X

സിപിഎമ്മില്‍ ഭിന്നത; കെഎസ്എഫ്ഇയിലെ റെയ്ഡിനെതിരെ പരസ്യവിമര്‍ശനവുമായി ആനത്തലവട്ടം

തിരുവനന്തപുരം: കെഎസ്എഫ്ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതിനു പിന്നാലെ സിപിഎമ്മില്‍ ഭിന്നത രൂക്ഷമാകുന്നു. റെയ്ഡ് നടത്തിയവര്‍ക്ക് വട്ടാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. റെയ്ഡിനെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. റെയ്ഡിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

ആരാണ് പരാതിക്കാരെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് വേണ്ടിയാണ് റെയ്ഡ് നടത്തിയത്. പ്രത്യാഘാതം എന്താണെന്ന് സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചില്ല. സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കുകയാണ് ലക്ഷ്യം. വിജിലന്‍സിനെ അവര്‍ ആയുധമാക്കുകയാണ്. എന്താണ് നടക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ആനത്തലവട്ടം ആനന്ദന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി തന്നെ നിയന്ത്രിക്കുന്ന വിജിലന്‍സ്, റെയ്ഡ് നടത്തിയതില്‍ പല നേതാക്കള്‍ക്കും അഭിപ്രായഭിന്നതയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് റെയ്ഡ് നടത്തിയത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. റെയ്ഡില്‍ നിരവധി ക്രമക്കേടുകളും കണ്ടെത്തി. അതേ സമയം മുഖ്യമന്ത്രിക്കാണോ വട്ടെന്ന് തോമസ് ഐസക് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം വന്‍ അഴിമതിയാണ് കെഎസ്എഫ്ഇയില്‍ നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

 

web desk 3: