X
    Categories: CultureMoreViews

നെടുമ്പാശേരി വിമാനത്താവളം തുറന്നു; ഇന്ന് 33 വിമാനങ്ങള്‍ ഇറങ്ങും

നെടുമ്പാശേരി: പ്രളയത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന നെടുമ്പാശേരി വിമാനത്താവളം തുറന്നു. 30 വിമാനങ്ങള്‍ പുറപ്പെടും. ഇന്‍ഡിഗോയുടെ ബെംഗളൂരുവില്‍ നിന്നുള്ള വിമാനം ഉച്ചക്ക് 2.05ന് ഇറങ്ങി. ആദ്യം പറന്നുയുരന്നതും ഈ വിമാനം തന്നെയാണ്. 4.30ന് ഇറങ്ങുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കത്തില്‍ നിന്നുള്ള വിമാനമാണ് ആദ്യ രാജ്യാന്തര സര്‍വീസ്. എതാനും ദിവസത്തിനുള്ളില്‍ എല്ലാ സര്‍വീസുകളും പുനരാരംഭിക്കാന്‍ കഴിയുമെന്ന് എയര്‍പോര്‍ട്ട് ഡയരക്ടര്‍ എ.സി.കെ നായര്‍ അറിയിച്ചു.

ആയിരത്തിലധികം പേര്‍ എട്ടു ദിവസവും 24 മണിക്കൂറും ജോലി ചെയ്താണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാവുന്ന നിലയിലാക്കിയത്. കഴിഞ്ഞ 15നാണ് വിമാനത്താവളം അടച്ചത്. വിമാനത്താവളത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റുമതില്‍ രണ്ടര കിലോമീറ്റര്‍ തകര്‍ന്നു. പാര്‍ക്കിങ് ബേ, ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. റണ്‍വേയില്‍ ചെളി അടിഞ്ഞുകൂടി ഏതാണ്ട് 300 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

അന്താരാഷ്ട്ര, ആഭ്യന്തര ടെര്‍മിനലിലെ കണ്‍വെയര്‍ ബെല്‍റ്റുകളും സ്‌കാനിങ് മെഷീനുകളും വെള്ളം കയറി ഉപയോഗ ശൂന്യമായിരുന്നു. ഇതെല്ലാം പുനഃസ്ഥാപിച്ചതിന് ശേഷമാണ് ഒരിടവേളക്ക് ശേഷം നെടുമ്പാശേരിയില്‍ വിമാനമിറങ്ങുന്നത്. വിമാനത്താവളത്തിലുണ്ടായ നഷ്ടം സംബന്ധിച്ച് അധികൃതര്‍ കണക്കെടുപ്പ് തുടരുകയാണ്. വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ നിന്നാണ് താല്‍ക്കാലികമായി ആഭ്യന്തര സര്‍വീസുകള്‍ നടത്തിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: