X
    Categories: MoreViews

വിവാദ മെട്രോ യാത്ര: മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി

കൊച്ചി: സ്ഥലം എം.എല്‍.എ ഉള്‍പ്പെടെയുള്ള ജില്ലയിലെ ജനപ്രതിനിധികളെ ഒഴിവാക്കി പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കൊപ്പം മെട്രോയില്‍ കന്നി യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യു.ഡി.എഫ് ജനപ്രതിനിധികളുടെ തീരുമാന പ്രകാരം ഹൈബി ഈഡന്‍ എം.എല്‍.എ നിയമസഭ സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. നിയമസഭ ചട്ടം 154 പ്രകാരം മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനം ഉന്നയിച്ചാണ് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയത്.

17ന് നടക്കുന്ന മെട്രോ ഉദ്ഘാടന സര്‍വീസിന്റെ മുന്നോടിയായി കഴിഞ്ഞ ശനിയാഴ്ചയാണ് മുഖ്യമന്ത്രി പാലാരിവട്ടം മുതല്‍ ആലുവ വരെ മെട്രോ യാത്ര നടത്തിയത്. എറണാകുളത്തെയും ആലുവയിലെയും ജനപ്രതിനിധികളെ പൂര്‍ണമായും ഒഴിവാക്കി സി.പി.എം പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കൊപ്പമായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. ആലുവ സ്റ്റേഷനില്‍ മെട്രോയുടെ സൗരോര്‍ജ്ജ പദ്ധതിയുടെ ഉദ്ഘാടനവും കെ.എം.ആര്‍.എല്‍ നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും യു.ഡി.എഫ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ശക്തമായ പ്രതിഷേധം കാരണം ഉദ്ഘാടനത്തില്‍ നിന്ന് മുഖ്യമന്ത്രി പിന്‍മാറുകയായിരുന്നു.
ഉദ്ഘാടനത്തിന് മുന്നോടിയായുള്ള യാത്രയില്‍ എം.എല്‍.എമാരെ ഒഴിവാക്കിയത് മനപ്പൂര്‍വവും ദുരുദ്ദേശപരവുമാണെന്ന് അവകാശ ലംഘന നോട്ടീസില്‍ ആരോപിക്കുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭം കുറിച്ചതും 90 ശതമാനം നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതുമായ മെട്രോയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനമാണ് ഈ മാസം നടക്കുന്നത്. മെട്രോ റെയില്‍ പാത കടന്നു പോവുന്ന സ്ഥലങ്ങളിലെ ജനപ്രതിനിധികളായ എം.എല്‍.എമാരെ ഇതുവരെയുള്ള മെട്രോയുടെ എല്ലാ ചടങ്ങുകളിലും ക്ഷണിക്കുകയും അതില്‍ ഭാഗമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ജൂണ്‍ മൂന്നിന് ഉദ്ഘാടനത്തിന് മുന്നോടിയായുള്ള യാത്രയില്‍ ജനപ്രതിനിധികളെ പൂര്‍ണമായും ഒഴിവാക്കുകയാണ് ചെയ്തത്. ഈ പദ്ധതി നടപ്പിലാക്കിയാല്‍ എം.എല്‍.എമാര്‍ക്ക് യാതൊരു പങ്കും ഇല്ലെന്ന് വരുത്തി തീര്‍ക്കാനും പൊതുജന മധ്യത്തില്‍ അവരെ അവഹേളിക്കാനും യശസിന് ഭംഗം വരുത്തുവാനുമുള്ള ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയെ തന്റെ യാത്രയില്‍ കൂട്ടിയതിലൂടെ സി.പി.എമ്മിന്റെ പാര്‍ട്ടി പരിപാടിയായി മാറ്റുകയാണ് മുഖ്യമന്ത്രി ചെയ്തത്. പൊതുസമ്പത്ത് ഉപയോഗിച്ച് നടത്തുന്ന പദ്ധതികളുടെ പരിപാടികളില്‍ ബന്ധപ്പെട്ട എം.എല്‍.എമാര്‍ക്ക് പ്രാമുഖ്യം നല്‍കണമെന്ന 2012ലെ സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനം കൂടി ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്നും ആയതിനാല്‍ പിണറായി വിജയനെതിരെ അവകാശ ലംഘനത്തിന് നടപടി സ്വീകരിക്കണമെന്നുമാണ് നോട്ടീസിലെ ആവശ്യം.

chandrika: