X

തമിഴ്‌നാട്ടില്‍ ജനഹിതം അട്ടിമറിക്കപ്പെടരുത്

തമിഴ്‌നാട്ടില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം തീര്‍ത്തും ആശ്വസിക്കാനാവാത്തതായിരിക്കുന്നു. കഴിഞ്ഞ പതിനൊന്നു വര്‍ഷത്തോളമായി സംസ്ഥാനം ഭരിക്കുന്ന അഖിലേന്ത്യാ അണ്ണാദ്രാവിഡ മുന്നേറ്റ കഴകം ജനറല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുമായ ജയലളിത ജയറാം 2016 ഡിസംബര്‍ അഞ്ചിന് രണ്ടര മാസം നീണ്ട ആസ്പത്രി വാസത്തിനൊടുവില്‍ മരണപ്പെട്ടതിനെതുടര്‍ന്നുള്ള അധികാര തലത്തിലെ അനിശ്ചിതത്വം ഈ നിമിഷവും തുടരുകയാണ്. ഇതിനിടെ ഈ കലക്കവെള്ളത്തിനു മുന്നില്‍ വലയുമായി അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് രാഷ്ട്രീയ ഭൈമാകീമുകന്മാര്‍.
ജയലളിതയുടെ മരണത്തിന് അണ്ണാഡി.എം.കെ മുന്‍നേതാവും സ്പീക്കറുമായ പി.എച്ച് പാണ്ഡ്യന്‍ അടക്കമുള്ള നേതാക്കള്‍ കുറ്റപ്പെടുത്തുന്നത് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും നിയമസഭാകക്ഷി നേതാവുമായ ജയയുടെ തോഴി വി.കെ ശശികലയെയാണ്. അപ്പോളോ ആസ്പത്രി അധികൃതരും പാര്‍ട്ടിനേതൃത്വവും പക്ഷേ ഇത് നിഷേധിച്ചിട്ടുണ്ട്്. ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനില്‍ ജയലളിതയുമായി ശശികല വാക്കേറ്റം നടത്തിയെന്നും തള്ളിയിട്ടെന്നും തുടര്‍ന്നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്നുമാണ് പാണ്ഡ്യനും മറ്റൊരു നേതാവ് മനോജ് പാണ്ഡ്യനും പറയുന്നത്. മുപ്പതു വര്‍ഷത്തിലധികമായി ജയലളിതയുടെ ജീവിത സഹായിയായി തുടരുകയായിരുന്നു ശശികലയെങ്കിലും രണ്ടുതവണ ഏതാനും മാസങ്ങള്‍ക്ക് ശശികലയെയും ഭര്‍ത്താവിനെയും ജയലളിത തന്നില്‍ നിന്ന് അകറ്റിനിര്‍ത്തുകയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നുവെന്നത് പ്രധാനമാണ്. മാത്രമല്ല, ജയലളിത ജയിലിലായപ്പോഴുള്‍പ്പെടെ മൂന്നു തവണ പകരം മുഖ്യമന്ത്രിച്ചുമതല നല്‍കിയത് മന്ത്രി ഒ. പനീര്‍ശെല്‍വത്തിനായിരുന്നു. ഒരു ഭാരവാഹിത്വവും പാര്‍ട്ടിയിലോ ഒരു ഔദ്യോഗിക സ്ഥാനം സര്‍ക്കാരിലോ വഹിക്കാത്ത ശശികലയെ ജയലളിത മരിച്ച് ഇരുപത്തഞ്ചാം ദിവസം പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതും കഴിഞ്ഞ ഞായറാഴ്ച പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതും ഐകകണ്‌ഠ്യേനയാണെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും അത്ര സുഗമമല്ല കാര്യങ്ങളെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.
ശശികലയെ പിന്തുണച്ച് അണികള്‍ പുറത്തുവരുന്നില്ല എന്നതു മാത്രമല്ല അവര്‍ക്കെതിരെ ജയലളിത മല്‍സരിച്ചു വിജയിച്ച ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ നിന്നുപോലും വന്‍ പ്രതിഷേധമാണ് ഉയരുന്നത്. നാല്‍പതോളം എം.എല്‍.എമാര്‍ ശശികലയെ എതിര്‍ക്കുന്നുവെന്നും വാര്‍ത്തയുണ്ട്. ഇന്നലെയോ നാളെയോ സത്യപ്രതിജ്ഞ ചെയ്യാമെന്ന കണക്കുകൂട്ടലിലായിരുന്ന ശശികലയെ വെട്ടിലാക്കി ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ചെന്നൈയിലേക്ക് വരുന്നില്ല എന്നത് ദുരൂഹതയായി നിലനില്‍ക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നോമിനിയായ ഗവര്‍ണര്‍ക്ക് മഹാരാഷ്ട്രയുടെ കൂടി ചുമതലയുണ്ടെങ്കിലും ഒരു സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യാമെന്ന് പറയുമ്പോള്‍ അത് നിറവേറ്റിക്കൊടുക്കേണ്ട ഭരണഘടനാബാധ്യത ഗവര്‍ണര്‍ക്കുണ്ട്. എന്നാല്‍ ജയലളിത മരണപ്പെട്ട ദിവസം ചുമതലയേറ്റ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം രാജിക്കത്ത് നല്‍കിയതോടെ ഇല്ലാതായ സര്‍ക്കാരിനുപകരം സംവിധാനം വരെ തുടരണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് ഗവര്‍ണര്‍. മാത്രമല്ല, ശശികലയുടെ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സുപ്രീംകോടതിയുടെ വിധി അടുത്തയാഴ്ച വരാനിരിക്കുന്നതിനാല്‍ അതുസംബന്ധിച്ച് സോളിസിറ്റര്‍ ജനറലിന്റെ അഭിപ്രായം തേടിയിരിക്കയാണ് ഗവര്‍ണറത്രെ. ഇതിനുപിന്നില്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ കറുത്ത കൈകളാണ് സംശയിക്കപ്പെടുന്നത്. ബി.ജെ.പിക്ക് ഒരു എം.എല്‍.എ പോലുമില്ലാത്ത തമിഴ്‌നാട്ടില്‍ എങ്ങനെയും ഇപ്പോഴത്തെ പ്രതിസന്ധി മുതലെടുക്കാനാണ് അവരുടെ ഉന്നം. സത്യപ്രതിജ്ഞ വൈകിക്കുന്നതിലൂടെ കൂടുതല്‍ വിമതരെ അണ്ണാ ഡി.എം.കെയില്‍ സൃഷ്ടിച്ചെടുക്കാമെന്ന് ബി.ജെ.പി കരുതുന്നുണ്ടാവണം. അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും.
ദ്രാവിഡ രാഷ്ട്രീയത്തിന്റെ വിളനിലമാണ് കഴിഞ്ഞ അമ്പതുകൊല്ലത്തിലധികമായി തമിഴ് രാഷ്ട്രീയം. ബ്രാഹ്മണ സവര്‍ണ വിരോധവും ദലിത് പിന്നാക്ക ജനതയോടുള്ള ആഭിമുഖ്യവുമാണ് അതിന്റെ കാതല്‍. ദക്ഷിണേന്ത്യയില്‍ പടര്‍ന്നുകിടക്കുന്ന, ഇന്ത്യയിലെ പുരാതന സമൂഹമെന്ന് കരുതപ്പെടുന്ന ദ്രാവിഡ ജനതയുടെ വേരുകള്‍ ആണ്ടുകിടക്കുന്നത് തമിഴ്‌നാട്ടിലാണ്. ഇവിടെ സ്വാതന്ത്ര്യ സമര കാലത്തും പിന്നീടും കോണ്‍്ര്രഗസ് ഭരണം നടത്തുകയും നിരവധി മഹാരഥന്മാരായ നേതാക്കളെ ദേശീയ പ്രസ്ഥാനത്തിന് സംഭാവന നല്‍കുകയും ചെയ്തിട്ടുണ്ട്. സി. രാജഗോപാലാചാരി, കാമരാജനാടാര്‍, പെരിയാര്‍ ഇ.വി രാമസ്വാമിനായ്ക്കര്‍, അണ്ണാദുരൈ തുടങ്ങിയവര്‍ ഈ ശ്രേണിയില്‍ പെടുന്നു. 1960കളിലാണ് ദേശീയ മുഖ്യധാരയില്‍ നിന്ന് വേറിട്ട് അണ്ണാദുരൈ ദ്രാവിഡ മുന്നേറ്റ കഴകം രൂപവത്കരിക്കുന്നതും അത് തമിഴന്റെ സ്വത്വബോധമായി വളരുന്നതും. കെ. കരുണാനിധിയും എം.ജി രാമചന്ദ്രനും ജെ. ജയലളിതയും തമിഴ്‌നാട് ഭരിച്ചു. മലയാളിയായ തമിഴ് നടന്‍ എം.ജി.ആര്‍ രൂപീകരിച്ച അണ്ണാദ്രാവിഡ മുന്നേറ്റ കഴകമാണ് ഇപ്പോഴത്തെ ഭരണകക്ഷി.
ജയലളിതയുടെ ഭരണമാണ് താന്‍ നടത്തുകയെന്നാണ് ശശികല കഴിഞ്ഞ ദിവസം ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പെങ്കിലും അവരുടെ വിശ്വസ്തയായ സീനിയര്‍ ഐ.എ.എസ് ഓഫീസര്‍ ഷീല ബാലകൃഷ്ണന്‍ രാജിവെച്ചത് എന്തിനെന്ന ചോദ്യവും പ്രസക്തമാണ്. മാത്രമല്ല, പനീര്‍ശെല്‍വം കഴിഞ്ഞ രണ്ടുമാസം കൈക്കൊണ്ട ജല്ലിക്കെട്ട് വിഷയത്തിലടക്കമുള്ള ഭരണ നടപടികള്‍ വലിയ എതിര്‍പ്പുകള്‍ സൃഷ്ടിച്ചിട്ടുമില്ല. ഇത്തരമൊരു ഘട്ടത്തില്‍ ജനാധിപത്യത്തിന് ഒരുവിധ പോറലുമേല്‍ക്കാത്തവിധം പുതിയ മുഖ്യമന്ത്രിയെയോ സര്‍ക്കാരിനെയോ തെരഞ്ഞെടുക്കാന്‍ കഴിയുന്ന സാഹചര്യമാണ് ഉണ്ടാകേണ്ടത്. അധികാരം ദുഷിപ്പിക്കും; അമിതാധികാരം അമിതമായി ദുഷിപ്പിക്കുമെന്നാണ് ചൊല്ല്. അധികാരത്തിലേക്കുള്ള വഴികളും അതുകൊണ്ടുതന്നെ ദൂഷ്യത നിറഞ്ഞതായിരിക്കും. ഇക്കാര്യത്തില്‍ പരിപക്വമായ ജനാധിപത്യ മര്യാദകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് കേന്ദ്രവും ഗവര്‍ണറും പിന്നെ ജനങ്ങളുമാണ്. മൊത്തമുള്ള 234 സീറ്റില്‍ പ്രതിപക്ഷമായ ഡി.എം.കെയുടെ 98 അംഗങ്ങളില്‍ എ.ഡി.എം.കെ വിമതരുടെ പിന്തുണ ലഭിച്ചാല്‍ ബദല്‍ സര്‍ക്കാരിന് കളമൊരുങ്ങും. ഒരുവിധ രാഷ്ട്രീയ പരിചയവുമില്ലാത്ത ജയയുടെ സഹോദര പുത്രി ദീപ ജയകുമാറിന്റെ നീക്കങ്ങള്‍ക്കും 2.86 ശതമാനം മാത്രം വോട്ടുള്ള ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിനും ഇവിടെ ഇടമില്ല. അതുകൊണ്ട് അര നൂറ്റാണ്ടായുള്ള താരരാഷ്ട്രീയത്തില്‍ നിന്ന് തമിഴ് ജനതയെ യാഥാര്‍ഥ്യ ലോകത്തേക്കു നയിക്കാന്‍ പറ്റിയ സമയമാണിത്. ജനാധിപത്യത്തില്‍ ജനകീയ ഹിതമായിരിക്കണം എല്ലാത്തിനും മുകളിലെന്നിരിക്കെ മറ്റുള്ള കുടില നീക്കങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും ചെറുത്തുതോല്‍പിക്കുക തന്നെ വേണം.

chandrika: