X

മൂട്ട ശല്യം രൂക്ഷം: എയര്‍ ഇന്ത്യ വിമാന സര്‍വീസ് നിര്‍ത്തിവെച്ചു

മൂട്ടശല്യമാണെന്ന യാത്രക്കാരുടെ നിരന്തര പരാതിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യാ വിമാനം സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മുംബൈയില്‍ നിന്നും അമേരിക്കയിലെ ന്യൂആര്‍ക്കിലേക്ക് പോകേണ്ട ബി777 വിമാനമാണ് താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിവെച്ചത് ശുചീകരണത്തിനായി മാറ്റിയത്.

മൂട്ടശല്യം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിമാന കമ്പനിക്ക് പരാതി ലഭിക്കുന്നത്. ന്യൂജേഴ്‌സിയിലെ ന്യൂആര്‍ക്കില്‍ നിന്നും മുംബൈക്കുള്ള യാത്രക്കിടെ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്ത ഒരു പെണ്‍കുട്ടിയുടെ കൈയില്‍ എന്തോ കടിച്ചതിന്റെ പാട് ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കളാണ് സംഭവം വിമാന ജീവനക്കാരെ അറിയിച്ചത്.

സീറ്റ് പരിശോധിച്ചപ്പോള്‍ മൂട്ടയെ കണ്ടെത്തുകയും ചെയ്തു. ഇവരുടെ പരാതിയെത്തുടര്‍ന്ന് ജീവനക്കാര്‍ സീറ്റില്‍ മരുന്ന് തളിച്ചു. എന്നാല്‍ അല്‍പസമയത്തിനു ശേഷം കൂടുതല്‍ മൂട്ടകള്‍ സീറ്റിനടിയില്‍ നിന്ന് പുറത്തുവരികയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് കമ്പനിക്കയച്ച കത്തില്‍ പറഞ്ഞു. തുടര്‍ന്ന് ഇവരെ ഇക്കണോമി ക്ലാസിലെ ഒഴിഞ്ഞുകിടന്ന സീറ്റിലേക്ക് മാറ്റി. എന്നാല്‍ അവിടെ ലഭിച്ച് സീറ്റ് വളരെ മോശമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സീറ്റുകള്‍ കീറിയതും ടി.വി സ്‌ക്രീന്‍ ഓഫാക്കാന്‍ സാധിക്കാത്തവിധം തകരാറിലുമായിരുന്നു. പരാതിപ്പെട്ടപ്പോള്‍ തുണി ഇട്ട് ജീവനക്കാര്‍ സ്‌ക്രീന്‍ മറക്കുകയായിരുന്നു.

ബിസിനസ് ക്ലാസില്‍ ടിക്കറ്റെടുത്ത തനിക്കും കുടുംബത്തിനും വളരെയേറെ ബുദ്ധിമുട്ടുണ്ടായെന്നും ധനനഷ്ടമുണ്ടായെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞയാഴ്ച ന്യൂആര്‍ക്ക്-മുംബൈ റൂട്ടില്‍ സര്‍വീസ് നടത്തിയ മറ്റൊരു വിമാനത്തിലും മൂട്ടശല്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു പിഞ്ചു കുഞ്ഞിനെ മൂട്ട കടിച്ചെന്ന പരാതി കമ്പനിക്ക് ലഭിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ മൂട്ടകളുടെ ചിത്രങ്ങള്‍ സഹിതം വാര്‍ത്ത സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു.

chandrika: