X

അന്യവത്കരിക്കപ്പെടുന്ന തെരുവുകള്‍-ഇഖ്ബാല്‍ വാവാട്‌

ജനാധിപത്യത്തിന്റെ നിലനില്‍പ്പും ക്രിയാത്മകതയും അടയാളപ്പെടുത്തുന്നതാണ് സജീവമായ തെരുവുകള്‍. ലോകത്തെ മാറ്റി മറിച്ച നിരവധി രാഷ്ട്രീയ തീരുമാനങ്ങള്‍ ഉയര്‍ന്ന്‌വന്നത് തെരുവുകളില്‍ നിന്നാണ്. സ്വതന്ത്രമായി പ്രതിഷേധിക്കാനും ശബ്ദമുയര്‍ത്താനും കഴിയുന്ന ജനതയും അതിനെ വിവേകപൂര്‍വമായി സഹിഷ്ണുതയോടെ നേരിടുന്ന ഭരണകൂടവും ജനാധിപത്യത്തിന്റെ ഉന്നതമായ പ്രതീകങ്ങള്‍ തന്നെയാണ്. പക്ഷേ, സമീപകാല ഇന്ത്യയുടെ ചരിത്രം ഈ പ്രതീകം മങ്ങുന്നതും അസ്തമിക്കുന്നതും അടയാളപ്പെടുത്തുന്നുവെന്നതാണ് യാഥാര്‍ഥ്യം. സമാധാനപരമായ പ്രതിഷേധങ്ങളെപോലും ഭയപ്പെടുന്ന ഭരണകൂടം അടിച്ചമര്‍ത്തലിന്റെയും പൊലീസ് രാജിന്റെയും രീതികള്‍ അവലംബിക്കുമ്പോള്‍ അത് ആശങ്കകള്‍ക്ക് വഴി വെക്കുന്നുണ്ട്.

ബി.ജെ.പി വക്താക്കളുടെ പ്രചാചക നിന്ദയെതുടര്‍ന്ന് ഉത്തരേന്ത്യയില്‍ നടന്ന പ്രതിഷേധങ്ങളെ സര്‍ക്കാര്‍ നേരിട്ട രീതിയും സ്വപ്‌ന സുരേഷ് ഉയര്‍ത്തിയ ആരോപണത്തിന് പിന്നാലെ കേരളത്തില്‍ നടന്ന പ്രതിഷേധങ്ങളെ പിണറായി സര്‍ക്കാര്‍ നേരിട്ട രീതിയും തെരുവുകളെ അവര്‍ എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ തെളിവുകളാണ്. പൊലീസിനെ ഉപയോഗിച്ച് ഭീകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ഭയം ജനിപ്പിച്ച് നിശബ്ദരാക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് രീതിയാണ് ഇവര്‍ പിന്തുടരുന്നത്. ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്ത് വര്‍ധിച്ച് വരുന്ന മുസ്‌ലിം വിരുദ്ധതയെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ് പ്രവാചക വിരുദ്ധ പ്രക്ഷോഭകരെ ക്രൂരമായി നേരിടുന്നതിന്റെ ഒരു കാരണം. മാത്രമല്ല, വിദേശ രാജ്യങ്ങള്‍ ഇന്ത്യയെ പ്രതിഷേധമറിയിച്ചതിലുള്ള ദേഷ്യം ഇന്ത്യന്‍ തെരുവുകളില്‍ പ്രതിഷേധത്തിനിറങ്ങിയ മുസ്‌ലിംകളോട് തീര്‍ക്കുന്ന തരത്തിലായിരുന്നു പൊലീസ് ഇടപെടലുകള്‍. റാഞ്ചിയില്‍ രണ്ട് പേര്‍ വെടിയേറ്റ് മരിക്കുകയും മറ്റ് സംസ്ഥാനങ്ങളില്‍ നിരവധി പേര്‍ അറസ്റ്റിലാവുകയും ചെയ്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇത് അവസരമായി കണക്കാക്കി ശക്തമായ നടപടികളാണ് കൈക്കൊണ്ടത്.

പ്രതിഷേധത്തില്‍ പങ്കെടുത്ത നിരവധി പേരെ അറസ്റ്റ് ചെയ്യുക മാത്രമല്ല, പലരുടെയും വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തു. മുസ്‌ലിംകള്‍ക്ക് ഇന്ത്യയില്‍ തുല്യപൗരന്മാരായി ജീവിക്കാന്‍ അവകാശമില്ലെന്ന സംഘ്പരിവാര്‍ വാദത്തിന്റെ പ്രാവര്‍ത്തിക വശമായി ഇതിനെ കാണേണ്ടതുണ്ട്. അധികാരം ദുര്‍വിനിയോഗം ചെയ്ത് കിടപ്പാടം പോലും തകര്‍ക്കുമെന്ന ഭീഷണിയാണ് യോഗിയും ബി.ജെ.പിയും ഇതിലൂടെ പങ്ക് വെക്കാനാഗ്രഹിക്കുന്നത്. മുസ്‌ലിംകള്‍ ഏത് അക്രമവും പരിഹാസവും സഹിച്ച് രണ്ടാം കിട പൗരന്മാരും അടിമകളുമായി ജീവിച്ചാല്‍ മതിയെന്നും ഭൂരിപക്ഷ വോട്ടിന്റെ മാത്രം പിന്‍ബലത്തില്‍ തങ്ങളുടെ അധികാരം ഉറപ്പിക്കാനാവുമെന്നുമുള്ള അഹങ്കാരവും ധാര്‍ഷ്ട്യവും ഇതില്‍ തെളിഞ്ഞ് കാണാം.

ഇതിലെ ഏറ്റവും അപകടകരമായ വൈരുധ്യം ഇത്തരം നടപടികള്‍ മുസ്‌ലംകള്‍ക്കെതിരില്‍ മാത്രമാണ് നടപ്പാക്കപ്പെടുന്നത് എന്നതാണ്. പല ആവശ്യങ്ങള്‍ ഉന്നയിച്ച് നിരവധി ജാതി സംഘടനകളും പാര്‍ട്ടികളും തെരുവിലിറങ്ങുകയും അത് അക്രമത്തില്‍ അവസാനിക്കുകയും ചെയ്തിട്ടും വീടുകള്‍ തകര്‍ക്കുന്നത് പോയിട്ട് കേസെടുക്കുന്ന സാഹചര്യങ്ങള്‍ പോലും അപൂര്‍വമാണ്. ബുള്‍ഡോസര്‍ എന്നത് ഇന്ത്യന്‍ മുസ്‌ലിംകളുടെ പേടി സ്വപ്‌നമായി മാറും വിധം ബി.ജെ.പി ഈ തന്ത്രം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.

കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് മധ്യപ്രദേശിലും പ്രതിഷേധവുമായി തെരുവിലിറങ്ങിയവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. കുറ്റവാളികളെ തീരുമാനിക്കുന്നതും അവരുടെ വീടുകള്‍ അനധികൃത നിര്‍മാണമാണെന്ന് നിര്‍ണയിക്കുന്നതും വെറും മണിക്കൂറുകള്‍ക്കുള്ളിലാണെന്ന് മാത്രമല്ല, അത് ശരിയാണോ അല്ലയോ എന്ന് തെളിയിക്കാനുള്ള അവസരംവരെ നിഷേധിക്കപ്പെടുന്നു. മുമ്പ് പൗരത്വ പ്രശ്‌നവുമായി തെരുവിലിറങ്ങിയ മുസ്‌ലിംകളെയും അതി ക്രൂരമായാണ് പൊലീസ് എല്ലായിടത്തും നേരിട്ടത്. അതിന്റെ തുടര്‍ച്ചയായി ഇതിനെ കാണേണ്ടതുണ്ട്. കാരണം പ്രവാചക നിന്ദ നടത്തിയവരെ അറസ്റ്റ് ചെയ്യാതെ അതില്‍ പ്രതിഷേധിച്ചവരെ വേട്ടയാടുന്നതിനെ ഇരട്ടനീതി എന്ന് തന്നെ വിശേഷിപ്പിക്കേണ്ടതുണ്ട്.

ഇത് മുസ്‌ലിംകളെ മാത്രം ലക്ഷ്യം വെച്ചുള്ള ബി.ജെ.പിയുടെ പദ്ധതിയാണെന്നതിന്റെ പ്രധാന തെളിവാണ് അഗ്‌നിപഥ് എന്ന പുതിയ സൈനിക റിക്രൂട്ട്‌മെന്റിനെതിരെ നടക്കുന്ന അക്രമാസക്തമായ പ്രതിഷേധങ്ങളിലെ ഭരണകൂട സമീപനം. ട്രെയിനുകളും ബസുകളും കത്തിക്കുകയും തെരുവുകള്‍ പ്രക്ഷുബ്ധമാക്കുകയും ചെയ്തിട്ടും ആരുടെയും വീടുകള്‍ തകര്‍ക്കപ്പെട്ടിട്ടില്ല. മുസ്‌ലിംകളേ, നിങ്ങളിനി ഒരു പ്രശ്‌നത്തിന്റെ പേരിലും തെരുവിലിറങ്ങരുതെന്ന് കൃത്യമായി പറയുക തന്നെയാണ് യോഗിയുടെയും ബി.ജെ.പിയുടെയും ലക്ഷ്യം. അത്‌കൊണ്ടാണ് ഒരു വശത്ത് പ്രധാനമന്ത്രി മോദി പോലും മൗനം പാലിക്കുന്നതും മറുവശത്ത് സംയമനം പാലിക്കാന്‍ ആവശ്യപ്പെടുകയും ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നത്.

അധികാരം ഉപയോഗിച്ച് തെരുവുകള്‍ നിശബ്ദമാക്കാനും അന്യവത്കരിക്കാനുമുള്ള ശ്രമത്തിന്റെ മറ്റൊരു പതിപ്പാണ് പിണറായിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ അരങ്ങേറുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയ യു.ഡി.എഫ് പ്രവര്‍ത്തകരെ അതിക്രൂരമായാണ് പിണറായിയുടെ പൊലീസ് നേരിട്ടത്. മാത്രമല്ല, ബി.ജെ.പി മുസ്‌ലിംകള്‍ക്കെതിരെ പരിവാറുകാരെ തെരുവിലിറക്കി നേരിടുന്നത്‌പോലെ പാര്‍ട്ടി ഭക്തരെ തെരുവിലിറക്കി പ്രതിഷേധക്കാരെ കയ്യേറ്റം ചെയ്യാനുള്ള സാഹചര്യം വരെ സൃഷ്ടിച്ചു.

ബി.ജെ.പി ഉത്തരേന്ത്യയില്‍ നടപ്പാക്കുന്ന തന്ത്രങ്ങളെ അനുകരിക്കുകയാണ് സി.പി.എമ്മും പിണറായിയും ചെയ്യുന്നത്. പുരോഗമനം മൂന്ന് നേരം പ്രസംഗിക്കുകയും ഗതകാല സമരങ്ങളുടെ പേരില്‍ സ്മരണകള്‍ സംഘടിപ്പിച്ച് അണികളെ ആവേശം കൊള്ളിക്കുകയും ചെയ്യുന്ന പാര്‍ട്ടിയും അതിന്റെ നേതാവുമാണ് കരിങ്കൊടി പ്രയോഗത്തെപോലും ഭയപ്പെടുകയും പൊലീസിനെ ഉപയോഗിച്ച് ഭീകരമായി അടിച്ചൊതുക്കുകയും ചെയ്യുന്നതെന്നതാണ് വൈരുധ്യാത്മക സംഭവവികാസം. തെരുവുകള്‍ ഞങ്ങള്‍ക്കുള്ളതാണെന്നും അവിടെ പ്രതിഷേധത്തിന്റെ സൂചകങ്ങളുമായി നിങ്ങള്‍ ആവശ്യമില്ലെന്നുമുള്ള ഭീഷണിയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് വരെ അണികളെ ഇളക്കിവിടുന്നവര്‍ വെച്ച്പുലര്‍ത്തുന്നത് ഫാസിസ്റ്റ് മനോഭാവമാണെന്നത് അവിതര്‍ക്കിതമാണ്.

ലോകത്തെ എല്ലാ സമരങ്ങള്‍ക്കും സാക്ഷിയായ തെരുവുകള്‍ക്ക് ഒരുപാട് രക്തസാക്ഷിത്വത്തിന്റെയും ത്യാഗങ്ങളുടെയും നേട്ടങ്ങളുടെയുമൊക്കെ കഥകള്‍ പറയാനുണ്ട്. പക്ഷേ, തെരുവുകളില്‍ എന്ത് നടക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നത് ജനാധിപത്യത്തിന് മങ്ങലേപ്പിക്കുക തന്നെ ചെയ്യും. സമരം ചെയ്യാന്‍ പ്രത്യേക വേദികള്‍ അനുവദിക്കുകയും അതിന് പുറത്ത് സമരം ചെയ്യുന്നവരെ അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തുകയും ചെയ്യുന്നത് ജനായത്ത പങ്കാളിത്തത്തെ ദുര്‍ബലപ്പെടുത്തുകയും അവകാശസമരങ്ങളെ ഇല്ലാതാക്കുകയും ചെയ്യും. മുസ്‌ലിംകള്‍ക്ക് തെരുവുകള്‍ നിഷേധിക്കുന്ന യോഗിയും രാഷ്ട്രീയ എതിരാളികള്‍ക്ക് തെരുവുകള്‍ നിഷേധിക്കുന്ന പിണറായിയും ഒരേ അധികാരം ഉപയോഗിച്ചാണ് അത് ചെയ്യുന്നത് എന്നതാണ് നമ്മെ ചിന്തിപ്പിക്കേണ്ടത്.

Chandrika Web: