X

മൂന്ന് യു.എസ് ശാസ്ത്രജ്ഞര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍

സ്‌റ്റോക്‌ഹോം: ശരീരത്തിലെ ജൈവഘടികാരത്തെ നിയന്ത്രിക്കുന്ന തന്മാത്രാ സംവിധാനത്തെ കണ്ടെത്തിയ ജെഫ്രി ഹാള്‍, മൈക്കല്‍ റോസ്ബാഷ്, മൈക്കല്‍ യങ് എന്നീ യു.എസ് ശാസ്ത്രജ്ഞര്‍ക്ക് 2017ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം.
രാത്രിയില്‍ ഉറങ്ങാനുള്ള കാരണം ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന ജൈവഘടികാരമാണ്. ഇതിലെ ജീനാണ് രാത്രിക്കും പകലിനും അനുസരിച്ച് ശരീരത്തെ സ്വയം ക്രമീകരിക്കാന്‍ പ്രാപ്തമാക്കുന്നത്. മനുഷ്യനില്‍ മാത്രമല്ല, സസ്യങ്ങളിലും മൃഗങ്ങളിലും ഫംഗസുകളിലും ഈ ജീനുകളുണ്ട്. ശരീരത്തിലെ വ്യത്യസ്ത അവസ്ഥകള്‍, ഹോര്‍മോണ്‍ സ്ഥിതി, ശരീരോഷ്മാവ്, ശരീരപോഷണം തുടങ്ങിയവയിലെല്ലാം ജൈവഘടികാരത്തിലെ ജീനുകള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ഇടക്കാലത്ത് ജൈവഘടികാരത്തിലുണ്ടാകുന്ന തടസ്സങ്ങള്‍ ഓര്‍മയുടെ രൂപീകരണത്തെപ്പോലും ബാധിക്കും. ദീര്‍ഘകാല തടസ്സം പ്രമേഹം, അര്‍ബുദം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങള്‍ക്കും കാരണമാകുമെന്ന് ഇവര്‍ നടത്തിയ പഠനം പറയുന്നു.

chandrika: