X

വെല്ലുവിളി ഉയര്‍ത്തി പുതിയ നൂറു രൂപാ നോട്ടുകള്‍; എ.ടി.എം പുനഃക്രമീകരികരണത്തിന് 100 കോടി വേണം

മുംബൈ: പുതുതായി ഇറങ്ങിയ 100 രൂപാ നോട്ട് രാജ്യത്ത് എടിഎം മേഖലയില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. പുതിയ 100 രൂപ നോട്ടുകള്‍ വിതരണം ചെയ്യാന്‍ കഴിയുംവിധം എടിഎം മെഷീനുകളില്‍ മാറ്റം വരുത്തുന്നതിനായി മാസങ്ങള്‍ എടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. രാജ്യത്തെ 2.4 ലക്ഷം എ.ടി.എമ്മുകള്‍ പുനഃക്രമീകരിക്കാന്‍ 100 കോടി രൂപയെങ്കിലും വേണ്ടിവരുമെന്ന് വിലയിരുത്തല്‍.

കൂടാതെ നിലവിലുള്ള 100 രൂപ നോട്ടുകള്‍ പിന്‍വലിക്കാതെതന്നെ പുതിയ നോട്ടുകള്‍ അവതരിപ്പിക്കാനുള്ള ശ്രമം എ.ടി.എം പുനഃക്രമീകരണത്തില്‍ വലിയ വെല്ലുവിളിയായിരിക്കുകയാണ്.

വയലറ്റ് നിറത്തിലുള്ള പുതിയ നൂറുരൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) പ്രഖ്യാപിച്ചത്. ഒരു മാസത്തിനകം നോട്ട് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടം നേടിയ ഗുജറാത്തിലെ സരസ്വതി നദീതീരത്തുള്ള ‘റാണി കി വാവ്’ എന്ന ചരിത്ര സ്മാരകത്തിന്റെ ചിത്രമാണ് നോട്ടിന്റെ പിന്‍ഭാഗത്ത് ആലേഖനം ചെയ്യുക. മധ്യപ്രദേശിലെ ദേവാസിലുള്ള ബാങ്ക് നോട്ട് പ്രസ്സില്‍ നോട്ടിന്റെ അച്ചടി തുടങ്ങിയതായാണ് വിവരം.

അതേസമയം പഴയ നൂറ് രൂപ നോട്ടുകള്‍ പിന്‍വലിക്കാതെയാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കുകയെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിരുന്നു.

അടുത്തിടെ പുറത്തിറക്കിയ 200 രൂപ നോട്ടുകള്‍ വിതരണം ചെയ്യാന്‍ കഴിയും വിധം എ.ടി.എമ്മുകള്‍ പുനഃക്രമീകരിക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും മുമ്പാണ് പുതിയ 100 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നത്.

chandrika: