X

ഞങ്ങള്‍ മരിക്കുന്നത് വരെ രോഗികളെ ശുശ്രൂഷിക്കും അല്‍ശിഫയിലെ ഡോക്ടര്‍മാര്‍

ഗസ്സ: വംശവെറി മൂത്ത് ആതുരാലയത്തില്‍ വരെ കൂട്ടക്കുരുതി നടത്തുന്ന ഇസ്രാഈല്‍ ക്രൂരതക്ക് മുന്നില്‍ പതറാതെ അല്‍ശിഫ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ രോഗികളെ തങ്ങളുടെ അന്ത്യശ്വാസം വരെ പരിചരിക്കുമെന്ന് അല്‍ശിഫയിലെ ഡോക്ടര്‍മാര്‍ പ്രതിജ്ഞയെടുത്തതായി ഗസയിലെ ആശുപത്രികളുടെ ജനറല്‍ ഡയറക്ടര്‍ ഡോ. മുനീര്‍ അല്‍ ബുര്‍ഷ് പറഞ്ഞു. ഒഴിഞ്ഞുപോകണമെന്ന് ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് ഡോക്ടര്‍മാര്‍ തങ്ങളുടെ തീരുമാനം വ്യക്തമാക്കിയത്.

ഇസ്രാഈല്‍ അധിനിവേശ സേന ഇപ്പോഴും ആശുപത്രിക്കുള്ളില്‍ സര്‍വനാശം വിതച്ച് അഴിഞ്ഞാടുകയാണ്. ‘അവര്‍ (ഇസ്രാഈല്‍ സേന) ഇപ്പോഴും ഇവിടെയുണ്ട്. രോഗികളും സ്ത്രീകളും കുട്ടികളും ഭയചകിതരാണ്. രോഗികളെ തങ്ങളുടെ അന്ത്യശ്വാസം വരെ പരിചരിക്കുമെന്ന് അല്‍ശിഫയിലെ ഡോക്ടര്‍മാര്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട്’ ഡോ. മുനീര്‍ പറഞ്ഞു. രോഗികള്‍ക്കും ജീവനക്കാര്‍ക്കും ആശുപത്രിയില്‍ അഭയം തേടിയ കുടുംബങ്ങള്‍ക്കും പുറത്തുപോകാന്‍ സുരക്ഷിതമായ ഇടനാഴി ഉറപ്പാക്കാന്‍ അദ്ദേഹം ഐക്യരാഷ്ട്രസഭയോടും റെഡ് ക്രോസ് ഇന്റര്‍നാഷണല്‍ കമ്മിറ്റിയോടും ആവശ്യപ്പെട്ടു.

കുറഞ്ഞത് 2,300 രോഗികളും ജീവനക്കാരും സാധാരണക്കാരും ആശുപത്രയില്‍ ഇപ്പോഴും ഉണ്ടെന്നാണ് ഐക്യരാഷ്ട്ര സഭ കണക്കാക്കുന്നത്. ആശുപത്രിയില്‍ കയറിയ ഇസ്രാഈല്‍ സൈന്യം രോഗികളുടെയും ആശുപത്രി ജീവനക്കാരുടെയും കണ്‍മുന്നില്‍ അതിക്രമം അഴിച്ചുവിടുകയാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആശുപത്രിയിലെ മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും സംഭരണശാല ഇസ്രാഈല്‍ സൈന്യം തകര്‍ത്തു.

ആശുപത്രിയില്‍ അഭയം തേടിയ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പുറത്തേക്ക് കൊണ്ടുപോയ 30 ഓളം പേരെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി കണ്ണുകള്‍ മൂടിക്കെട്ടി ആശുപത്രി മുറ്റത്ത് നിര്‍ത്തി. ആശുപത്രിക്കുള്ളിലെ ആക്രമണത്തെ തുടര്‍ന്ന് പുറത്തേക്ക് ഓടുമ്പോള്‍, പുറത്ത് കാത്തുനിന്നും ജനത്തിനുനേര്‍ക്ക് വെടിവെപ്പ് നടത്തുകയാണ്. എല്ലാ ദിശകളില്‍ നിന്നും ഇസ്രാഈല്‍ സൈനിക ടാങ്കുകള്‍ അല്‍ ശിഫ ആശുപത്രിയെ വളഞ്ഞിരിക്കുകയാണ്. തീവ്രമായ ഷെല്ലാക്രമണവും നടത്തുന്നുണ്ട്.

രോഗികളെ തെരുവുകളിലേക്ക് ഇറക്കി വിടില്ലെന്ന് ആശുപത്രി അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. സുരക്ഷിതമായ മാനുഷിക ഇടനാഴിയിലൂടെ രോഗികളുടെ ആരോഗ്യം പരിഗണിച്ച് മാത്രമേ ഒഴിപ്പിക്കല്‍ നടത്തൂവെന്ന് ആശുപത്രി ഡയറക്ടര്‍ അറിയിച്ചതായി ഗസ്സ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

webdesk14: