X
    Categories: indiaNews

ലൗ ജിഹാദിന്റെ പേരില്‍ നിയമം: വ്യക്തികളുടെ അവകാശത്തിന്‍മേല്‍ സര്‍ക്കാറിന് കടന്നുകയറാനാവില്ലെന്ന് കോടതി

Judge holding gavel in courtroom

ലക്‌നൗ: യുപിസര്‍ക്കാരിന്റെ ലൗ ജിഹാദ് നിയമനിര്‍മാണത്തിനെതിരെ അലഹബാദ് ഹൈക്കോടതി. മതപരിവര്‍ത്തന വിവാഹം തടയുന്നത് ശരിയായ നിയമമല്ല. വ്യക്തികളുടെ അവകാശത്തിന്മേല്‍ സര്‍ക്കാരിന് കടന്നുകയറാനാവില്ലെന്നും കോടതി വ്യക്തമാക്കി. അലഹബാദ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെതാണ് ഉത്തരവ്. വിവാഹത്തിനായി മാത്രമുള്ള മതപരിവര്‍ത്തനം ശരിയല്ലെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി.

സല്‍മത് അന്‍സാരി – പ്രിയങ്ക ദമ്പതികളുടെ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. പ്രിയങ്കയുടെ പിതാവിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്. പ്രിയങ്കയെ മതംമാറ്റിയാണ് സല്‍മത് അന്‍സാരി വിവാഹം ചെയ്തത് എന്നായിരുന്നു പിതാവിന്റെ പരാതി. എന്നാല്‍ ജസ്റ്റിസ് പങ്കജ് നഖ്‌വിയും ജസ്റ്റിസ് വിവേക് അഗര്‍വാളും നിരീക്ഷിച്ചത് ഇങ്ങനെയാണ്- രണ്ട് വ്യക്തികള്‍ക്ക്, അവര്‍ ഒരേ ലിംഗത്തില്‍ പെട്ടവരായാല്‍ പോലും ഒരുമിച്ച് ജീവിക്കാന്‍ നിയമപരമായി അവകാശമുണ്ട്. പ്രായപൂര്‍ത്തിയായവരുടെ ഈ അവകാശത്തില്‍ കടന്നുകയറാന്‍ സര്‍ക്കാരിനോ മറ്റുള്ളവര്‍ക്കോ കഴിയില്ല.

മിശ്ര വിവാഹങ്ങള്‍ ലൗ ജിഹാദല്ലെന്ന് യുപി പൊലീസും റിപ്പോര്‍ട്ട് നല്‍കി. ഉത്തര്‍പ്രദേശിലെ 14 മിശ്ര വിവാഹങ്ങള്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ലൗ ജിഹാദില്ലെന്ന് യുപി പൊലീസ് വ്യക്തമാക്കി. ലൗ ജിഹാദ് പഠിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കാന്‍പൂര്‍ ഐ.ജിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: