X

ഗുജറാത്തില്‍ ഭരണവിരുദ്ധ വികാരം

അലി കട്ടയാട്ട്

കായിക പ്രേമികളുടെ കണ്ണ് ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്ന ഖത്തറിലാണെങ്കിലും ഇന്ത്യയുടെ ശ്രദ്ധ ഏവരും ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പിലാണ്. കായികപ്രേമികള്‍ക്കുള്ള ആവേശം പോലെയാണ് ഗുജറാത്തിലെ നിയമസഭാതിരഞ്ഞെടുന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിഴലിച്ചുനില്‍ക്കുന്നത്. വീറും വാശിയും ശക്തമാണ് ഗുജറാത്തില്‍. 1957 ല്‍ ബോംബെ സംസ്ഥാനത്തിന്റ ഭാഗമായിരുന്ന ഗുജറാത്ത് 1960 ലാണ് പുതിയ സംസ്ഥാനമാകുന്നത്. 1962ല്‍ ആണ് ആദ്യത്തെ തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും തട്ടകമാണ് ഗുജറാത്ത്. 27 വര്‍ഷമായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് ഗ്രാമങ്ങളിലും പട്ടണങ്ങളിലും വ്യത്യാസമില്ലാതെ ശക്തമായ ഭരണവിരുദ്ധ വികാരമാണ് പ്രതിഫലിക്കുന്നത്.

യുവാക്കളിലെ തൊഴിലില്ലായ്മയാണ് ബി.ജെ.പി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ശതകോടീശ്വരന്മാരുള്ള നാടാണ് ഗുജറാത്ത് എങ്കിലും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അനന്തരം വര്‍ധിച്ചുവരികയാണ്. ഇതുമൂലം ദാരിദ്ര്യത്തിനും താഴെയുള്ളവര്‍ ഇന്ത്യയുടെ ശരാശരിയെക്കാള്‍ കൂടുതലാണ്. ജി.എസ്.ടി നടപ്പാക്കിയതില്‍ വ്യാപാരികള്‍ക്കിടയില്‍ ശക്തമായ അമര്‍ഷമാണുള്ളത്. ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള മറ്റൊരു വിഷയമണ് മോര്‍ബി തൂക്കുപാലം തകര്‍ന്നു 53 കുട്ടികള്‍ ഉള്‍പ്പെടെ 140 ഓളം പേര്‍ മരിച്ചത്. ഈ ദുരന്തത്തിന് ഗുജറാത്ത് ഹൈക്കോടതിയുടെ വിമര്‍ശംവരെ ഗവണ്‍മെന്റിന് നേരിടേണ്ടിവന്നിട്ടുണ്ട്. ദുരന്തം ഉണ്ടായി നാള്‍ ഏറെയായിട്ടും ഇതുവരെ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ബി.ജെ.പി നേതൃത്വമോ ഖേദം പോലും പ്രകടിപ്പിക്കാത്തത് ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുണ്ട്. സാമ്പത്തിക രംഗത്തും സര്‍ക്കാര്‍ ഏറെ പിന്നോട്ടായ അവസ്ഥയിലാണ്.

11 ശതമാനം ഉണ്ടായിരുന്ന ഡി.ജി.പി വളര്‍ച്ച നിരക്ക് എട്ടു ശതമാനത്തിന് താഴെയായി. ആരോഗ്യരംഗത്തും ഗുജറാത്ത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിറകിലാണ്. 1995 മുതല്‍ 2014 വരെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ പ്രതാപമാണ് ബി.ജെ.പി ഇപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നത്. നരേന്ദ്രമോദിക്ക്‌ശേഷം കഴിഞ്ഞ എട്ടു വര്‍ഷത്തിനുള്ളില്‍ മൂന്നു മുഖ്യമന്ത്രിമാരെ പരീക്ഷിക്കേണ്ടിവന്നു. ബി.ജെ.പിയുടെ ഭരണ പരാജയമാണ് ഇത് തെളിയിക്കുന്നത്. ആനന്ദ് പട്ടേല്‍ രണ്ടുവര്‍ഷം മാത്രമാണ് മുഖ്യമന്ത്രിയായത.് അപ്പോഴേക്കും അദ്ദേഹത്തിനെതിരെ കലാപക്കൊടി ഉയര്‍ന്നു. അവര്‍ ഉന്നയിച്ച വിഷയം ഭരണ പരാജയമായിരുന്നു. പിന്നീട് വിജയ് രൂപാണിയെ പരീക്ഷിച്ചു. 2021 സെപ്തംബറില്‍ വിജയ് രൂപാണി ബി.ജെ.പി നിര്‍ദ്ദേശപ്രകാരം രാജിവച്ചു. കോവിഡ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പരാജയമാണെന്ന് പൊതു വിലയിരുത്തല്‍ ഉണ്ടായി. പിന്നീട് ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കി. വിജയ് രൂപാണി മന്ത്രിസഭയിലെ ഒരാളെപ്പോലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ഭൂപേന്ദ്ര പട്ടേല്‍ തയ്യാറായില്ല.

ഭരണവിരുദ്ധ വികാരവും ബി.ജെ. പിയിലെ ആഭ്യന്തര കലാപവും വോട്ടാക്കി മാറ്റിയാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പ്രവചിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലും ബി.ജെ.പി നേതാക്കള്‍ക്കിടയില്‍ മുറുമുറുപ്പുണ്ട്. മുന്‍ മുഖ്യമന്ത്രി വിജയരൂപാര്‍ണി ഉള്‍പ്പെടെയുള്ളവര്‍ക്ക് 75 വയസ്സ് മാനദണ്ഡംവെച്ച് സീറ്റ് നിഷേധിച്ചപ്പോള്‍ 77 വയസ്സുള്ള യോഗേഷ് പട്ടേലിന് വാഡോദരയില്‍ സ്വീറ്റ് നല്‍കിയത് ഒരു വിഭാഗം ബി.ജെ.പി നേതാക്കളെ ചൊടി പ്പിച്ചിട്ടുണ്ട്. ഏഴു എം.എല്‍.എമാര്‍ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരരംഗത്തുണ്ട്. ഇവരെ പാര്‍ട്ടിയില്‍ നിന്നും ബി.ജെ.പി പുറത്താക്കിയിരിക്കുകയാണ്. ബല്‍കീസ് ബാനു വധ കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കാന്‍ മുന്‍കൈ എടുത്ത സി കെ റൗല്‍ ജിക്ക് സീറ്റ് നല്‍കിയത് ഏറെ വിവാദമായിട്ടുണ്ട്. സംസ്‌കാരമുള്ള ബ്രാഹ്മണന്‍ എന്നാണ് പ്രതികളെ അദ്ദേഹം വിശേഷിപ്പിച്ചത്. കോണ്‍ഗ്രസില്‍നിന്ന് കൂറുമാറി വന്ന എം.എല്‍.എമാര്‍ക്ക് ബി.ജെ.പി സീറ്റ് നല്‍കിയതും ബി.ജെ.പി നേതാക്കള്‍ ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ഭരണവിരുദ്ധ വികാരവും പാര്‍ട്ടിയിലെ ആഭ്യന്തര കലാപവും മറികടക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിമാചല്‍പ്രദേശിനൊപ്പം ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പെരുമാറ്റചട്ടം നിലവില്‍ വരും. ഈ സമയത്ത് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ നിരവധി വാഗ്ദാനങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കിയതും നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതും. 33 ജില്ലകളില്‍ പ്രധാനമന്ത്രി നേരിട്ട് പ്രചാരണത്തിന് എത്തുന്നുണ്ട്. പ്രധാനമന്ത്രിക്ക്പുറമേ ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി മുഖ്യമന്ത്രിമാരും തിരഞ്ഞെടുപ്പ് ഗോദയില്‍ സജീവമാണ്. ഭൂപെന്ദ്ര പട്ടേല്‍ തന്നെയാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. ഘത് ലോടിയ മണ്ഡലതില്‍നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്.

മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച കോണ്‍ഗ്രസ് വര്‍ധിത ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തി ല്‍ സജീവമാണ്. രാഹുല്‍ ഗാന്ധി ജോഡോ യാത്രക്ക് ബ്രേക്ക് പ്രഖ്യാപിച്ച് സൂറത്തിലും രാജുഗട്ടിലും തിരഞ്ഞെടുപ്പ് പ്രചാരത്തിന് തുടക്കംകുറിച്ചു. പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗയും വരുംദിവസങ്ങളില്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് ഗോധയില്‍ ഉണ്ടാകും. 27 വര്‍ഷത്തെ ബി.ജെ.പി ഭരണ പരാജയമാണ് കോണ്‍ഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പായുധം.
ബി.ജെ.പിയെയും ആം ആദ്മി പാര്‍ട്ടി യെയും പോലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മതേതര വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ തീവ്ര ഹിന്ദുത്വവും മൃദു ഹിന്ദുത്വവും പ്രചരിപ്പിച്ച് ആം ആദ്മി പാര്‍ട്ടിയും തിരഞ്ഞെടുപ്പ് ഗോദയില്‍ സജീവമാണ്.

മാധ്യമപ്രവര്‍ത്തകനായ ഇസുദാഗഡ് വിയാണ് ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ദ്വാരക മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സൗരാഷ്ട്ര മേഖലയില്‍ ആണ് ആം ആദ്മിയുടെ പ്രധാന കണ്ണ്. 54 നിയമസഭ സീറ്റുകള്‍ ആണ് ഈ മേഖലയിലുള്ളത്. പട്ടേല്‍ വിഭാഗത്തിന് ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് സൗരാഷ്ട്ര മേഖല. കഴിഞ്ഞതവണ ഈ മേഖലയില്‍ കോണ്‍ഗ്രസിന് 30 സീറ്റ് ലഭിച്ചിരുന്നു. അന്ന് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു. അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രിയുമാണ് ആം ആദ്മിയുടെ താര പ്രചാരകര്‍. ആം ആദ്മി ഏതാനും ചില സീറ്റുകള്‍ കൈക്കലാക്കുമെങ്കിലും മുഖ്യമത്സരം കോണ്‍ഗ്രസ്സും ബി.ജെ.പിയും തമ്മിലാണ്. ബി.എസ്.പി, ഉവൈസയുടെ മജ്‌ലിസ് പാര്‍ട്ടി തുടങ്ങി 39 രാഷ്ട്രീയപാര്‍ട്ടികള്‍ മത്സര രംഗത്തുണ്ട്. ഡിസംബര്‍ 1, 5 തീയതികളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. കഴിഞ്ഞ തവണ ആകെയുള്ള 182 സീറ്റില്‍ ബി. ജെ.പിക്ക് 99 സീറ്റ് ലഭിച്ചു. കോണ്‍ഗ്രസിന് 77 ഉം മറ്റുള്ളവര്‍ക്ക് നാല് സീറ്റുമാണ് ലഭിച്ചത്.

web desk 3: