X

പ്രഭാസിന്റെ ഗസ്റ്റ് ഹൗസ് പിടിച്ചെടുത്തു

തെലുങ്ക് സിനിമാതാരം പ്രഭാസിന്റെ ഗസ്റ്റ് ഹൗസ് സര്‍ക്കാര്‍ പിടിച്ചെടുത്തു. ഹൈദരാബാദിലെ റായദുര്‍ഗാം മേഖലയിലുള്ള ഗസ്റ്റ് ഹൗസാണ് റവന്യൂ ഉദ്യോഗസ്ഥരെത്തി പിടിച്ചെടുത്തത്. സര്‍ക്കാര്‍ ഭൂമിയിലാണ് പ്രഭാസ് ഗസ്റ്റ് ഹൗസ് നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി. അതേസമയം, സംഭവത്തോട് പ്രഭാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

റായദുര്‍ഗാം മേഖലയില്‍ അനധികൃതമായി നിര്‍മിച്ച മുഴുവന്‍ കെട്ടിടങ്ങളും ഇടിച്ചുനിരത്തുമെന്ന് സെരിലിംഗംപള്ളി തഹസില്‍ദാര്‍ വസുചന്ദ്ര അറിയിച്ചു. സര്‍ക്കാരും സ്വകാര്യ വ്യക്തികളും തമ്മില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഭൂമി തര്‍ക്കത്തില്‍ അനുകൂല വിധിക്കായി ഇരുകൂട്ടരും സുപ്രിംകോടതിയെ സമീപിച്ചിരുന്നു. മൂന്നു മാസം മുമ്പ് ഈ മേഖല മുഴുവനും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് സുപ്രിംകോടതി വിധി വരുന്നത്.

ഇതേത്തുടര്‍ന്ന് അനധികൃതമായി കൈവശംവച്ചിരിക്കുന്ന ഭൂമിയിലെ നിര്‍മാണങ്ങള്‍ ഇടിച്ചുനിരത്തി പിടിച്ചെടുക്കുന്ന നടപടി അധികൃതര്‍ തുടങ്ങിയത്. പ്രഭാസിന്റെ ഗസ്റ്റ് ഹൗസും ഇതേ മേഖലയിലാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഗസ്റ്റ് ഹൗസില്‍ ആരുമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇവര്‍ ഗസ്റ്റ് ഹൗസ് അടച്ചുപൂട്ടി മുദ്രവെക്കുകയായിരുന്നു.

chandrika: