കുന്നുണ്ട്. എല്ലാം എല്ലാവരോടും പറഞ്ഞിട്ടാകണമെന്നില്ലല്ലോ. ദുരന്തം നടന്ന സമയം മുതല്‍ ഉറക്കമില്ലാതെ പ്രവര്‍ത്തിച്ച കുറേ സിനിമാ പ്രവര്‍ത്തകരുണ്ട്. പലരും അതൊന്നും പുറത്തു പറഞ്ഞിട്ടില്ല. എല്ലാവരും അവരവരുടേതായ രീതിയില്‍ കൃത്യമായി സഹായിക്കുന്നുണ്ടെന്നു തന്നെയാണ് എന്റെ അറിവ്’, നിവിന്‍ പോളി പറഞ്ഞു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ചതാണ്. സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും തങ്ങളുടേതായ സംഭാവനകള്‍ നല്‍കണമെന്നും നിവിന്‍ പോളി അഭ്യര്‍ത്ഥിച്ചു. ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തുമ്പോഴാണ് നമുക്ക് ദുരിതത്തിന്റെ ആഴം പലപ്പോഴും മനസിലാകുക. ആലുവയിലും മറ്റുമുള്ള ക്യാമ്പുകളില്‍ ഞങ്ങള്‍ സന്ദര്‍ശനം നടത്തിയിരുന്നു. വര്‍ഷങ്ങളായി സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടവരാണ് അവിടെ പലരും. വീടുകളെല്ലാം പൂര്‍ണമായി നശിച്ചു. ഇത്രയും നാള്‍ നമ്മള്‍ ഒരുമിച്ചു നിന്നു, ഇനിയും അതുപോലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നില്‍ക്കണമെന്നും നിവിന്‍ പോളി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ പ്രളയദുരന്തമുണ്ടായപ്പോള്‍ യുവനടന്‍മാര്‍ ആരും സഹായിച്ചില്ലെന്ന് കെ.ബി ഗണേഷ്‌കുമാര്‍ കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു. മലയാളത്തിലെ യുവതാരങ്ങള്‍ ഓരോ സിനിമക്കും കോടികള്‍ പ്രതിഫലം വാങ്ങുന്നവരാണെന്നും കേരളത്തിനൊരു ദുരിതം വന്നപ്പോള്‍ അവരാരും സഹായിച്ചില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

‘നല്ല മനസ്സുള്ളവര്‍ എല്ലായിടത്തുമുണ്ട്. സിനിമാപ്രവര്‍ത്തകരെ നോക്കാം, കോടിക്കണക്കിന് രൂപ ശമ്പളം വാങ്ങുന്ന പല ആളുകളേയും ദുരിതം വന്നപ്പോള്‍ കാണാനില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു പൈസ കൊടുത്തതുമില്ല. ഒരു സിനിമക്ക് രണ്ടും മൂന്നും കോടി രൂപ ശമ്പളം പറ്റുന്ന മലയാളത്തിലെ ചില നടന്‍മാര്‍, ചില യുവനടന്‍മാര്‍ അവരെയൊന്നും കാണാനേയില്ല. വെറും അഞ്ചു ദിവസത്തേക്ക് 35ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന ഹാസ്യനടന്‍മാരുണ്ട്. ഒരു കടയുടെ ഉദ്ഘാടനത്തിന് 30 ലക്ഷം വാങ്ങുന്ന താരങ്ങളുണ്ട്. അവരെയൊന്നും എവിടേയും കണ്ടില്ല. കോടിക്കണക്കിന് രൂപ വാങ്ങുന്നവര്‍ ഫെയ്‌സ്ബുക്കില്‍ എഴുതാനും പ്രസ്താവന കൊടുക്കാനും മാത്രം തയ്യാറാവുമ്പോള്‍ താനതില്‍ പ്രതിഷേധിക്കുകയാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. തുടര്‍ന്നാണ് ഇന്ന് നിവിന്‍പോളിയുടെ പ്രതികരണമുണ്ടായത്.

chandrika: