X

കുവൈറ്റില്‍ പൊതുമാപ്പ് അവസാനിച്ചു: അനധികൃതമായി താമസിക്കുന്നവരെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കി ഭരണകൂടം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പൊതുമാപ്പിന്റെ സമയം അവസാനിച്ച സാഹചര്യത്തില്‍ രാജ്യത്ത് അനധികൃതരായ താമസിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കി കുവെറ്റ് ഭരണകൂടം. കഴിഞ്ഞ ദിവസമാണ് നിയമാനുസൃതമായ താമസ രേഖകളില്ലാതെ കുവൈറ്റില്‍ കഴിഞ്ഞിരുന്ന വിദേശികള്‍ക്കായി പ്രഖ്യാപിച്ച പൊതു മാപ്പ് സമയം അവസാനിച്ചത്. ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ജനുവരി 29 നാണ് രേഖകള്‍ ഇല്ലാതെ കുവൈറ്റില്‍ താമസിക്കുന്നവര്‍ക്കായി പൊതുമാപ്പ് ഭരണകൂടം പ്രഖ്യാപിച്ചത്.

ഇത്തരത്തില്‍ താമസമാക്കിയവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യത്തു നിന്നും തിരികെ പോകുവാനും പിഴയടച്ച ശേഷം രേഖകള്‍ തയാറാക്കുവാനുമായി 25 ദിവസമാണ് ആദ്യം അനുവദിച്ചിരുന്നത്.എന്നാല്‍ വിദേശരാജ്യ എംബസികളുടെ അഭ്യര്‍ഥന മാനിച്ച് രണ്ടു മാസത്തേക്ക് കാലാവധി നീട്ടിയിരുന്നു.

1,54,000 പേരാണ് രാജ്യത്ത് പാതു മാപ്പ് പ്രഖ്യാപിക്കുമ്പോള്‍ അധികാരികളുടെ കണക്കുപ്രകാരം ഇഖാമയില്ലാതെ താമസിച്ചിരുന്നത്്. എന്നാല്‍ ഇതില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ പൊതു മാപ്പിനായി മുന്നോട്ടു വന്നില്ലെന്നും അധികൃതര്‍ പറയുന്നു. അതേസമയം പൊതുമാപ്പില്‍ 27000 ഇന്ത്യക്കാരില്‍ 15000 പേര്‍ നാട്ടിലേക്ക് തിരികെ പോവുകയും 5000 പേര്‍ പിഴയടച്ച് നിയമവിധേയമായി തുടരുകയും ചെയ്തു. 11000 ഔട്ട് പാസുകളാണ് പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ക്കായി ഇന്ത്യന്‍ എംബസി വിതരണം ചെയ്തത്.

chandrika: