X

തോറ്റിട്ടും മന്ത്രി ബംഗ്ലാവും സൗകര്യവും ഒഴിയാന്‍ തയ്യാറാകാതെ അല്‍ഫോന്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയായിരിക്കെ അനുവദിച്ച ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍ അല്‍ഫോണ്‍സ് കണ്ണന്താനം വിസമ്മതിച്ചതായി റിപ്പോര്‍ട്ട്. രാജ്യസഭാംഗമെന്ന നിലയില്‍ അനുവദിച്ച പുതിയ ഫ്ളാറ്റ് പോരെന്നും സഹമന്ത്രിയായിരിക്കെ ലഭിച്ച ബംഗ്ലാവ് ഒഴിയില്ലെന്നുമാണ് ഉദ്യോഗസ്ഥരെ കണ്ണന്താനം അറിയിച്ചിരിക്കുന്നത്. നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ് കണ്ണന്താനം.

കഴിഞ്ഞ വര്‍ഷം മേയ് 14ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പ് കണ്ണന്താനത്തില്‍ നിന്നു മാറ്റിയിരുന്നു. പൊതുതെരഞ്ഞെടുപ്പ് വരെ ടൂറിസം മന്ത്രി മാത്രമായി തുടര്‍ന്നു. ഐടി മന്ത്രി ആയിരിക്കെ ആ വകുപ്പില്‍ നിന്നു മന്ത്രിവസതിയിലേക്ക് എടുത്ത സാധനസാമഗ്രികള്‍ ഇതുവരെയും മടക്കി നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്. ഇത് മടക്കി നല്‍കണമെന്ന് ഐ.ടി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസഹമന്ത്രിയുടെ വസതിയില്‍ സിപിഡബ്‌ള്യുഡി ഒരുക്കിയ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്നു കാണിച്ച് അധികമായി എയര്‍കണ്ടീഷനറുകള്‍ ഘടിപ്പിച്ചതും വീട്ടിലെ ഇന്റീരിയര്‍ ചെയ്തതും ഐടി വകുപ്പിലെ ഫണ്ട് ഉപയോഗിച്ചായിരുന്നു.
ഇതിനിടയില്‍ ടൂറിസം വകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോള്‍ കൈപറ്റിയ വസ്തുക്കളും മടക്കി നല്‍കാന്‍ തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് ടൂറിസം ഡയറക്ടര്‍ മീനാക്ഷി ശര്‍മ്മയും കണ്ണന്താനത്തിന് കത്തയച്ചിട്ടുണ്ട്

പൊതുതെരഞ്ഞെടുപ്പില്‍ എറണാകുളത്തു സ്ഥാനാര്‍ഥി ആയിരുന്ന കണ്ണന്താനത്തിനു കെട്ടിവച്ച തുക നഷ്ടപ്പെട്ടിരുന്നു. പുതിയ കേന്ദ്രസര്‍ക്കാരില്‍ മന്ത്രിസ്ഥാനവും നഷ്ടമായതോടെ ജൂനിയര്‍ എംപിമാര്‍ക്കുള്ള ഫ്‌ലാറ്റിലേക്കു കണ്ണന്താനം മാറണമെന്നു സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനെതുടര്‍ന്നു സാധനങ്ങള്‍ മാറ്റാന്‍ ജീവനക്കാര്‍ എത്തിയെങ്കിലും നിസ്സഹകരണത്തെതുടര്‍ന്നു സാധിച്ചില്ലെന്നാണ് വിവരം. അതേസമയം വിവിധ മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടും വിഷയത്തില്‍ ഇതേവരെ കണ്ണന്താനം പ്രതികരിച്ചിട്ടില്ല.

Guest: