X

വിഴിഞ്ഞം: വഴിമുട്ടി സര്‍വകക്ഷിയോഗം

തിരുവനന്തപുരം: സര്‍ക്കാരും സമരസമിതിയും കടുംപിടുത്തം തുടരുന്ന സാഹചര്യത്തില്‍ കലുഷിതമായി വിഴിഞ്ഞം. സമരസമിതി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ കടന്നുകയറി പ്രതിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു. അക്രമത്തെ യോഗം പൊതുവില്‍ അപലപിച്ചെങ്കിലും സമരസമിതി മുന്നോട്ടുവെച്ച വിഷയങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. സമാധാന അന്തരീക്ഷം ഉണ്ടാകണമെന്ന് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. എന്നാല്‍ തുറമുഖ നിര്‍മ്മാണം പുനരാരംഭിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ സമരസമിതി എതിര്‍ത്തു. സ്വഭാവിക പ്രതികരണമാണ് സമരക്കാരില്‍ നിന്നുണ്ടായതെന്നും പൊലീസ് നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ‘ചര്‍ച്ചയുടെ ഫലമെന്തെന്ന് അറിയില്ല’ എന്നാണ് ചര്‍ച്ചക്ക് ശേഷം വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം അക്രമം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ യോഗത്തില്‍ വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ചെയ്യുന്ന ലത്തിന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് നെറ്റോ ഉള്‍പെടെയുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുക്കുകയും അഞ്ച് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെയാണ് സമരസമിതി പ്രവര്‍ത്തകര്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം അക്രമത്തില്‍ കലാശിച്ചതോടെ പ്രദേശം കനത്ത പൊലീസ് വലയത്തിലാണ്. പൊലീസുകാരെ ആക്രമിക്കുകയും പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്ത സമരക്കാര്‍ ക്രമസമാധാനം തകര്‍ത്ത സാഹചര്യത്തിലാണ് ജില്ലാ കലക്ടറുടെയും മന്ത്രി ജി.ആര്‍ അനിലിന്റെയും നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചത്. എന്നാല്‍ സമരസമിതി മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി ലഭിക്കാതായതോടെ യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു. എന്നാല്‍ സമരസമിതി ഒഴികെ മറ്റെല്ലാവരും യോഗത്തില്‍ പദ്ധതിയെ പിന്തുണക്കുകയാണുണ്ടായതെന്ന് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. വിഴിഞ്ഞത്ത് സംഘര്‍ഷത്തിന് അയവുവന്നിട്ടുണ്ടെങ്കിലും പ്രതിഷേധം തുടരുകയാണ്.

വിഴിഞ്ഞം സമരത്തോട് സര്‍ക്കാര്‍ കാണിക്കുന്നത് നിഷേധാത്മക നിലപാടെന്ന് കെ.സി.ബി.സി കുറ്റപ്പെടുത്തി. സമരക്കാരെ കൂടുതല്‍ പ്രകോപിപ്പിക്കാനാണ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ശ്രമിക്കുന്നത്. സര്‍ക്കാര്‍ വിവേകത്തോടെ പെരുമാറണം. ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത് ദുരുദ്ദേശപരമാണ്. ഇത്തരം കേസുകള്‍ക്കൊണ്ട് സമരത്തെ അടിച്ചമര്‍ത്താനാവില്ല. കേസുകള്‍കൊണ്ടോ ഭീഷണികൊണ്ടോ സമരത്തില്‍ നിന്ന് പിന്‍മാറില്ല. മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരേയും കെ.സി.ബി.സി വിമര്‍ശനമുന്നയിച്ചു. മന്ത്രിമാര്‍ പ്രകോപനപരമായും സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന വിധത്തിലും സംസാരിക്കരുത്. വര്‍ഗീയ ധ്രുവീകരണത്തിന് കാരണമാവുന്ന വിധം പ്രതികരിക്കരുതെന്നും കെ.സി.ബി.സി വക്താവ് ഫാ.ജേക്കബ് ജി പാലക്കാപ്പിള്ളി പറഞ്ഞു

Chandrika Web: