X

മദ്യനയം: സര്‍ക്കാറിന് ജനകീയ വിചാരണ നേരിടേണ്ടിവരുമെന്ന് ടി.എ അഹമ്മദ് കബീര്‍

തിരുവനന്തപുരം: മദ്യലഭ്യത വര്‍ധിപ്പിക്കുന്ന പുതിയ മദ്യനയം നടപ്പാക്കിയതിന് ഇടതുമുന്നണി സര്‍ക്കാര്‍ വലിയവില നല്‍കേണ്ടിവരുമെന്ന് ടി.എ അഹമ്മദ് കബീര്‍ നിയമസഭയില്‍ പറഞ്ഞു. മദ്യശാലകള്‍ക്ക് മേല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം എടുത്തുകളയാന്‍ വ്യവസ്ഥ ചെയ്യുന്ന കേരള മുന്‍സിപ്പിലാറ്റി ഭേദഗതി ബില്ലിനെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുസര്‍ക്കാറിന്റെ നീക്കം നിര്‍ഭാഗ്യകരവും ജനങ്ങളോടും സ്ത്രീകളോടുമുള്ള വെല്ലുവിളിയുമാണ്. യുവാക്കള്‍ മദ്യത്തിന് അടിമപ്പെട്ട് ജീവിച്ചാലും തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. മലയാളികള്‍ സര്‍ക്കാറിന്റെ ഈ ഭേദഗതി നീക്കത്തെ തള്ളിക്കളയും. ജനകീയ കോടതി സര്‍ക്കാറിനെ വിചാരണ ചെയ്യുന്ന സ്ഥിതിവരും. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ വിഷയം യു.ഡി.എഫ് ജനങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിപ്പിടിക്കും. ജനകീയ പ്രക്ഷോഭമായി ഇക്കാര്യം യു.ഡി.എഫ് ഏറ്റെടുക്കുമെന്നും അഹമ്മദ് കബീര്‍ പറഞ്ഞു.
മദ്യമൊഴുക്കാന്‍വേണ്ടി പ്രാദേശിക ഭരണകൂടങ്ങളുടെ അധികാരം കവരുന്ന സര്‍ക്കാറിന്റെ നടപടി നിര്‍ഭാഗ്യകരമാണ്. നിയമസഭയില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്നും അതുകൊണ്ട് എന്തും ചെയ്യാമെന്നുമുള്ള വെല്ലുവിളിയാണ് സര്‍ക്കാര്‍ നടത്തുന്നത് – കബീര്‍ കുറ്റപ്പെടുത്തി.

chandrika: