X

കര്‍ഷക സമരം; ഞെട്ടിവിറച്ച് ഡല്‍ഹി- അടിയന്തര യോഗം വിളിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടക്കുന്ന പ്രതിഷേധം ശക്തമായി മുന്നോട്ട്. തുടര്‍ച്ചയായ അഞ്ചാം ദിവസവും ഡല്‍ഹിയില്‍ പ്രതിഷേധം തുടരുകയാണ്. തങ്ങളുടെ ആവശ്യങ്ങള്‍ ചെവിക്കൊണ്ടില്ലെങ്കില്‍ ഡല്‍ഹിയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും അടയ്ക്കുമെന്ന് കര്‍ഷകര്‍ ഭീഷണി മുഴക്കി.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഞായറാഴ്ച രാത്രി ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ബുറാഡി മൈതാനത്തേക്കു കര്‍ഷകര്‍ മാറിയാല്‍ വിജ്ഞാന്‍ ഭവനില്‍ ഉന്നതതല മന്ത്രി സംഘം ചര്‍ച്ചയ്ക്കു തയാറാണെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് കര്‍ഷകര്‍ തള്ളിയതിനു പിന്നാലെയായിരുന്നു യോഗം.

സോണിപത്, റോഹ്തക്, ജയ്പുര്‍, ഗാസിയാബാദ്-ഹപൂര്‍, മഥുര എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രാ മാര്‍ഗം തടസ്സപ്പെടുത്തും എന്നാണ് കര്‍ഷകര്‍ മു്ന്നറിയിപ്പു നല്‍കിയിട്ടുള്ളത്.

ബുറാഡി പാര്‍ക്കില്‍ പ്രതിഷേധമിരിക്കാനാണ് സര്‍ക്കാര്‍ കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പാര്‍ക്ക് തുറന്ന ജയിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു.

ആവശ്യം അംഗീകരിക്കുംവരെ സമരം എന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. ഭക്ഷണവും വസ്ത്രവുമായാണ് കര്‍ഷകര്‍ ഡല്‍ഹിയിലെത്തിയിട്ടുള്ളത്. തണുപ്പിനെ അതിജീവിക്കാന്‍ വൈക്കോലും കമ്പിളിയും വിരിച്ചാണ് ഇവരുടെ ഉറക്കം. ധാന്യങ്ങളും ഭക്ഷ്യവസ്തുക്കളും ഇവര്‍ കരുതിയിട്ടുണ്ട്.

ബുരാരിയിലെ തുറന്ന ജയിലിലേക്ക് പോകുന്നതിന് പകരം ഡല്‍ഹിയിലേക്കുള്ള അഞ്ച് പ്രവേശന കവാടങ്ങള്‍ ഉപരോധിക്കാനാണ് ഞങ്ങളുടെ തീരുമാനം. ഞങ്ങള്‍ നാലു മാസത്തെ റേഷന്‍ കരുതിയിട്ടുണ്ട്. അതു കൊണ്ടു തന്നെ ഭയക്കാന്‍ ഒന്നുമില്ല

സുര്‍ജീത് ഫുല്‍
ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡണ്ട്

രണ്ടു മാസം മുമ്പെ ആസൂത്രണം ചെയ്ത പ്രതിഷേധത്തില്‍ മൂന്നു ലക്ഷത്തോളം കര്‍ഷകര്‍ പങ്കെടുക്കുന്നുണ്ട് എന്നാണ് കര്‍ഷക നേതാക്കള്‍ പറയുന്നത്. അഞ്ചൂറിലേറെ കര്‍ഷക സംഘടനകളുടെ പിന്തുണ സമരത്തിനുണ്ട്.

Test User: