X

മഹാരാഷ്ട്രയില്‍ തൊഴിലാളികളുടെ 60,000 കോടിയുടെ ഇന്‍ഷൂറന്‍സ് പദ്ധതി റിലയന്‍സിന്

മുംബൈ: എന്‍.ഡി.എ സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയില്‍ തൊഴിലാളികളുടെ ഇന്‍ഷൂറന്‍സ് പദ്ധതി (ഇ.എസ്.ഐ.സി) കൈകാര്യം ചെയ്യാനുള്ള അധികാരം അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്‌മെന്റ് കൈവശപ്പെടുത്തി. തങ്ങളുടെ മികച്ച പ്രകടനം വിലയിരുത്തി നല്‍കിയ അനുമതിക്ക് പ്രത്യേക നന്ദി അറിയിച്ചു കൊണ്ട് റിലയന്‍സ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയരക്ടറും സി.ഇ.ഒയുമായ സന്ദീപ് സിക്കയാണ് ഇക്കാര്യം അറിയിച്ചത്. 31.3.2017ലെ കണക്ക് അനുസരിച്ച് 59,382 കോടി രൂപയാണ് മഹാരാഷ്ട്രയിലെ ഇ.എസ്.ഐ.സി നിക്ഷേപം. ഇത് ഇനി റിലയന്‍സ്, ജപ്പാന്റെ നിപ്പോണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് സംയുക്ത സംരഭമായിരിക്കും കൈകാര്യം ചെയ്യുക.

നിലവില്‍ മഹാരാഷ്ട്രയില്‍ തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട്, കല്‍ക്കരി ഖനി പ്രൊവിഡന്റ് ഫണ്ട് എന്നിവയും റിലയന്‍സാണ് കൈകാര്യം ചെയ്യുന്നത്. ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് റിലയന്‍സ്-നിപ്പോണ്‍ കമ്പനിക്ക് 4.10 ലക്ഷം കോടി രൂപയുടെ ആസ്തിയാണുള്ളത്. നേരത്തെ ജമ്മുകശ്മീര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി റിലയന്‍സ് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയത് വിവാദമായിരുന്നു.

chandrika: