X

‘ജയലളിതയെ ആരോ പിടിച്ചു തള്ളി’; മരണത്തില്‍ ദുരൂഹതയെന്ന് പി.എച്ച് പാണ്ഡ്യന്‍

ചെന്നൈ: വി.കെ ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ എ.ഐ.എ.ഡി.എം.കെയില്‍ പൊട്ടിത്തെറി. മുതിര്‍ന്ന നേതാവ് പി.എച്ച് പാണ്ഡ്യന്‍, മകനും രാജ്യസഭാംഗവുമായ മനോജ് പാണ്ഡ്യന്‍ എന്നിവരാണ് പാര്‍ട്ടി തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്. പാര്‍ട്ടി സ്ഥാപകന്‍ എം.ജി.ആറോ അന്തരിച്ച മുഖ്യമന്ത്രി ജയലളിതയോ ഇത്തരമൊരു നീക്കം ആഗ്രഹിച്ചിട്ടില്ലെന്ന് ചെന്നൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഇരുവരും പറഞ്ഞു.

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഇരുവരും പറഞ്ഞു. ”ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് തലേ ദിവസം പോയസ് ഗാര്‍ഡനില്‍ വഴക്കുണ്ടായി. ഇതിനിടെ ആരോ ജയലളിതയെ പിടിച്ചു തള്ളുകയും അവര്‍ നിലത്ത് വീഴുകയും ചെയ്തു. അപ്പോളോ ആസ്പത്രിയില്‍ ജയലളിതക്ക് നല്‍കിയ ചികിത്സ സംബന്ധിച്ചും ദുരൂഹതകളുണ്ട്. അസ്വാഭാവിക മരണമാണ് ജയലളിതയുടേത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയേക്കുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. ചോ രാമസ്വാമിയുമായുള്ള സംഭാഷണത്തിനിടയിലും ഇതേക്കുറിച്ച് തനിക്ക് സൂചന ലഭിച്ചിരുന്നു. ജയയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച സെപ്തംബര്‍ 22 മുതല്‍ താന്‍ നിശബ്ദനായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസമായി നടക്കുന്ന സംഭവങ്ങള്‍ മൗനം ഭഞ്ജിക്കാന്‍ തന്നെ നിര്‍ബന്ധിതനാക്കുകയാണെ”ന്ന് തമിഴ്‌നാട് മുന്‍ സ്പീക്കര്‍ കൂടിയായ പി.എച്ച് പാണ്ഡ്യന്‍ പറഞ്ഞു.
”ശശികലയെ മുഖ്യമന്ത്രിയാക്കുന്നതില്‍ പല എം.എല്‍.എമാര്‍ക്കും എതിര്‍പ്പുണ്ട്. എന്നാല്‍ അത് തുറന്നു പറയുന്നില്ല എന്നേയുള്ളൂ. പാര്‍ട്ടി ഭരണഘടന പ്രകാരം ജനറല്‍ സെക്രട്ടറിയോ മുഖ്യമന്ത്രിയോ ആകാനുള്ള യോഗ്യത ശശികലക്കില്ല. പാര്‍ട്ടി കേഡര്‍മാര്‍ മാത്രമേ ജനറല്‍ സെക്രട്ടറിയാകാവൂ എന്നാണ് വ്യവസ്ഥ. 2011ല്‍ മുഖ്യമന്ത്രി കസേരയില്‍നിന്ന് അമ്മയെ പുറത്താക്കാന്‍ വേണ്ടി ഗൂഢാലോചന നടത്തിയയാളാണ് ശശികല. ഇതേതുടര്‍ന്ന് ശശികലയേയും അടുത്ത ബന്ധുക്കളേയും ജയലളിത പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതാണ്. പിന്നീട് തിരിച്ചെടുത്തെങ്കിലും രാഷ്ട്രീയത്തില്‍ ശശികല ഇടപെടില്ലെന്ന് ജയലളിത പറഞ്ഞിരുന്നു.
താല്‍ക്കാലിക ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കേണ്ടി വന്നാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെ പരിഗണിക്കണമെന്നാണ് വ്യവസ്ഥ. ശശികലക്കു വേണ്ടി ഈ നിര്‍ദേശവും അട്ടിമറിച്ചു. ഇത്തരത്തില്‍ കൈയടക്കുന്ന പദവി ഒരിക്കലും സ്ഥായിയാരിക്കില്ലെന്ന്” എ.ഐ.എ.ഡി.എം.കെ രാജ്യസഭാംഗമായ മനോജ് പാണ്ഡ്യന്‍ പറഞ്ഞു.

തന്റെ സ്വത്ത് മുഴുവന്‍ ജനങ്ങള്‍ക്കുള്ളതാണെന്ന് ജയലളിത 1996ല്‍ പരസ്യമായി പ്രഖ്യാപിച്ചതാണ്. അന്ന് പാര്‍ട്ടിയുടെ നിയമോപദേശകന്‍ കൂടിയായിരുന്നു താന്‍. എന്നാല്‍ ഇന്ന് ജയയുടെ സ്വത്ത് മുഴുവന്‍ ശശികല കൈയടക്കി വെച്ചിരിക്കുകയാണ്. ശശികലയെ ജനറല്‍ സെക്രട്ടറിയാക്കാനുള്ള നീക്കത്തെ തുടക്കം മുതല്‍ പാര്‍ട്ടിക്കകത്ത് താന്‍ എതിര്‍ത്തിരുന്നു. അവര്‍ ഒരിക്കലും മുഖ്യമന്ത്രി ആകാന്‍ പാടില്ലാത്തതാണ്. ഈ സത്യപ്രതിജ്ഞ നടക്കരുതെന്നും പി.എച്ച് പാണ്ഡ്യന്‍ കൂട്ടിച്ചേര്‍ത്തു. ഈ മാസം 24ന് ഭാവി പരിപാടികള്‍ വിശദീകരിക്കുമെന്ന് ഇരുവരും പറഞ്ഞു.
ശശികലയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിനെതിരെ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ കെ.പി മുനുസ്വാമിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട മറ്റൊരു രാജ്യസഭാംഗം ശശികല പുഷ്പ നേരത്തെതന്നെ വി.കെ ശശികലക്കെതിരെ നിയമയുദ്ധത്തിലാണ്.

chandrika: