X

സ്വയം വിഡ്ഢികളാകരുത്

റഊഫ് വെട്ടിച്ചിറ

അഭിപ്രായ അനൈക്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഓരോ ഏപ്രില്‍ ഫൂളും പുലരുന്നത്. ഏപ്രില്‍ ഫൂള്‍സ് ഡേ (1993) എന്ന ബ്രൈയ്‌സ് കോര്‍ട്ടിനേയ്‌സിന്റെ നോവല്‍, അടങ്ങുന്ന കൃതികളും ഏപ്രില്‍ ഫൂളിന്റെ സന്ദേശം പേറി നിലനില്‍ക്കുന്നുവെങ്കില്‍ പോലും ഇതെങ്ങനെ തുടങ്ങിയെന്നതിന് ഉത്തരം വ്യക്തമല്ല. 1582 ല്‍ ജൂലിയന്‍ കലണ്ടറില്‍ നിന്ന് ഗ്രിഗേറിയന്‍ കലണ്ടറിലേക്ക് മാറിയ സാഹചര്യത്തോട് ബന്ധപ്പെടുത്തിയാണ് ഏപ്രില്‍ ഫൂള്‍ വന്നതെന്നും പുരാതന റോമില്‍ ആഘോഷിക്കപ്പെട്ട ‘ഹിലാരിയ’ എന്ന ആഘോഷത്തിന്റെ മറുവശമാണെന്നും രേഖപ്പെടുത്തിയ ചരിത്രകാരന്‍മാരുണ്ട്. ഏപ്രില്‍ ഫൂളിന്റെ ചരിത്രമന്വേഷിക്കുന്ന പടിഞ്ഞാറിന്റെ ചരിത്രകാരന്മാരില്‍ പലരും പലവഴി കണ്ടെത്തിയവരാണ്.
ബ്രിട്ടനിലുടനീളം പതിനെട്ടാം നൂറ്റാണ്ടില്‍ വന്‍ പ്രചാരം നേടിയ ഈ ദിനം സ്‌കോര്‍ട്ട്‌ലാന്‍ഡില്‍ രണ്ട് ദിവസത്തെ പരമ്പരാഗത ആചാരമായാണ് കൊണ്ടാടാറ്. ആധുനികതയിലേക്ക് കടക്കും തോറും പത്രങ്ങളിലൂടെയും റേഡിയോയിലൂടെയും ടി.വിയിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഇത് പടര്‍ന്നു. 1957 ല്‍ ബി.ബി.സി പടച്ചുവിട്ട വ്യാജ വാര്‍ത്ത ധാരാളം പ്രേക്ഷകരെ ഫൂളാക്കിയിരുന്നതടക്കം കുറേ ബഡായിക്കഥകളിലൂടെ ഏപ്രില്‍ ഫൂള്‍ നിലനില്‍ക്കുമ്പോള്‍ അതില്‍ മുസ്‌ലിംകളെ പരിഭ്രാന്തരാകുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്.
മുസ്‌ലിം സ്‌പെയ്ന്‍ കീഴടങ്ങിയത് ജനുവരിയിലാണെന്ന വാദമാണ് മിക്ക ഗ്രന്ഥങ്ങളിലും കാണുക. പക്ഷെ അങ്ങനെയെങ്കില്‍ ഫെര്‍ഡിനന്റ് കീഴടക്കി മുസ്‌ലിം ജനസഞ്ചയത്തെ ഒന്നടങ്കം കൊന്നൊടുക്കിയ ദാരുണ സംഭവം ഏപ്രില്‍ ഒന്നിനാണെന്നും അതിന്റെ തുടര്‍ച്ചയാണ് ഏപ്രില്‍ ഫൂളുമെന്നൊക്കെയുള്ള വാദം എങ്ങനെ ശരിയാകും? ഉത്തരം ലളിതമാണ്. ചരിത്രം ഇവിടെ പതിവു പോലെ സൃഷ്ടിക്കപ്പെടുകയായിരുന്നു. ഈ ചരിത്രം രേഖപ്പെടുത്തിയവരെല്ലാം യൂറോപ്യരോ, ക്രിസ്തീയരോ ആണ് എന്നതാണ് ഇതിലെ വൈചിത്ര്യം. ഏപ്രില്‍ ഒന്നിന് കീഴടക്കി പ്രസ്തുത ആഘോഷം ജനുവരിയിലേക്ക് നീട്ടി വെച്ച് പുതു വര്‍ഷാരംഭത്തില്‍ ‘ഫൂളിഷ്‌നെസ് ഓഫ് മുസ്‌ലിം’ അവര്‍ തിമര്‍ത്താഘോഷിക്കുന്നു എന്ന നിഗമനത്തിലാണ് ചരിത്രകാരന്മാര്‍ എത്തുന്നത്. ഇങ്ങനെയൊക്കെയുള്ള വാദഗതികള്‍ക്കിടയിലൂടെ സഞ്ചരിക്കുമ്പോഴാണ് മുസ് ലിം തന്റെ പ്രപിതാക്കളുടെ ത്യാഗപൂര്‍ണമായ ജീവിത സപര്യയെക്കുറിച്ചറിയുന്നത്. സ്‌പെയ്‌നിന്റെ മണ്‍തരികള്‍ക്കു പോലും ഇസ്‌ലാമിനെ പരിചയപ്പെടുത്തികൊടുത്ത ത്യാഗസൂരികള്‍ മത സൗഹാര്‍ദത്തിന് വലിയ വില കല്‍പ്പിച്ചവരായിരുന്നു. കൊറദോബ, ഗ്രാനഡ, ടോളിഡോ അടങ്ങുന്ന വിജ്ഞാന സമ്പന്നമായ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ മുസ്‌ലിംകള്‍ മാത്രം അധിവസിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടായിട്ടില്ല. സ്ഥല നിവാസികളായ ജൂതന്മാരെ പോലും അകാരണമായി ഉപദ്രവിക്കാതെ മതസൗഹാര്‍ദത്തിന്റെ വിളനിലയമാക്കി ഇസ്‌ലാമിന്റെ മഹത്തായ പ്രത്യയശാസ്ത്രം ഇതര മതസ്ഥരെ കൂടി ഉള്‍ക്കൊള്ളിക്കുന്നുവെന്ന് വിളിച്ചറിയിച്ചിരുന്നു.
പുരാതന ഗ്രീക്ക് തത്വജ്ഞാനികളുടെ ലാറ്റിന്‍ ഭാഷയില്‍ വിരചിതമായ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത് ലോകത്തിന് വിജ്ഞാന ശേഖരത്തിന്റെ വിഭവങ്ങള്‍ പുനസ്ഥാപിച്ചു കൊടുത്ത ചാരിതാര്‍ത്ഥ്യമാണ് ഓരോ മുസ്‌ലിമിനും സ്‌പെയ്‌നിനെക്കുറിച്ചോര്‍ക്കുമ്പോള്‍. അറബി വ്യാകരണത്തില്‍ നിന്നു തുടങ്ങി വൈദ്യശാസ്ത്രമടങ്ങുന്ന നിരവധി വിജ്ഞാന ശാഖകളില്‍ കയ്യൊപ്പു ചാര്‍ത്തി, ആ വിജ്ഞാന മേഖലകളെ വിസ്തൃതിയും വിശ്രുതവുമാക്കിയ പണ്ഡിതര്‍ സ്‌പെയ്‌നിന്റെ സംഭാവനയാണ്.
വൈദ്യ ശാസ്ത്ര രംഗത്ത് മുസ്‌ലിം ശാസ്ത്രജ്ഞര്‍ അര്‍പ്പിച്ച മഹത്തായ സംഭാവനകളുടെ അടിത്തറയിലാണ് നവീന ശാസ്ത്രക്രിയയും മരുന്നുകളും വികസിച്ചത്. മുസ്‌ലിം സ്‌പെയ്‌നിന്റെ വിജ്ഞാന സിരാ കേന്ദ്രമായ കൊറദോബയില്‍ ജനിച്ച ആധുനിക സര്‍ജറിയുടെ പിതാവ് അബ്ദുല്‍ കാസിം അല്‍ അസ്‌രമി വിശ്രുത ഗ്രന്ഥ ശേഖരമുള്ള പണ്ഡിത ശ്രേഷ്ഠനാണ്. അല്‍ തബ്‌രീം എന്ന ഗ്രന്ഥം വൈദ്യ വിജ്ഞാന കോശമാണ്. പശ്ചാത്യര്‍ക്കിടയില്‍ അല്‍ ബുഖാസിസ് എന്നറിയപ്പെടുന്ന ഈ പണ്ഡിതനെ മറച്ച് വെച്ച് ചരിത്രം സൃഷ്ടിക്കുക എന്നത് അസാധ്യമായതിനാലാണ് ഈ പേരുമാറ്റം എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
വിജ്ഞാന മേഖലയിലെ കുലപതിയും ചരിത്ര ദര്‍ശനത്തിന് അടിത്തറ പാകിയ മുഖദ്ദിമയുടെ രചയിതാവുമായ വിജ്ഞാന കുലപതി ഇബ്‌നു ഖല്‍ദൂന്‍ സ്പാനിഷ് കുടുംബത്തിലാണ് ജനിച്ചത്. ഇവരടങ്ങുന്ന വന്‍ ശാസ്ത്ര നിരയെ തന്നെ ലോകത്തിന് സമര്‍പ്പിക്കാന്‍ മുസ്‌ലിം സ്‌പെയ്‌നിന് കഴിഞ്ഞ് അവിശ്രാന്ത പരിശ്രമത്തിലൂടെയായിരുന്നു. ഗവേഷണ പരീക്ഷണങ്ങളുടെ വിജയകരമായ നൂറ്റാണ്ടുകളായിരുന്നു സ്‌പെയിന്‍ മുസ്‌ലിം കാലം. ജൂതര്‍ കൂടി ഉണ്ടായിരുന്ന സാമൂഹിക ക്രമത്തില്‍ മുസ്‌ലിം ജീവിത ശൈലി എല്ലാവര്‍ക്കും സുപരിചിതമായിരുന്നു.
ബൗദ്ധികമായും കായികമായും വന്‍ശക്തി പ്രാപിച്ച മുസ്‌ലിംകളെ സ്‌പെയ്‌നില്‍ നിന്നൊഴിപ്പിക്കാന്‍ തലപുകഞ്ഞാലോചിച്ച ഓറിയിന്റലിസ്റ്റുകളുടെ ആസ്രൂതിത നീക്കത്തിന്റെ ഫലമായായിരുന്നു അന്ന് നടന്ന തന്ത്രപരമായ ചലനങ്ങള്‍. അവര്‍ മുസ്‌ലിം ജീവിത ശൈലിയെക്കുറിച്ച് പഠിക്കാന്‍ ചാരന്‍മാരെ സ്‌പെയ്‌നിലേക്കയച്ചു തുടങ്ങി. ഇസ്‌ലാമിനെക്കുറിച്ച് അടുത്തറിഞ്ഞ് വികലമാക്കി പുറം ലോകത്തെത്തിക്കുക എന്ന ശ്രമകരമായ ദൗത്യം അവര്‍ കുബുദ്ധിയോടെ നിറവേറ്റിയിരുന്നു.
ആയുധബലം കൊണ്ട് മുസ്‌ലിംകളെ തോല്‍പിക്കാനാകില്ല എന്ന് എന്ന് കുരിശു യുദ്ധമവരെ പഠിപ്പിച്ചതിനാല്‍ ഇസ്‌ലാമിന്റെ ആശയങ്ങള്‍ വികലമായി ചിത്രീകരിക്കല്‍ മാത്രമാണ് ഏക വഴിയെന്ന അറിഞ്ഞ പാതിരിമാര്‍ ചാരന്മാരെ കൊറദോബയിലേക്ക് അയച്ചു. അവരും ഇസ്‌ലാം പഠിക്കാനെന്നോണം സ്‌പെയിനില്‍ വന്നു കൂടി. ഇസ് ലാമിനെക്കുറച്ചറിഞ്ഞ ശേഷമായിരുന്നു അവര്‍ ഹദീസുകള്‍ കെട്ടിച്ചമച്ച് വിശ്വാസത്തില്‍ വിഷം കലര്‍ത്താന്‍ തുനിഞ്ഞിറങ്ങിയത്. കടുത്ത നിരോധനാജ്ഞയുള്ള മദ്യത്തെ വരെ അവര്‍ ന്യായീകരിച്ചിരുന്നു. ജ്ഞാനികളായ മുസ്‌ലിംകളില്‍ രൂഢമൂലമായ വിശ്വാസത്തെ ഇളക്കാനായില്ലെങ്കിലും ആ പ്രവര്‍ത്തനത്തിന്റെ സ്വാധീനം മുസ് ലിം സ്‌പെയ്ന്‍ നഷ്ടത്തില്‍ നിഴലിച്ചു കാണാമായിരുന്നു.
ഇസ്‌ലാമിനെ എതിര്‍ക്കാന്‍ ആദ്യം നന്നായി പഠിക്കണമെന്ന് മനസ്സിലാക്കിയ പാതിരിമാര്‍ 1312ല്‍ ക്രൈസ്തവ മേലാധികാരികളുടെ ആഭിമുഖ്യത്തില്‍ നടന്ന വിയന്ന കരാറില്‍ ഓക്‌സ്‌ഫോര്‍ഡ്, പാരിസ്, പൊളോണിയം എന്നിവിടങ്ങളില്‍ ഇസ്‌ലാമിക് ചെയര്‍ ഉദ്ഘാടനം ചെയ്തു. ഇത് ഇസ് ലാമിനെ മഹത്വവത്കരിക്കാനല്ല വിമര്‍ശിക്കാനാണ് നിലകൊള്ളുന്നത്. മുസ്‌ലിംകളുടെ ശാസ്ത്രീയ പുരോഗതിയില്‍ അന്ധാളിച്ച് തങ്ങളുടെ മൂല്യമില്ലാത്ത മതകീയ സാഹചര്യത്തെ സംസ്‌കരിക്കാന്‍ അവരും അറിവ് നുകര്‍ന്നു. മുസ്‌ലിംകളുടെ ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്തു. ജോര്‍ഡ്ഡി ക്രിമോണയാണ് ഇബ്‌നു സീന, ഇമാം റാസി എന്നിവരുടെ ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്ത ഇവര്‍ മൂല്യവത്തായ അറുപതോളം ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്ത് വിജ്ഞാനം അന്യംനിന്ന യൂറോപ്പിനെ സംസ്‌കരിക്കുകയായിരുന്നു. ആധുനിക യൂറോപ്പിന്റെ സകല ഉന്നമനത്തിനും അടിത്തറ മുസ്‌ലിം ഗ്രന്ഥശേഖരങ്ങളാണെന്ന് ഇതോടെ വ്യക്തമാകും. ഈ യാഥാര്‍ത്ഥ്യം മറച്ച് വെക്കാനായിരുന്നു അവരിത്രെയും കൊട്ടുകഥകള്‍ ചമഞ്ഞുണ്ടാക്കിയത് എന്നതാണ് സത്യം.
1492ല്‍ നസ്‌രിദ് ഭരണകൂടത്തിന് കീഴിലെ അവസാന ഭരണാധികാരി മുഹമ്മദ് പന്ത്രണ്ടാമന്‍ അബൂ അബ്ദില്ല പാശ്ചാത്യര്‍ക്കിടയില്‍ ബോബ്ദില്‍ എന്നറിയപ്പെടുന്നു. കത്തോലിക് പരമാധികാരികള്‍ സര്‍വ ഒത്താശയും നല്‍കി പോന്നിരുന്ന ഫെര്‍ഡിനന്റിനും ഇസബെല്ലക്കും കീഴടങ്ങുന്നു. സ്‌പെയ്ന്‍ മുസ്‌ലിം ഭരണത്തിന് അന്നവിടെ തിരശ്ശീല വീണപ്പോള്‍ അണിയറയില്‍ ഉറക്കെ പൊട്ടിച്ചിരിച്ചിട്ടുണ്ടാകണം ഓറിയന്റലിസ്റ്റുകള്‍. തലമുറകളായി സ്‌പെയ്‌നില്‍ വളര്‍ന്ന മുസ് ലിംകള്‍ എന്ന വന്‍ ജനാവലിയെ ഒറ്റയടിക്ക് തുരത്തുക എന്നതിലെ സാധ്യത വളരെ വിദൂരത്തായപ്പോള്‍ ഉദിച്ച കുബുദ്ധിയായിരുന്നു ചരിത്രത്തിന് മാപ്പ് നല്‍കാനാകാത്ത വിധം സര്‍വ അതിരും കടന്ന് സംഹാര താണ്ഡവമാടിയത്. മുസ്‌ലിംകള്‍ എല്ലാവരും കീഴടങ്ങിയവരാണ് എന്ന് പ്രഖ്യാപിച്ച്,നാടുവിടാനുള്ള സര്‍വ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന ‘ഭംഗി വാക്കും’ പറഞ്ഞ് വഞ്ചിച്ചതായിരുന്നു ആ ഹീനകൃത്യം.
നാടൊഴിഞ്ഞ് കൊടുത്തിട്ടും മുസ്‌ലിംകളോടുള്ള ദേഷ്യം തീര്‍ന്നിരുന്നില്ല ഫെര്‍ഡിനന്റിന്. സ്‌പെയ്‌നിലെ മുസ്‌ലിംകളെയും ചുമന്ന് കപ്പല്‍ നീങ്ങിത്തുടങ്ങി, കരയില്‍ ക്രിസ്ത്യാനികള്‍ രക്തമുറ്റുന്ന കഴുകക്കണ്ണുകളോടെ കപ്പല്‍ നീങ്ങുന്നതു നോക്കിയിരുന്നു. നടുകടലിലെത്തുമ്പോഴേക്ക് കപ്പല്‍ തകര്‍ന്ന് വന്‍ ജന സമൂഹം പരലോകത്തേക്ക് യാത്രയായിരുന്നു. വഞ്ചനയുടെ ചരിത്രത്തിന്റെ ഏടുകളിലേക്ക് അവര്‍ കയറിപ്പറ്റുമ്പോള്‍ ചരിത്രം പുനര്‍നിര്‍മിക്കുന്ന തിരക്കിലായിരുന്നു അണിയറയില്‍. അന്ന് ഏപ്രില്‍ ഒന്ന്. മുസ്‌ലിം വിഢികള്‍ എന്ന് പ്രഖ്യാപ്പിക്കപ്പെട്ടു. തുടര്‍ന്നങ്ങോട്ട് വഞ്ചിക്കപ്പെട്ടതിന്റെ ഭാരവും പേറി ഓരോ ഏപ്രില്‍ ഒന്നും കടന്ന് പോകുമ്പോള്‍ അതില്‍ പങ്കാളിയാകുന്നത് ആത്മഹത്യപരമാണ്.

chandrika: