X

ബാഗ്ദാദി സ്വയം ഖലീഫയായി പ്രഖ്യാപിച്ച അല്‍-നൂറി പള്ളി തകര്‍ന്നു

ബാഗ്ദാദ്: ഇസ്‌ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി ഖലീഫയായി സ്വയം പ്രഖ്യാപനം നടത്തിയ മൊസൂളിലെ ഗ്രേറ്റ് മോസ്‌ക് ഓഫ് അല്‍-നൂറി തകര്‍ന്നു.

ഇന്നലെ ഐ.എസും അമേരിക്കന്‍ സഖ്യസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സംഭവം. 800 വര്‍ഷത്തിലേറെ പഴക്കമുള്ള പള്ളി മൊസൂളിന്റെ അടയാളമായാണ് കരുതിയിരുന്നത്.

പള്ളിക്കു സമീപത്തെ അല്‍-ഹദ്ബ മിനാരവും തകര്‍ക്കപ്പെട്ടു. 1172-73 കാലഘട്ടത്തില്‍ നിര്‍മിച്ച ഹദ്ബ ഇറാഖിന്റെ പിസ ടവറെന്നാണ് അറിയപ്പെട്ടിരുന്നത്.


2014ലാണ് അല്‍-നൂറി പള്ളിയില്‍വെച്ച് ബാഗ്ദാദി സ്വയം ഖലീഫയായി പ്രഖ്യാപിച്ചത്. ബാഗ്ദാദി പങ്കെടുത്ത അവസാനത്തെ പൊതു ചടങ്ങും ഇതായിരുന്നു.
അതേസമയം പള്ളി തകര്‍ത്തത് അമേരിക്കയാണെന്ന ആരോപണവുമായി ഐ.എസ് രംഗത്തെത്തി.

സഖ്യസേനയുടെ വ്യോമാക്രമണത്തിലാണ് പള്ളി തകര്‍ന്നതെന്നാണ് ഐ.എസ് ആരോപിക്കുന്നത്. എന്നാല്‍ ആക്രമണം നടത്തിയത് ഐ.എസാണെന്നും പള്ളി തകര്‍ക്കപ്പെട്ടത് ഇറാഖിലെയും മൊസൂളിലെയും ജനങ്ങള്‍ക്കെതിരായ കുറ്റകൃത്യമാണെന്ന് സഖ്യസേന വിശേഷിപ്പിച്ചു.

chandrika: