X

അമിത്ഷായുമായി ചര്‍ച്ചക്കില്ലെന്ന് ശിവസേന; മുംബൈ യാത്ര റദ്ദാക്കി അമിത്ഷാ; മഹാരാഷ്ട്രയില്‍ പ്രതിസന്ധി കനക്കുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ബിജെ.പിയും സഖ്യകക്ഷിയായ ശിവസേനയും തമ്മില്‍ തര്‍ക്കം തുടരുന്നു. ഇന്ന് ശിവസേന നേതാവ് താക്കറെയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്നും ശിവസേന പിന്‍മാറിയതോടെ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. ഇതോടെ മുംബൈ യാത്ര അമിത്ഷാ റദ്ദാക്കി. മുഖ്യമന്ത്രിപദം രണ്ടര വര്‍ഷത്തേക്ക് ശിവസേനക്ക് നല്‍കാമെന്ന് അമിത്ഷാ വാഗ്ദാനം നല്‍കിയിരുന്നുവെന്നാണ് ശിവസേനയുടെ വാദം.

അതേസമയം, മുഖ്യമന്ത്രിപദം പങ്കുവെക്കുന്നതുസംബന്ധിച്ച് ശിവസേനക്ക് നേരത്തേ ഉറപ്പൊന്നും കൊടുത്തിട്ടില്ലെന്നും ശിവസേനയുടെ 50:50 ഫോര്‍മുല അംഗീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ചര്‍ച്ചയില്‍നിന്ന് പിന്മാറുന്ന കാര്യം ശിവസേന അറിയിച്ചത്.

മുഖ്യമന്ത്രിപദം രണ്ടരവര്‍ഷംവീതം പങ്കുവെക്കണമെന്ന് ശിവസേനയും അതുപറ്റില്ലെന്ന് ബിജെപിയും പിടിവാശിയിലാണ്. ഇതുമൂലമാണ് തെരഞ്ഞെടുപ്പുഫലം വന്ന് അഞ്ചുദിവസം പിന്നിട്ടിട്ടും മന്ത്രിസഭാ രൂപീകരണത്തിലേക്ക് കടക്കാന്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്കും സഖ്യകക്ഷിയായ ശിവസേനക്കും കഴിയാത്തത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മുഖ്യമന്ത്രിപദം 50:50 അനുപാതത്തില്‍ പങ്കുവെക്കാമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ലോക്‌സഭാ തെരഞ്ഞടുപ്പുവേളയില്‍ ഉറപ്പുനല്‍കിയിരുന്നു എന്നാണ് ശിവസേന പറയുന്നത്. ഈ ധാരണയില്‍നിന്ന് പിന്നോട്ടില്ലെന്ന് ശിവസേനാ നേതാക്കള്‍ ആവര്‍ത്തിക്കുന്നു.

എന്നാല്‍, അങ്ങനെയൊരു ഉറപ്പ് ആരും ശിവസേനക്ക് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ചൊവ്വാഴ്ച പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരിന് അടുത്ത അഞ്ചുവര്‍ഷത്തേക്ക് ബിജെപി തന്നെ നേതൃത്വം നല്‍കുമെന്നും അഞ്ചുവര്‍ഷക്കാലവും ശിവസേന മന്ത്രിസഭയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവനയാണ് ശിവസേനയെ പ്രകോപിപ്പിച്ചത്. ഫഡ്‌നാവിസ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ സത്യത്തിന്റെ നിര്‍വചനംതന്നെ മാറ്റേണ്ടിവരുമെന്ന് ശിവസേനാനേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. അമിത് ഷായുടെ സാന്നിധ്യത്തില്‍ ഫഡ്‌നാവിസ് തന്നെയാണ് പദവികള്‍ തുല്യമായി പങ്കുവെക്കാമെന്ന നിര്‍ദേശം വെച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഫഡ്‌നവിസ് ഇതേക്കുറിച്ച് സംസാരിക്കുന്ന വീഡിയോദൃശ്യവും ശിവസേന പുറത്തുവിട്ടിട്ടുണ്ട്.

chandrika: