X

എഐഡിഎംകെയില്‍ പൊട്ടിത്തെറി; തുറന്നടിച്ച് പനീര്‍സെല്‍വം

ചെന്നൈ: അണ്ണാ ഡി.എം.കെയില്‍ പൊട്ടിത്തെറി. നിയുക്ത മുഖ്യമന്ത്രി വി.കെ ശശികലക്കെതിരെ ആഞ്ഞടിച്ച് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായിരുന്ന ഒ പന്നീര്‍ശെല്‍വം രംഗത്തെത്തി. ഇന്നലെ രാത്രി 10.30ഓടെയാണ് അണ്ണാനഗറിലെ ജയലളിതയുടെ ശവകുടീരത്തിനു സമീപം നടത്തിയ ഒരു മണിക്കൂര്‍ നീണ്ട ധ്യാനത്തിനു ശേഷം നിര്‍ണായക വെളിപ്പെടുത്തലുകളുമായി പന്നീര്‍ശെല്‍വം മാധ്യമങ്ങളെ കണ്ടത്.
ധ്യാനത്തിനിടെ അമ്മയുടെ ആത്മാവ് തന്നോട് സംവദിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് പന്നീര്‍ശെല്‍വം സംസാരം തുടങ്ങിയത്. തന്നെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് താഴെയിറക്കാന്‍ ആസൂത്രിത ശ്രമം നടന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. ”അമ്മയുടെ മരണത്തിനു പിന്നാലെതന്നെ ശശികല മുഖ്യമന്ത്രിയാകുമെന്ന് ചില കോണുകളില്‍നിന്ന് പ്രചാരണം ഉയര്‍ന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന് പാര്‍ട്ടിയിലെ ചിലര്‍ തന്നോട് ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ ഐക്യം മുന്നില്‍ കണ്ടാണ് പല തീരുമാനങ്ങളും എടുത്തത്. എന്നാല്‍ അത് തെറ്റാണെന്ന് ഇപ്പോള്‍ തോന്നുന്നു. ജനങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഒരാള്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നതില്‍ തനിക്ക് താല്‍പര്യമില്ല. മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നവര്‍ ജനപിന്തുണയുള്ളവരായിരിക്കണമെന്നും” പന്നീര്‍ശെല്‍വം പറഞ്ഞു.
”ശശികലയെ എ.ഐ.എ. ഡി.എം.കെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് ജയലളിത ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. കഴിഞ്ഞ കുറേ മാസങ്ങളായി വിശദീകരിക്കാനാവാത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് താന്‍ കടന്നുപോകുന്നത്. റവന്യു മന്ത്രി ഉദയകുമാറാണ് ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന് പാര്‍ട്ടിയില്‍ ശക്തമായി ആവശ്യപ്പെടുകയും തന്നോട് രാജിവെക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തത്. അമ്മയുടെ മരണത്തോടെ പാര്‍ട്ടി തകരരുതെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് പലരുടേയും താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയത്. എന്നാല്‍ ആ തീരുമാനങ്ങള്‍ തെറ്റായിപ്പോയി. പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി നിലകൊള്ളും. തനിച്ചുനിന്ന് പോരാടുമെന്നും വേണ്ടി വന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള രാജി തീരുമാനം പിന്‍വലിക്കുമെന്നും” പന്നീര്‍ശെല്‍വം കൂട്ടിച്ചേര്‍ത്തു. അതേസമയം ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകളിലേക്കൊന്നും സംസാരത്തിനീടെ പന്നീര്‍ശെല്‍വം കടന്നില്ല.
ജയലളിതയുടെ മരണത്തിനു പിന്നാലെ എ.ഐ.എ.ഡി.എം.കെ പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന വ്യക്തമായ സൂചന നല്‍കുന്നതാണ് പന്നീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തലുകള്‍. ജയലളിതയുടെ മരണത്തിനു മുമ്പുതന്നെ പാര്‍ട്ടിയില്‍ ഉരുണ്ടുകൂടിയ അഭിപ്രായഭിന്നതയാണ് ഇന്നലെ പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്. മുതിര്‍ന്ന നേതാവും മുന്‍ നിയമസഭാ സ്പീക്കറുമായിരുന്ന പി.എച്ച് പാണ്ഡ്യന്‍, രാജ്യസഭാംഗം മനോജ് പാണ്ഡ്യന്‍, മുന്‍ മന്ത്രി കെ.പി മുനുസ്വാമി എന്നിവരും ഇന്നലെ ശശികലക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അഴിമതി ആരോപണങ്ങളെതുടര്‍ന്ന് രണ്ടുതവണ ജയളിലതക്ക് മുഖ്യമന്ത്രി പദത്തില്‍നിന്ന് മാറിനില്‍ക്കേണ്ടി വന്നപ്പോഴും പകരക്കാരനായി സംസ്ഥാന ഭരണത്തിന് ചുക്കാന്‍പിടിച്ച പന്നീര്‍ശെല്‍വം കൂടി രംഗത്തെത്തിയത്.
ഞായറാഴ്ച ചേര്‍ന്ന എ.ഐ.എ.ഡി.എം.കെ നിയമസഭാ കക്ഷി യോഗം ശശികലയെ കക്ഷി നേതാവായി തെരഞ്ഞെടുക്കുകയും മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തൊട്ടു പിന്നാലെയാണ് പന്നീര്‍ശെല്‍വം ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് രാജിക്കത്ത് കൈമാറിയത്. രാജി ഗവര്‍ണര്‍ സ്വീകരിച്ചതോടെ ശശികലയുടെ സത്യപ്രതി്ജ്ഞക്കുള്ള ഒരുക്കങ്ങള്‍ ചെപ്പോക്കിലുള്ള മദ്രാസ് യൂണിവേഴ്‌സിറ്റി സെന്റിനറി ഹാളില്‍ തകൃതിയായി നടന്നുവരുന്നതിനിടെയാണ് പന്നീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ പുതിയ അട്ടിമറി നീക്കം നടന്നത്.
ജയലളിതയുടെ മരണത്തോടെ ശശികലയുടെ സഹോദരങ്ങള്‍ ഉള്‍പ്പെട്ട മന്നാര്‍ഗുഡി മാഫിയ തമിഴക രാഷ്ട്രീയത്തിന്റെ നിയന്ത്രണം കൈവശപ്പെടുത്താന്‍ നീക്കം തുടങ്ങിയതായി ആരോപണം ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ശശികലയെ ആദ്യം എ.ഐ.എ.ഡി.എം. കെ ജനറല്‍ സെക്രട്ടറി സ്ഥാനത്തും അധികം വൈകാതെ മുഖ്യമന്ത്രി സ്ഥാനത്തും അവരോധിക്കാന്‍ നീക്കം നടന്നത്. എന്നാല്‍ പന്നീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തലോടെ തമിഴക രാഷ്ട്രീയം കൂടുതല്‍ സങ്കീര്‍ണമാവുകയാണ്.

chandrika: