X

മലേഷ്യയെ നയിക്കാന്‍ അന്‍വര്‍ ഇബ്രാഹിം

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

രണ്ട് ദശാബ്ദ കാലത്തെ കാത്തിരിപ്പിനൊടുവില്‍ അന്‍വര്‍ ഇബ്രാഹിം മലേഷ്യയുടെ പ്രധാമന്ത്രിയായി അവരോധിതനായിരിക്കുന്നു. അങ്കടന്‍ ബെലിയ ഇസ്‌ലാം മലേഷ്യ (ABIM) എന്ന യുവജന സംഘടനയുടെ സ്ഥാപകരില്‍ ഒരാളായി തുടങ്ങിയ രാഷ്ട്രീയ ജീവിതം 75 ാമത്തെ വയസ്സില്‍ മലേഷ്യയുടെ പ്രധാനമന്ത്രി പദത്തില്‍ എത്തിനില്‍ക്കുന്നു. 1973 ല്‍ മലേഷ്യന്‍ സ്വാതന്ത്ര്യ റിപ്പബ്ലിക്കിന്റെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന അബ്ദുല്‍റസാഖ്ഹുസൈന്‍ രൂപീകരിച്ച ബരിസോണ്‍ നാഷണല്‍ (BN) ന്റെ പ്രധാന സഖ്യ കക്ഷിയായിരുന്ന യുണൈറ്റഡ് മലായീസ് നാഷണല്‍ ഓര്‍ഗനൈസേഷനില്‍ (UMNO) യില്‍ ചേര്‍ന്ന അന്‍വര്‍ ഇബ്രാഹിം ശേഷം 1980 കളിലും 90 കളിലും തുടര്‍ച്ചയായി വന്ന സര്‍ക്കാരുകളില്‍ വിവിധ കാബിനെറ്റ് പദവികള്‍ വഹിച്ചു. 90 കളില്‍ മഹാതീര്‍ മുഹമ്മദ് മന്ത്രിസഭയില്‍ മലേഷ്യയുടെ ഉപപ്രധാന മന്ത്രിയും ധനകാര്യ മന്ത്രിയുമായിരുന്നു.

ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ധനമന്ത്രിയായിരുന്ന അന്‍വര്‍ ഇബ്രാഹിമിന്റെ ഭരണപരമായ മികവ് ഏഷ്യയിലെ സുസ്ഥിര സാമ്പത്തിക ശക്തിയായി നിലനില്‍ക്കാന്‍ മലേഷ്യയെ പര്യാപ്തമാക്കി. 90 കള്‍ക്ക് ശേഷം മഹാതീറുമായി വേര്‍പിരിഞ്ഞ അദ്ദേഹം തുടര്‍ന്ന് രണ്ട് പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് കടന്ന്‌പോയത്. അപ്പോഴും നിലപാടുകളിലും വീക്ഷണങ്ങളിലും മാറ്റം വരുത്താതെ മുന്നോട്ട്‌പോകാന്‍ അദ്ദേഹത്തിന് സാധിച്ചു.

തെക്ക്കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ദര്‍ശിച്ച മികച്ച പ്രതിപക്ഷ നേതാവ് എന്ന വിശേഷണമുള്ള നേതാവാണ് അന്‍വര്‍ ഇബ്രാഹിം. 90 കളിലെ തന്റെ മന്ത്രിസഭയിലെ പ്രധാനിയായ മഹാതീര്‍ മുഹമ്മദിനെതിരെ പിന്നീട് തെരുവ് പ്രക്ഷോഭങ്ങളില്‍ പതിനായിരക്കണക്കിന് പേരെ അണിനിരത്തി സമരജ്വാലകള്‍ തീര്‍ത്ത പ്രതിപക്ഷ നേതാവ് കൂടിയാണ് അന്‍വര്‍ ഇബ്രാഹിം. മഹാതീറുമായുള്ള അകല്‍ച്ച മൂന്ന് പതിറ്റാണ്ടോളം അന്‍വറിന്റെ രാഷ്ട്രീയ ജീവിതത്തെയും മലേഷ്യയുടെ രാഷ്ട്രീയ ഭൂപടത്തെയും നിര്‍ണയിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഭൂരിപക്ഷം മലേഷ്യന്‍ ജനതയുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടു. പാര്‍ലമെന്റിനകത്തും ജയില്‍വാസ കാലത്തും അദ്ദേഹം നിലപാടുകള്‍ ഉറക്കെ പറഞ്ഞു. തന്റെ നിലപാടുകളുമായി ചേര്‍ന്ന് പോകാത്ത ഘട്ടത്തില്‍ അദ്ദേഹം ബാരിസോണ്‍ നാഷണല്‍ സഖ്യത്തില്‍ നിന്നും മെല്ലെ അകന്നു. 2015 ല്‍ പക്തന്‍ ഹാരപ്പ (pakatan Harappan) സഖ്യത്തിന് രൂപം നല്‍കിയ അദ്ദേഹത്തിന്റെ പ്രധാന വാഗ്ദാനവും മുദ്രാവാക്യവും പരിഷ്‌കരണം (reformacy) എന്നതായിരുന്നു. രാഷ്ട്രീയ നേതാവ് എന്നതിലുപരി ലോക തലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ട അക്കാദമീഷ്യന്‍കൂടിയാണ് അന്‍വര്‍ ഇബ്രാഹിം. ഡെമോക്രസി, റെസ്‌പോണ്‍സിബിലിറ്റി തുടങ്ങിയ വിഷയങ്ങളില്‍ നിരന്തരം ലോക രാജ്യങ്ങളോട് സംവദിച്ചിട്ടുണ്ട്. ഈ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളും പ്രസംഗങ്ങളും ലോകത്തെ പ്രമുഖ പത്രങ്ങളിലും ജേര്‍ണലുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മതാന്തര സംവാദങ്ങളിലും മുസ്‌ലിം ക്രിസ്ത്യന്‍ ബന്ധങ്ങളിലും നേതാവെന്ന നിലയില്‍ അന്താരാഷ്ട്ര തലത്തില്‍ ആദരിക്കപ്പെടുന്ന അദ്ദേഹം ജോണ്‍സ് ഹോപ്കിന്‍സ് സ്‌കൂള്‍ ഓഫ് അഡ്വാന്‍സ്ഡ് ഇന്റര്‍നാഷണല്‍ സ്റ്റ
ഡീസിലും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സെന്റ് ആന്റണീസ് കോളജിലും ലക്ചറിങ് പദവികള്‍ വഹിച്ചിട്ടുണ്ട്.

വ്യക്തിപരമായി സ്വന്തം സൗഹൃദ കൂട്ടായ്മയില്‍നിന്നും ഒരാള്‍ ഒരു രാഷ്ട്രത്തിന്റെ പരമോന്നത പദവിയിലെത്തിയതിന്റെ സന്തോഷമാണ് അന്‍വര്‍ ഇബ്രാഹിം മലേഷ്യയുടെ പ്രധാനമന്ത്രി പദത്തിലെത്തുമ്പോള്‍ അനുഭവപ്പെടുന്നത്. മലേഷ്യയിലെ പഠന കാലത്ത് നിരവധി തവണ അദ്ദേഹവുമായി സംവദിച്ചിട്ടുണ്ട്. ആ ഊഷ്മളമായ ബന്ധം ഇപ്പോഴും തുടരുന്നു. മലേഷ്യ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതില്‍ മുന്നില്‍നിന്ന ധിഷണാശാലിയായ നേതാവ് എന്ന അര്‍ത്ഥത്തില്‍ എന്നും അദ്ദേഹത്തെ ആദരവോടെയാണ് നോക്കി കണ്ടിട്ടുള്ളത്. ഒരു ദശാബ്ദ കാലത്തെ ജയില്‍വാസം അടക്കമുള്ള തീക്ഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്കൊടുവില്‍ രണ്ടു പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന്‌ശേഷം അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തുമ്പോള്‍ വലിയ മാറ്റങ്ങളാണ് പൊതുവില്‍ പ്രതീക്ഷിക്കുന്നത്. 1983 നും 1988 നും ഇടയില്‍ അന്‍വര്‍ ഇബ്രാഹിം ക്വാലാലംപൂരിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ ചാന്‍സലറായിരുന്നു. 1986ല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്തെ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ നയങ്ങള്‍ ദേശീയ സ്‌കൂള്‍ പാഠ്യപദ്ധതിയെ കരുത്തുറ്റതാക്കി. പിന്നീട് മലേഷ്യന്‍ വിദ്യാഭ്യാസ മേഖലയുടെ വലിയ തോതിലുള്ള വളര്‍ച്ചക്ക് ഇത് ഏറെ സഹായകമായിരുന്നു. വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ യുനെസ്‌കോയുടെ ജനറല്‍ കോണ്‍ഫറന്‍സിന്റെ 25ാമത് പ്രസിഡന്റായി അന്‍വര്‍ ഇബ്രാഹിം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വികസന കാഴ്ചപ്പാടുകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതായിരുന്നു. മലേഷ്യയെ ലോക വിദ്യാഭ്യാസ ഭൂപടത്തില്‍ ശക്തമായി അടയാളപ്പെടുത്തുന്നതില്‍ വിദ്യാഭ്യാസ മന്ത്രി എന്ന നിലയിലെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ഏറെ സഹായകമായിരുന്നു. 1988ല്‍ അന്‍വര്‍ ഇബ്രാഹിം മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റായി. മുഴുവന്‍ സര്‍ക്കാര്‍ സംവിധാനത്തെയും മൂല്യധിഷ്ഠിതമാക്കാന്‍ ഏറെ പ്രയത്‌നിച്ച വ്യക്തിയാണ് അന്‍വര്‍ ഇബ്രാഹിം. ഉന്നത കലാലയം എന്നത് ഓ.ഐ.സിയുടെ വര്‍ഷങ്ങളായുള്ള സ്വപ്‌നമായിരുന്നു. അത് ഏറ്റെടുത്ത് സാക്ഷാത്കരിക്കുന്നതില്‍ അന്‍വര്‍ ഇബ്രാഹിം വഹിച്ച പങ്കു വളരെ വലുതാണ്. രാഷ്ട്രീയത്തിന് പുറത്ത് അന്‍വര്‍ ഇബ്രാഹിം അമേരിക്ക ഉള്‍പ്പെടെ വിവിധ അക്കാദമിക് സ്ഥാപനങ്ങളില്‍ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.

യുവജന കൂട്ടായ്മയും വിദ്യാഭ്യാസ വിപ്ലവവും വാണിജ്യ വാവസായിക വളര്‍ച്ചയിലൂടെയുള്ള സാമ്പത്തിക ഉന്നതിയും മലേഷ്യക്ക് സാധ്യമാണെന്ന് ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പ്രായോഗിക തലത്തില്‍ കാണിച്ചുകൊടുത്ത ഒരാള്‍ വളരെ നീണ്ട കാത്തിരിപ്പിന് ശേഷം പ്രധാനമത്രി പദത്തിലെത്തുമ്പോള്‍ എല്ലാവരും വളരെ പ്രതീക്ഷയിലാണ്. കോവിഡിനുശേഷം ലോകം പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ കാത്തുനിക്കുന്ന വേളയില്‍ മലേഷ്യക്ക് ലഭിച്ച പുതിയ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പഴയ കാല അനുഭവങ്ങളില്‍നിന്നു മുന്നോട്ടുനയിക്കുമെന്ന പ്രത്യാശയാണുള്ളത്. നിലവില്‍ അന്‍വര്‍ ഇബ്രാഹിം പ്രധാനമന്ത്രി പദം ഏറ്റെടുത്ത ഉടനെ വാണിജ്യ മേഖലയില്‍ ഓഹരി കമ്പോളത്തില്‍ പെട്ടെന്നുള്ള ചലനങ്ങള്‍ കാണുന്നത് സാമ്പത്തിക മേഖല അദ്ദേഹത്തില്‍ അര്‍പ്പിക്കുന്ന ശുഭാപ്തി വിശ്വാസത്തെ സൂചിപ്പിക്കുന്നു. 1986 ല്‍ വിദ്യാഭ്യാസ മന്ത്രിയാകുന്നതിന് മുമ്പ് 1984 ല്‍ കൃഷി മന്ത്രാലയത്തിന്റെ തലവനായിരുന്നു. ഭരണാധികാരി എന്ന നിലയില്‍ സമസ്ത രംഗത്തുമുള്ള അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് പുതിയ ഗവണ്‍മെന്റിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഏറെ സഹായകമാകും.

യുവജന സംഘടനയായ ABIM ലൂടെ രാഷ്ട്രീയ പ്രവേശനം സാധ്യമായത്‌കൊണ്ട് തന്നെ യുവജന രാഷ്രീയം എത്ര പ്രധാനമാണെന്നും യുവജനങ്ങള്‍ക്കു രാജ്യ താല്‍പര്യങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ കഴിയുമെന്ന് തെളിയിച്ച നേതാവാണ് അന്‍വര്‍ ഇബ്രാഹിം. അതുകൊണ്ട് തന്നെ മലേഷ്യയുടെ പുതിയ ഭരണ സാരഥ്യത്തില്‍ അദ്ദേഹം എത്തുന്നത് രാജ്യത്തെ യുവസമൂഹത്തിലും ഉണര്‍വ്വ് സൃഷ്ടിച്ചിട്ടുണ്ട്.

web desk 3: