X

ഇടത് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കും; മുസ്‌ലിംലീഗ്

ഇടത് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് മുസ്ലിംലീഗ് നേതാക്കള്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു നേതാക്കള്‍. കേരളത്തെ ഈ അവസ്ഥയിലെത്തിച്ചത് ഇടതുപക്ഷ സര്‍ക്കാരാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തൃക്കാക്കരയില്‍നിന്ന് പാഠം പഠിക്കാത്തവര്‍ക്കെതിരെ മുസ്ലിംലീഗും യു.ഡി.എഫും പ്രക്ഷോഭം ശക്തമാക്കും. യൂത്ത് ലീഗ് സംസ്ഥാനമൊട്ടാകെ പ്രക്ഷോഭത്തിലാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളെ ഭയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാനാണ് മുസ്ലിംലീഗ് ശ്രമിക്കുന്നതെന്നും ഫാസിസത്തിനെതിരെ ധര്‍മ്മയുദ്ധം നടത്തേണ്ടതുണ്ടെന്നും മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. കാണ്‍പൂരില്‍ പ്രശ്നമുണ്ടാക്കാന്‍ പോയതല്ല. സൗഹാര്‍ദ്ദത്തിന്റെ സന്ദേശം എത്തിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, പോലീസ് സമ്മതിച്ചില്ല. സഞ്ചാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും വിലക്കുന്ന നടപടിക്കെതിരെ ജനാധിപത്യ ശക്തികള്‍ ശബ്ദമുയര്‍ത്തണം.- അദ്ദേഹം പറഞ്ഞു.പിണറായി വിജയന്‍ ജനങ്ങളെയും മാധ്യമങ്ങളെയും ഭയപ്പെടുന്ന നേതാവാണെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എം.എ സലാം പറഞ്ഞു. ജനങ്ങളില്‍നിന്ന് ഗവണ്‍മെന്റ് ഒളിച്ചോടുകയാണ്. ഇടത് സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ പ്രവണതക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Chandrika Web: