X

ഗൗരിലങ്കേഷ് വധം: മോദിക്കെതിരെ തുറന്നടിച്ച് പ്രകാശ് രാജ്

ബംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിശബ്ദദത തുടര്‍ന്നാല്‍ ലഭിച്ച അഞ്ച് ദേശീയ പുരസ്‌കാരങ്ങളും തിരിച്ചു നല്‍കുമെന്ന് സിനിമാ താരം പ്രകാശ് രാജ്. മോദി തന്നെക്കാള്‍ വലിയ നടനാണെന്നും ബഹുമുഖ പ്രതിഭയാണെന്നും അദ്ദേഹം പറഞ്ഞു. ഗൗരി ലങ്കേഷിന്റെ മരണത്തില്‍ പ്രതികളെ ഇനിയും പിടികൂടാത്ത സാഹചര്യത്തിലാണ് പ്രകാശ് രാജിന്റെ വിമര്‍ശനം. ഡിവൈഎഫ്‌ഐ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടിയന്തരമായി പരിഹരിക്കേണ്ട പല വിഷയങ്ങളും രാജ്യത്തുണ്ട്. എന്നാല്‍ നിസ്സാര വിഷയങ്ങളില്‍ സമയം കളയുകയാണ് നമ്മള്‍. സുപ്രധാന വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ കാണാതെ പോകരുത്. രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്നാലോചിക്കുമ്പോള്‍ ആശങ്കാകുലനാകുകയാണ്. ഞാനൊരു അറിയപ്പെടുന്ന നടനാണ്. നിങ്ങളുടേത് അഭിനയമാണെന്നു തിരിച്ചറിയാന്‍ പറ്റില്ലെന്നാണോ കരുതുന്നത്. എന്താണ് സത്യം, എന്താണ് അഭിനയം എന്നു മനസിലാക്കാന്‍ എനിക്കു കഴിയുമെന്ന പരിഗണന കാണിക്കണം.

മൗനം തുടരുകയാണെങ്കില്‍ അവാര്‍ഡുകള്‍ തിരികെ നല്‍കുന്നതിനെ കുറിച്ച് ഞാന്‍ ആലോചിക്കുകയാണ്. ഗൗരി ലങ്കേഷ് അടുത്ത സുഹൃത്തായിരുന്നു. ഗൗരിയെ വധിച്ചവരെ പിടികൂടുകയോ പിടിക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍, ഒരു വിഭാഗം ആളുകള്‍ ഗൗരിയുടെ മരണം സമൂഹ മാധ്യമങ്ങളിലൂടെ ആഘോഷിക്കുകയാണ്. അത് മറ്റാരുമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായികളാണ് എന്നും പ്രകാശ് രാജ് പറഞ്ഞു.

സ്വന്തം അനുയായികളുടെ ഈ ആഘോഷപ്രകടനത്തിന് നേരെ മോദി കണ്ണടയ്ക്കുന്നത് ഒരു നടന്‍ സ്വന്തം ആരാധകരെ തൃപ്തിപ്പെടുത്താന്‍ അഭിനയിക്കുന്നത് പോലെയാണ്. ഇത്തരം ആഘോഷക്കാരെ ട്വിറ്ററില്‍ മോദി ഫോളോ ചെയ്യുക പോലും ചെയ്യുന്നുവെന്നും പ്രകാശ് രാജ് വിമര്‍ശിച്ചു. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാണോ ക്ഷേത്രത്തിലെ പൂജാരിയാണോ എന്ന് തിരിച്ചറിയാനാവുന്നില്ല. രാജ്യത്തിന്റെ ഭാവിയ്ക്ക് ഈ അസഹിഷ്ണുത ഗുണം ചെയ്യില്ല. നല്ല ദിവസങ്ങള്‍ നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയുമോ. നിങ്ങള്‍ അഭിനയിക്കുകയാണെന്നു എനിക്ക് പറയാന്‍ കഴിയും.

രാജ്യത്തിന്റെ അധികാരം തെറ്റായ കൈകളിലാണ് നമ്മള്‍ ഏല്‍പ്പിച്ചത് എന്നും പ്രകാശ് രാജ് പറഞ്ഞു. 1997, 1999, 2007, 2010ല്‍ കേന്ദ്രപുരസ്‌കാരങ്ങള്‍ പ്രകാശ് രാജിനു ലഭിച്ചിരുന്നു.

chandrika: