X

അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുക്കത്തിന് വേഗത കൂടി

ലണ്ടന്‍: അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുക്കം പലമടങ്ങ് വര്‍ധിച്ചതായി പഠന റിപ്പോര്‍ട്ട്. 1992 മുതല്‍ 2017 വരെയുള്ള സാറ്റലൈറ്റ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുസംഘം യു.എസ്, ബ്രിട്ടീഷ് ഗവേഷകരാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
ആഗോളതലത്തില്‍ സമുദ്ര ജലനിരപ്പ് ഗണ്യമായി വര്‍ധിക്കാന്‍ ഇത് കാരണമാകുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2012 മുതല്‍ 0.2 മില്ലിമീറ്റര്‍ തോതിലാണ് സമുദ്ര ജലനിരപ്പ് ഉയര്‍ന്നിരുന്നത്. 2017ല്‍ 0.6 മില്ലിമീറ്റര്‍ നിരക്കില്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയിലാണ് ഏറ്റവും കൂടുതല്‍ മഞ്ഞുരുക്കം സംഭവിച്ചിരിക്കുന്നത്. ഇവിടെ 25 വര്‍ഷത്തിനിടെ മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. മഞ്ഞുപാളികളുടെ ഉയരത്തിലുണ്ടാകുന്ന മാറ്റങ്ങളും അവ സമുദ്രത്തിലേക്ക് ഒഴുകുന്ന വേഗതയും പരിഗണിച്ചാണ് മഞ്ഞുരുക്കത്തിന്റെ വേഗത കണക്കാക്കുന്നത്. 1992നുശേഷം സമുദ്ര ജലനിരപ്പ് മൊത്തം എട്ട് സെന്റീമീറ്റര്‍ ഉയര്‍ന്നിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ആഗോളതാപനമാണ് അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുക്കത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

chandrika: