X

സങ്കീര്‍ണമാകുന്ന വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍

പി.പി മുഹമ്മദ്

വിദ്യാഭ്യാസ മേഖലയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കുറ്റകരമായ അനാസ്ഥയാണ് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത്. 300 ദിവസമാകാറായിട്ടും നൂറുകൂട്ടം വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ കിടക്കുന്നു. മദ്യ നയ രൂപീകരണത്തിന് തിടുക്കം കാട്ടിയ ഭരണാധികാരികള്‍ വിദ്യാഭ്യാസ നയപ്രഖ്യാപനത്തിനായി പ്രാഥമിക ചര്‍ച്ച പോലും നടത്തിയിട്ടില്ല. പ്രീപ്രൈമറി മുതല്‍ ഉന്നത വിദ്യാഭ്യാസവും യൂണിവേഴ്‌സിറ്റികളും സംരക്ഷിക്കാനും ആധുനികവത്കരിക്കാനും പുതിയ പദ്ധതികള്‍ കൊണ്ട് വരാനും കഴിഞ്ഞിട്ടില്ലെന്നത് വിചിത്രമാണ്.
മന്ത്രിമാര്‍ സ്‌കുളിലെത്തി ക്ലാസെടുക്കുമെന്നും സ്‌കൂള്‍ കോമ്പൗണ്ടില്‍ മനുഷ്യ ചങ്ങല കെട്ടുമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ വലിയ തീരുമാനമായിരുന്നു. ഓണ പരീക്ഷക്കിടയിലാണ് മന്ത്രിമാര്‍ സ്‌കൂളില്‍ വന്ന് ക്ലാസെടുക്കുമെന്ന് പ്രഖ്യാപിച്ചത്. പാഠപുസ്തകം കാണാതെ പാഠം പഠിച്ച കുട്ടികള്‍ പരീക്ഷ എഴുതുന്നത് എങ്ങിനെയെന്ന് നേരിട്ട് കാണാനും എല്ലാം ശരിയാക്കാനാവും ഈ വരവ് എന്ന് നാട്ടുകാര്‍ പരിഹസിച്ചു. ശക്തമായ നിലപാടെടുത്ത് കെ.എസ്.ടി.യു ഉള്‍പ്പെടെയുള്ള അധ്യാപക സംഘടനകള്‍ അരുതെന്ന് പറഞ്ഞതോടെ ബന്ധപ്പെട്ടവര്‍ക്ക് പിന്‍വാങ്ങേണ്ടി വന്നു.
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്കായുള്ള ഒരുക്കവും മറ്റ് ക്ലാസുകളിലെ പാഠഭാഗങ്ങള്‍ തീര്‍ക്കുന്നതിനിടയില്‍ പുതിയ പ്രഖ്യാപനം; സ്‌കൂളുകളില്‍ മനുഷ്യചങ്ങല കെട്ടാന്‍. പൊതു വിദ്യാഭ്യാസം സംരക്ഷിക്കാനാണത്രെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ചങ്ങല കെട്ടുന്നത്. എം.എല്‍.എമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ ക്കും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥന്മാര്‍ക്ക് പോലും വിഷയമെന്തെന്ന് അറിവായിട്ടില്ല. മന്ത്രിക്ക് ആശയം തോന്നിയത്രെ, കേള്‍ക്കക്കേണ്ട താമസം സ്തുതിപാടകര്‍ക്കത് പിന്നെ തടത്തിയെ പറ്റൂ എന്നായി. ധൃതി പിടിച്ച് നടത്തേണ്ട പരിപാടിയാണോ ചങ്ങല. ജനകീയ പങ്കാളിത്തം ഉണ്ടായാലല്ലെ ചങ്ങലയും യഞ്ജവും വിജയിക്കൂ. വിവാദമായതോടെ ചങ്ങല യഞ്ജമാക്കി.
കെ.എസ്.ടി.യു അടക്കമുള്ള അധ്യാപക സംഘടനാ നേതാക്കള്‍ കാര്യം തിരക്കി മന്ത്രിയെ കണ്ടു. ചങ്ങലക്കിടാനോ ചങ്ങലകെട്ടാനോ അല്ല ചങ്ങലകള്‍ പൊട്ടിച്ച് സ്വതന്ത്രരാവാനാണ് പഠിക്കേണ്ടത്, പഠിപ്പിക്കേണ്ടത്. ചുരുക്കത്തില്‍ ചങ്ങല യജ്ഞമാക്കി, ക്ലാസെടുക്കല്‍ ആരോഗ്യ ബോധവത്കരണമാക്കി.
വിദ്യാഭ്യാസ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി ആറാം പ്രവൃത്തി ദിവസം നടത്തിയ അധ്യാപക ക്ലസ്റ്റര്‍ പരിശീലനം സംയുക്ത അധ്യാപക സമിതിയുടെ നേതൃത്വത്തില്‍ ബഹിഷ്‌കരണമുണ്ടായി. സംസ്ഥാന സര്‍ക്കാറിന്റെ അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിച്ചുകൊണ്ടിറക്കിയ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാനത്ത് അധ്യാപകര്‍ ക്ലസ്റ്റര്‍ ബഹിഷ്‌കരിച്ചത്. മുവ്വായിരത്തോളം അധ്യാപര്‍ക്ക് ശമ്പളവും സ്ഥിര തസ്തികയും നിഷേധിച്ചു. പുനര്‍വിന്യാസം, അധ്യാപകരുടെ തസ്തിക നിര്‍ണ്ണയം നടത്തി നിയമനാംഗീകാരം നല്‍കിയിട്ടില്ല. ഒന്നു മുതല്‍ എട്ടു വരെ ക്ലാസില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും യൂണിഫോം വിതരണം ചെയ്തിട്ടില്ല. അടച്ചുപൂട്ടുന്ന സ്‌കൂളുകള്‍ ഏറ്റെടുക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചിട്ടില്ല. ഏകാധ്യാപക സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് വേതനമില്ല. ഹയര്‍സെക്കന്ററി മേഖലയില്‍ പുതുതായി തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് മൂന്ന് വര്‍ഷമായി വേതനമില്ല, തസ്തികയില്ല,നിയമനമില്ല, നിയമനാംഗീകാരമില്ല. വിദ്യാഭ്യാസ മേഖലയില്‍ അപ്രഖ്യാപിത നിയമന നിരോധനം ഏര്‍പെടുത്തിയതിനാല്‍ നിയമിച്ചവര്‍ക്ക് വേതനമോ പുതുതായി തസ്തികയും നിയമനാംഗീകാരമോ നല്‍കുന്നില്ല. ജില്ലകള്‍ തോറും പി.എസ്.സി തയ്യാറാക്കിയ വിവിധ ഭാഷാ വിഷയങ്ങളുടെ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമിക്കാനായുള്ള നടപടിയില്ല.
പ്രൈമറി മുതല്‍ ഹയര്‍സെക്കന്ററി വരെ ആവശ്യത്തിന് പാഠപുസ്തകമുണ്ടായിരുന്നില്ല, തസ്തിക നിര്‍ണ്ണയമില്ല. ഭാഷാധ്യാപകരുടെ പ്രധാനാധ്യാപക ഉദ്യോഗകക്കയറ്റം തടഞ്ഞു. ഹിന്ദി, ഉറുദു, അറബി അധ്യാപക പരിശീലനം ബി.എഡിന് തുല്യത വരുത്തിയ ഉത്തരവ് പിന്‍വലിച്ചു. ഹയര്‍സെക്കന്ററി ഭാഷാ പഠനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. വിദ്യാഭ്യാസ മന്ത്രിയുടെ പ്രസംഗം കേള്‍പ്പിക്കുന്നതിടയില്‍ മുന്നൊരുക്കമില്ലാതെ പ്രഹസനമായ ക്ലസ്റ്റര്‍ പരിശീലനം നടക്കുന്നു.
വിദ്യാഭ്യാസ കച്ചവടക്കാരുടെ പക്ഷം ചേര്‍ന്ന സ്വാശ്രയ പ്രവേശനവും ഫീസ് ഘടനയുമാണ്. സ്‌കോളര്‍ഷിപ്പ് റജിസ്‌ട്രേഷന്‍ അവ്യക്തത തീര്‍പ്പാക്കുന്നതില്‍ കാലവിളംബമുണ്ടായി. വിവിധ ജില്ലകളില്‍ ആവശ്യത്തിന് ഓഫീസര്‍മാരില്ലാത്തതിനാല്‍ ജില്ലക്കകത്തും പുറത്തേക്കുമുള്ള സ്ഥലം മാറ്റവും നടക്കുന്നില്ല.
ബ്രോക്കണ്‍ സര്‍വീസ് പെന്‍ഷന് പരിഗണിക്കില്ലെന്ന ഉത്തരവ് പിന്‍വലിക്കുക, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളിലും അടിയന്തിര നടപടികള്‍ ആവശ്യമുണ്ട്.
പവിത്രമായ വിദ്യാലയങ്ങളെ ആയുധ പരിശീലന കേന്ദ്രമാക്കിയത് കേരളക്കര കാണുകയുണ്ടായി. മുന്‍ സര്‍ക്കാര്‍ ചില പാഠപപുസ്തകങ്ങള്‍ രണ്ട് പതിപ്പായി വിതരണം ചെയ്തു. ഇടതുപക്ഷമത് മൂന്നാക്കുമെന്ന് പ്രഖ്യാപിച്ചു. ഓണ പരീക്ഷക്ക് പോലും കുട്ടികള്‍ക്ക് ആവശ്യത്തിന് പാഠപപുസ്തകമില്ലെന്നത് മന്ത്രി അറിഞ്ഞില്ല.
വിദ്യാഭ്യാസ മന്ത്രിമാര്‍ അധികാരമേറ്റ് അധിക നാള്‍ കഴിയുന്നതിന് മുമ്പെ അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം ചേര്‍ന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. പ്രശ്‌ന പരിഹാരത്തിനായി സത്വര നടപടി സ്വീകരിക്കാറുണ്ട്. നിരന്തരമാവശ്യപ്പെട്ടിട്ടും മാസം ആറ് കഴിഞ്ഞാണ് മന്ത്രി യോഗം വിളിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്ത് തുടങ്ങിയ ഏരിയ ഇന്‍സെന്റീവ് സ്‌കൂളുകള്‍ 35 എണ്ണമുണ്ട്. എയ്ഡഡ് സ്‌കൂളായതിനാല്‍ മറ്റ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ലഭിക്കുന്ന മുഴുവന്‍ ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ക്കും അവകാശമുണ്ട്. പക്ഷേ വയനാട് ജില്ലയിലെ പനമരം എയ്ഡഡ് എല്‍.പി സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ ഉച്ചഭക്ഷണമാണ് വിദ്യാഭ്യാസ അധികാരികള്‍ മുടക്കുന്നത്. കേരള നിയമനിര്‍മ്മാണ സഭയില്‍ അധ്യക്ഷനായ സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞ നേതാക്കന്മാര്‍ നയിക്കുന്ന പാര്‍ട്ടിയുടെ അനുയായികളായ വിദ്യാര്‍ത്ഥി സംഘടനക്കാര്‍ സ്ഥാപന മേധാവിയായ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച് മാതൃക കാട്ടി. വിദ്യാഭ്യാസ മേഖലയില്‍ ഇതാദ്യ സംഭവം. നടത്തിയത് ഭരണക്കാരും.
പാഠ്യപദ്ധതി പരിഷ്‌കരണ നടപടികള്‍ ഭരണ തലത്തില്‍ തുടങ്ങിയിരിക്കുന്നു. അതിനായുള്ള യോഗങ്ങളും പരിശീലനങ്ങളും ആരംഭിച്ചിരിക്കുന്നു. നിലവിലുള്ളതിന്റെ കുറവുകളും പോരായ്മകളും വിലയിരുത്തി മെച്ചപ്പെടുത്താനായുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിക്കണം. തുടര്‍ന്ന് റിപ്പോര്‍ട്ട് കരിക്കുലം കമ്മിറ്റി ചര്‍ച്ച ചെയ്യണം. ഇതാണ് കീഴ്‌വഴക്കം. ഇതെല്ലാം മാറി. പിന്‍സീറ്റ് നിയന്ത്രണക്കാര്‍ പറയുന്നു, മന്ത്രി ചെയ്യുന്നു. കരിക്കുലം കമ്മിറ്റി പുനസംഘടിപ്പിച്ചത് സ്വന്തക്കാര്‍ക്ക് മാത്രമായിപ്പോയെന്ന വിമര്‍ശനം നിലനില്‍ക്കയാണ്.
അവധാനതയോടെ, നിരന്തര ചര്‍ച്ചയിലൂടെ, വിദ്യാഭ്യാസ വിചക്ഷണന്മാരുടെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് കെ.ഇ.ആര്‍ പരിഷ്‌കരിക്കാറുള്ളത്. ഏകപക്ഷീയ പരിഷ്‌കരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതേറെ വിമര്‍ശിക്കപ്പെട്ടു. സംസ്ഥാനത്തെ സ്‌കൂള്‍ മാനേജര്‍മാര്‍ പരിഷ്‌കരണത്തിനെതിരെ പ്രതിഷേധത്തിലാണ്. സ്വാശ്രയ വിദ്യാഭ്യാസ വിഷയത്തില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്കയിലാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായി തുടരുകയാണ്. ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാതെ തുടരുന്നു.
നാട്ടുകാര്‍ സംഘടിച്ച് സ്‌കൂളുകള്‍ ഹൈടെക് ആക്കണമെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. 1,000 വിദ്യാലയങ്ങളില്‍ ആധുനികവത്കരണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രിയും പറയുന്നു. നല്ല ആശയം , പണമെവിടെ നിന്ന്?, ഉത്തരമില്ല. കുട്ടി പൊലീസ്, ജൂനിയര്‍ റെഡ്ക്രാസ്, എന്‍.എസ്.എസ്, സ്‌കൗട്ട് ആന്റ് ഗൈഡ് തുടങ്ങിയവര്‍ക്കെല്ലാം നല്‍കിയിരുന്ന ഗ്രേസ്മാര്‍ക്ക് ഇനിയുണ്ടാവില്ലെന്ന പ്രഖ്യാപനം പിന്‍വലിക്കേണ്ടി വന്നു. ഹയര്‍സെക്കന്ററിയിലിറക്കിയ പൂക്കള ഉത്തരവ് വിവാദമായി. മനുഷ്യചങ്ങല പിന്നീട് യജ്ഞമായി, മന്ത്രിമാരുടെ ക്ലാസെടുക്കല്‍ ആരോഗ്യ ബോധവത്കരണമെന്നാക്കി.
പാഠപുസ്തകം,യൂണിഫോം, സ്‌കോളര്‍ഷിപ്പ്, അധ്യാപകര്‍ക്ക് ശമ്പളം, കുട്ടികളുടെ പഠനം,ആവശ്യത്തിന് അധ്യാപക നിയമനം, ഭാഷാധ്യാപക പ്രശ്‌നങ്ങള്‍ ഇത്തരം വിഷയങ്ങളില്‍ ചര്‍ച്ചയില്ല, തീരുമാനമില്ല. എന്തിനേറെ വിദ്യാഭ്യാസത്തിന് നയവുമില്ല. ഓണപരീക്ഷയോടനുബന്ധിച്ച് പാഠപുസ്തകം ഇല്ലാതെ എവിടെയെന്ന് പത്രക്കാര്‍ അന്വേഷിച്ചപ്പോള്‍ ഞാനറിഞ്ഞില്ലെന്ന് മറുപടി പറയുന്ന വകുപ്പ് മന്ത്രി ഭരിക്കുന്ന നാടാണിത്. എസ്.എസ്.എയുടെ സംസ്ഥാന തലം മുതല്‍ ബി.ആര്‍.സി. ട്രെയിനര്‍മാരെ ഒറ്റയടിക്ക് മാറ്റിയതിനെ തുടര്‍ന്ന് മാസങ്ങളോളം പ്രസ്തുത മേഖല നിശ്ചലമാക്കാനായതും സഹപ്രവര്‍ത്തകനായ പ്രൊഫസറെ അരമണിക്കൂര്‍ പ്രിന്‍സിപ്പലാക്കാന്‍ കഴിഞ്ഞതുമാണ് ആകെയുള്ള ഭരണ നേട്ടം.

chandrika: