X

സമരക്കാര്‍ കര്‍ഷകരല്ല; മോദി വിരുദ്ധര്‍- വിവാദ പ്രസ്താവനയുമായി കൃഷിമന്ത്രി തോമര്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ അപമാനിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍. പ്രതിഷേധക്കാര്‍ കര്‍ഷകര്‍ അല്ല എന്നും മോദി വിരുദ്ധരാണ് എന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ സഹോദരസ്ഥാപനമായ ഹിന്ദുസ്ഥാന് നല്‍കിയ അഭിമുഖത്തിലാണ് തോമറിന്റെ ആരോപണങ്ങള്‍.

‘സര്‍ക്കാര്‍ വിജയകരമായി സംഭാഷണങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ കര്‍ഷക യൂണിയനുകള്‍ ഏകകണ്ഠമായ ഒരു തീരുമാനത്തില്‍ എത്തിയില്ല. രണ്ടു ദിവസമായി ഉയര്‍ന്നുവരുന്ന വാര്‍ത്തകള്‍ ആശ്ചര്യപ്പെടുത്തുന്നതാണ്. ഇടതു പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ പ്രതിഷേധക്കാരെ സ്വാധീനിച്ചിട്ടുണ്ട്. രാജ്യദ്രോഹികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇത് അപലപനീയമാണ്. ഒരു ഫലമുണ്ടാകുന്നതില്‍ നിന്ന് പ്രതിഷേധത്തെ തടഞ്ഞു നിര്‍ന്നത് ഇതാണ്. ഇവര്‍ കര്‍ഷകരല്ല. മോദി വിരുദ്ധരാണ്’ – അദ്ദേഹം പറഞ്ഞു.

നിയമങ്ങള്‍ കര്‍ഷകരുടെ നേട്ടത്തിനാണ് എന്ന് തോമര്‍ ആവര്‍ത്തിച്ചു. അവരുടെ ഉത്പന്നങ്ങള്‍ക്ക് പരമാവധി വില നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കണം. പുതിയ നിയമം മത്സരമുണ്ടാക്കും. കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭവും- അദ്ദേഹം ചൂണ്ടിക്കാട്ടി.

അവരുടെ ഗുണത്തിനാണ് നിയമം പാസാക്കിയത് എങ്കില്‍ പിന്നെ കര്‍ഷകര്‍ എന്തിനാണ് സമരം ചെയ്യുന്നത് എന്ന ചോദ്യത്തിന്, പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ മാത്രമാണ് സമരമിരിക്കുന്നത് എന്ന് അദ്ദേഹം അവകാശപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ നിയമത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. അവരുടെ പിന്തുണയറിയിക്കാന്‍ ഡല്‍ഹിയിലേക്ക് വന്നിട്ടു പോലുമുണ്ട്. ചര്‍ച്ചകളിലൂടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ- മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡിംസംബര്‍ എട്ടിലെ ഭാരത ബന്ദില്‍ കര്‍ഷകര്‍ ഉണ്ടായിരുന്നില്ല എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു റോഡിലെന്നും തോമര്‍ പറഞ്ഞു. കോണ്‍ഗ്രസ് വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Test User: