X

സംഘര്‍ഷം സങ്കീര്‍ണമാക്കി അണ്വായുധ പ്രശ്‌നവും

കെ. മൊയ്തീന്‍കോയ

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ വിലക്കുകളും വിവാദങ്ങളും സാര്‍വദേശീയ രംഗത്ത് സൃഷ്ടിക്കുന്ന സംഘര്‍ഷത്തോട് ചേര്‍ത്ത് വായിക്കാന്‍ ‘അണ്വായുധ’ പ്രശ്‌നങ്ങളും ഉയര്‍ന്നുവരുന്നു. ചൈനയും ഇറാനും മിസൈല്‍ പരീക്ഷണം നടത്തിയതും ഉത്തര കൊറിയയുടെ അണ്വായുധ ഭീഷണിയും കൂടുതല്‍ ഭയാനകതയിലേക്കാണ് ലോക സമൂഹത്തെ തള്ളിവിടുന്നത്.
പത്ത് അണ്വായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ (ഡോങ്‌ഫെങ്-5.സി) പരീക്ഷണ വിക്ഷേപണം ചൈന നടത്തിയതായി അമേരിക്കന്‍ രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ സമ്മതിക്കുന്നു. 12000 കിലോമീറ്ററിലും അകലെയുള്ള ലക്ഷ്യങ്ങളില്‍ ആണവ യുദ്ധം നടത്താന്‍ ചൈനക്ക് ഇത്‌വഴി കഴിയും. അമേരിക്കക്കും അപ്പുറമാണ് ദൂരപരിധി. ചൈനയുടെ ശേഖരത്തില്‍ 250 ആണവ പോര്‍മുനകള്‍ ഉണ്ടെന്നും അമേരിക്ക മനസ്സിലാക്കിയിട്ടുണ്ട്. ചൈനക്കെതിരായ ട്രംപിന്റെ വാക് യുദ്ധവും കരുനീക്കവും സൃഷ്ടിച്ചേക്കാവുന്ന സംഘര്‍ഷ സാധ്യത തിരിച്ചറിഞ്ഞാണത്രെ ചൈനീസ് നേതൃത്വത്തിന്റെ തയാറെടുപ്പ്. ‘ഏക ചൈന’ നിലപാടില്‍ നിന്ന് മാറാനുള്ള ട്രംപിന്റെ ശ്രമം ചൈനീസ് നേതൃത്വത്തെ രോഷം കൊള്ളിച്ചു. തായ്‌വാന്‍ നേതൃത്വവുമായി നേരിട്ട് നടത്തിയ ചര്‍ച്ചയും അവരെ അംഗീകരിക്കുമെന്നുള്ള ട്രംപിന്റെ സമീപനവും ചൈനയെ ചൊടിപ്പിക്കുകയുമുണ്ടായി. റഷ്യയുമായി സൗഹൃദത്തിന് ശ്രമിക്കുമ്പോള്‍ തന്നെ ചൈനയെ അകറ്റുകയും അവരുടെ വാണിജ്യ താല്‍പര്യത്തെ ക്ഷീണിപ്പിക്കുകയും ചെയ്യാനാണ് ട്രംപിന്റെ ശ്രമം. അമേരിക്കയുമായി ഏറ്റുമുട്ടലിന്റെയും സംഘര്‍ഷത്തിന്റെയും സാധ്യതയാണ് ചൈനീസ് നേതൃത്വം കാണുന്നത്. ട്രംപിന്റെ അപക്വ നിലപാടുകള്‍ സംഘര്‍ഷം ക്ഷണിച്ചുവരുത്തുന്നവിധവുമാണല്ലോ.

റഷ്യയെ ഒപ്പം നിര്‍ത്താനാണ് ട്രംപ് തുടക്കം മുതല്‍ക്കേ ശ്രമിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ട്രംപ് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡ്മിര്‍ പുടിനുമായി സൗഹൃദം കാണിച്ചു. അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യ നടത്തിയ നീക്കം അന്നത്തെ പ്രസിഡണ്ട് ബറാക് ഒബാമയുടെ കടുത്ത പ്രതിഷേധത്തിന് കാരണമായി. റഷ്യക്കെതിരെ ഉപരോധത്തിന് പോലും ഒബാമ തയാറായിട്ടുണ്ട്. ട്രംപിന്റെ വിജയത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്ന ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദം, റഷ്യയുടെ ഉപജാപത്തിന്റെ ഫലമാണെന്ന് ഒബാമയും ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനും ഉറച്ച് വിശ്വസിച്ചു. ട്രംപിനെ പുട്ടിന്‍ നേരത്തെ വലയിലാക്കിയതായും ട്രംപിനെ വിഷമവൃത്തത്തിലാക്കുന്ന രേഖകള്‍ റഷ്യന്‍ നേതൃത്വത്തിന്റെ വശമുണ്ടെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിനും അറിയാം. അധികാരം ഏറ്റെടുത്തശേഷം ട്രംപ് സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ച റെക്‌സ് ടിലേഴ്‌സന്‍ റഷ്യന്‍ പക്ഷപാതിയും പുട്ടിന്റെ സുഹൃത്തുമാണ്. വന്‍കിട എണ്ണ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് കൂടിയായ ടിലേഴ്‌സന്റെ നിയമനം അമേരിക്കന്‍ സെനറ്റ് 56-43 വോട്ടുകള്‍ക്ക് മാത്രമാണ് അംഗീകരിച്ചത്. അതേസമയം ഒബാമ ഭരണം ജോണ്‍ കെറിയെ സെക്രട്ടറിയായി നിയമിച്ചപ്പോള്‍ സെനറ്റില്‍ മൂന്ന് പേര്‍ (94-3) മാത്രമാണ് എതിര്‍ത്തത്. സ്വന്തം പാര്‍ട്ടിയായ റിപ്പബ്ലിക്കന്മാരില്‍ പലര്‍ക്കും ഈ നിയമനത്തോട് വിയോജിപ്പാണ്. റഷ്യയോട് സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുന്ന ട്രംപിന് ചൈനയോട് അകല്‍ച്ചക്ക് കാരണം കമ്മ്യൂണിസ്റ്റ് വിരോധം മാത്രമല്ല, മറിച്ച് വാണിജ്യ താല്‍പര്യങ്ങള്‍ കൂടിയുണ്ടെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

ചൈനക്ക് എതിരെ കടുത്ത നിലപാടിലേക്ക് പോകാനും ട്രംപിന് ഭയമുണ്ട്. വന്‍ ശക്തിരാഷ്ട്രവും യു.എന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗവുമായ ചൈനക്ക് രാഷ്ട്രാന്തരീയ വേദികളിലുള്ള സ്വാധീനമാണ് ഇതിന് കാരണം. അതേസമയം, ചൈനയെ പോലെ മിസൈല്‍ പരീക്ഷണം നടത്തിയ ഇറാന് എതിരെ ഭാഗികമായെങ്കിലും ഉപരോധം ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം ധൃതി കാണിച്ചു. ഇറാന്‍ ഉത്പന്നങ്ങള്‍ തടയുകയും ചെയ്യുന്നു. പരീക്ഷണവുമായി ബന്ധപ്പെട്ട 12 കമ്മിറ്റികള്‍ക്കും പതിമൂന്ന് വ്യക്തികള്‍ക്കും എതിരായാണ് ഉപരോധം. പേര്‍ഷ്യന്‍ കടലില്‍ ഇറാന്‍ ജലാതിര്‍ത്തി വരെ നീണ്ടുനില്‍ക്കുന്ന സംയുക്ത നാവികാഭ്യാസം അമേരിക്കയും സഖ്യരാഷ്ട്രങ്ങളും നടത്തിയത് ഇറാനെ ഭയപ്പെടുത്താനായിരുന്നു. ആസ്‌ട്രേലിയയും ഫ്രാന്‍സും അമേരിക്കന്‍ നാവികര്‍ക്കൊപ്പം അണിനിരന്നു. ഇറാന്‍ ഭയന്നില്ല. ജലാതിര്‍ത്തി ലംഘിച്ചാല്‍ പ്രതികരിക്കുമെന്നായിരുന്നു അവരുടെ മുന്നറിയിപ്പ്. ‘ഒബാമ കാണിച്ച അത്രയും ദയ കാണിക്കില്ലെ’ന്ന ട്രംപിന്റെ താക്കീത് ഇറാന് നേരെ മാത്രമാണ്. ചൈനയോട് ഈ വീരവാദം കണ്ടില്ല. 600 കിലോമീറ്റര്‍ അകലെ ലക്ഷ്യമുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം ഇറാന്‍ നടത്തിയത് ജനുവരി 29ന് ആണ്. 2015 ഏപ്രില്‍ രണ്ടിന് വന്‍ ശക്തികളുമായി ഇറാന്‍ ഒപ്പുവെച്ച ആണവ കരാറിന്മേലുള്ള ലംഘനമല്ല പരീക്ഷണമെന്ന് ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനി വ്യക്തമാക്കുന്നുണ്ട്. ആണവ പദ്ധതി ഉപേക്ഷിക്കാനായിരുന്നു പ്രധാന ധാരണ. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന എന്നിവക്ക് പുറമെ ജര്‍മ്മനിയും ചേര്‍ന്നാണ് കരാറുണ്ടാക്കിയത്. യൂറോപ്യന്‍ യൂണിയന്‍ കരാര്‍ തയാറാക്കുന്നതില്‍ സഹകരണം നല്‍കി. അത് പ്രകാരം ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി ഇറാന്‍ ഒഴിവാക്കി. ആണവ നിലയങ്ങള്‍ പരിശോധിക്കാന്‍ വന്‍ ശക്തികള്‍ക്ക് വാതിലുകള്‍ തുറന്നിട്ടു. പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ ഇറാന് അവകാശം ഉണ്ടെന്നും ഭയപ്പെടുത്താന്‍ ആരും വരേണ്ടതില്ലെന്നും ഹസന്‍ റൂഹാനി നല്‍കുന്ന മുന്നറിയിപ്പ് അമേരിക്കന്‍ ഭരണകൂടത്തിന് തിരിച്ചടിയായി. ഇറാന്റെ സൈനിക ശക്തി അറബ് രാഷ്ട്രങ്ങള്‍ക്ക് ഭീഷണിയാണെന്ന അമേരിക്കയുടെ പതിവ് പല്ലവി ഇവിടെയും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഫലിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ഇസ്രാഈലിനാണ് ഇറാന്റെ സൈനിക വളര്‍ച്ചയില്‍ അസ്വസ്ഥത. ഇറാന് എതിരെ എല്ലാവരും യോജിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഇസ്രാഈലി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു, സ്വന്തം രാഷ്ട്രത്തിന്റെ കൈവശമുള്ള അണ്വായുധം എത്രയെന്ന് വ്യക്തമാക്കാനോ, ആണവനിലയം പരിശോധിക്കാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയെ അനുവദിക്കാനോ തയാറില്ലാത്ത രാഷ്ട്രത്തലവനാണ്.

ആണവായുധ പ്രശ്‌നത്തില്‍ ചൈനയോടും ഇറാനോടും വ്യത്യസ്ത നിലപാട് സ്വീകരിക്കുന്ന അമേരിക്കയും പാശ്ചാത്യനാടുകളും മറ്റൊരു സമീപനമാണ് കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ഉത്തര കൊറിയയോട് കാണിക്കുന്നത്. ഉത്തര കൊറിയ ആണവായുധം ഉപയോഗിക്കുകയാണെങ്കില്‍ തിരിച്ചടിക്കുമെന്നാണ് അമേരിക്കയുടെ പുതിയ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റീസിന്റെ താക്കീത്. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം ഉത്തര കൊറിയ നടത്തിയതായി വാര്‍ത്ത നേരത്തെയുണ്ടായിരുന്നു. മിസൈല്‍ പ്രതിരോധ മേഖലയില്‍ ദക്ഷിണ കൊറിയയും അമേരിക്കയും സഹകരിക്കുമെന്നും മാറ്റീസ് വ്യക്തമാക്കിയത് ഉത്തര കൊറിയയെ മാത്രമല്ല ചൈനയെയും എതിര്‍ ചേരിയിലാക്കി. മേഖലയിലെ സമാധാനം തകര്‍ക്കുന്നതാണ് അമേരിക്കയുടെ വരവ് എന്നാണ് ചൈനീസ് പ്രതികരണം. മാറ്റീസ് ദക്ഷിണ കൊറിയയിലും ജപ്പാനിലും എത്തി പ്രകോപനപരമായ പ്രഖ്യാപനങ്ങള്‍ നടത്തുന്നതില്‍ ചൈന ശക്തമായി പ്രതിഷേധിക്കുന്നു. അണ്വായുധ പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം ലോക സമൂഹം ആഗ്രഹിക്കുന്നു. ആണവ നിര്‍വ്യാപന കരാര്‍ ഈ പ്രശ്‌നത്തിലെ ഒരു ഘട്ടം മാത്രം. നിര്‍വ്യാപനമല്ല, സര്‍വവും നിര്‍മ്മാര്‍ജ്ജനം ചെയ്യുകയാണ് ആവശ്യം. ഒപ്പം നില്‍ക്കുന്നവരെ സംരക്ഷിക്കുകയും അല്ലാത്ത രാഷ്ട്രങ്ങളെ തള്ളിപ്പറയുകയും ചെയ്യുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കാനാണ് വന്‍ ശക്തി രാഷ്ട്രങ്ങള്‍ ഇക്കാര്യത്തില്‍ തയാറാകേണ്ടത്.

chandrika: