X

മോദിയെ പുറത്താക്കാന്‍ ആരുമായും കൈകോര്‍ക്കും: എ.കെ ആന്റണി

കണ്ണൂര്‍: മോദി സര്‍ക്കാറിനെ പുറത്താക്കാന്‍ ആരുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. കണ്ണൂര്‍ പ്രസ് ക്ലബ് മീറ്റ്ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയെ പുറത്താക്കുകയെന്നതാണ് രാജ്യത്തിന്റെ പ്രധാന ലക്ഷ്യം. ഇടതുപക്ഷം ഉള്‍പ്പെടെ ആരുടെ പിന്തുണയും തേടും. ഇതിനാണ് വിവിധ കക്ഷികളുമായി സഖ്യമുണ്ടാക്കിയത്. ഡല്‍ഹിയില്‍ സഖ്യധാരണ ചര്‍ച്ച പുരോഗമിക്കുകയാണ്. എന്നാല്‍ കേരളത്തില്‍ സിപിഎമ്മും ബിജെപിയും ഒരേ തൂവല്‍ പക്ഷികളെ പോലെയാണ് പെരുമാറുന്നത്. രാഹുലിനെ അപമാനിക്കാന്‍ ബിജെപി ഉപയോഗിക്കുന്ന പദം തന്നെയാണ് സിപിഎമ്മും ഉപയോഗിക്കുന്നത്.
രാജ്യം മുഴുവന്‍ മോദിക്കെതിരെ രാഹുലിനെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഇവിടെ സിപിഎം അദ്ദേഹത്തെ പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ മോദിക്കെതിരെ രാഹുലിനു പകരം മറ്റൊരാളെ ഉയര്‍ത്തിക്കാട്ടാന്‍ കഴിയുമോ.
പ്രളയകാലത്ത് ലോകം മുഴുവനുമുള്ള മലയാളികള്‍ എല്ലാം മറന്നു പരസ്പരം സഹായിച്ചു. എന്നാല്‍, ഈ ജനകീയ ഐക്യത്തെ ശബരിമലയുടെ പേരില്‍ സര്‍ക്കാര്‍ അവര്‍ണ്ണനെന്നും സവര്‍ണ്ണനെന്നും വേര്‍തിരിവുണ്ടാക്കി. ഇത് കുറ്റകരമായ അനാസ്ഥയാണ്.
തെരഞ്ഞെടുപ്പിനു ശേഷം സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഏറ്റവും വലിയ കക്ഷിയെയായിരിക്കും ക്ഷണിക്കുക. ഇതിനു കഴിഞ്ഞില്ലെങ്കില്‍ മാത്രമേ തെരഞ്ഞെടുപ്പിനു ശേഷമുണ്ടാക്കുന്ന സഖ്യകക്ഷികള്‍ക്ക് പരിഗണന ലഭിക്കുകയുളളൂ. ഇതു കൊണ്ട്, കേരളത്തില്‍ ഇടതുപക്ഷത്തിന് ലഭിക്കുന്ന ഒരോ സീറ്റും മോദിയെ താഴെ ഇറക്കാനുള്ള സാധ്യത കുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് എകെ ഹാരിസ് അധ്യക്ഷതവഹിച്ചു. പ്രശാന്ത് പുത്തലത്ത് സ്വാഗതവും സിജി ഉലഹന്നാന്‍ നന്ദിയും പറഞ്ഞു.

web desk 1: