നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി. അന്‍വറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്. ദേശീയ നേതാക്കളുടെ പേരുകളും പാര്‍ട്ടി പതാകയും ചിഹ്നവുമെല്ലാം പി വി അന്‍വര്‍ ദുരുപയോഗം ചെയ്യുന്നതായി സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി പി വി അന്‍വര്‍ നാമനിര്‍ദേശപത്രിക നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു. എന്നിട്ടും പാര്‍ട്ടിയുടെ പേര് ദുരുപയോഗം ചെയ്യുന്നതായി സംസ്ഥാന ജന. സെക്രട്ടറിമാരായ എം.കെ. അലി, എല്‍ദോ എബ്രഹാം, സംസ്ഥാന വൈസ് പ്രസിഡന്റ് ലിസി എലിസബത്ത് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ മലപ്പുറം ജില്ല കലക്ടര്‍ക്ക് പരാതി നല്‍കിയതായും അവര്‍ പറഞ്ഞു.
പി.വി. അന്‍വര്‍ പാര്‍ട്ടിയുടെ ചിഹ്നവും പതാകയും ഉപയോഗിക്കുന്നത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്നും വോട്ടര്‍മാരില്‍ തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണമാകുമെന്നും നേതാക്കള്‍ ആരോപിച്ചു. പാര്‍ട്ടി പതാക ഉപയോഗിച്ചുള്ള പ്രചാരണം തടയാന്‍ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാന കമ്മിറ്റി പി വി അന്‍വറിനെ പിന്തുണക്കില്ലെന്നും അന്‍വറും നോട്ടയും തമ്മിലാണ് മത്സരമെന്നും നേതാക്കള്‍ വ്യക്തമാക്കി.