X

സൗഭാഗ്യപൂര്‍ണമായ ജീവിതം എങ്ങനെ സാധ്യമാകും

പി. മുഹമ്മദ് കുട്ടശ്ശേരി

സന്തോഷവും സൗഭാഗ്യവും നിറഞ്ഞ ജീവിതം- ഏത് മനുഷ്യനും മനസ്സില്‍ താലോലിക്കുന്ന സ്വപ്‌നമാണ്. ഇതിന്റെ സാക്ഷാത്കാരത്തിനുവേണ്ടിയാണല്ലോ ഈ നെട്ടോട്ടമത്രയും. എന്നാല്‍ എന്താണ് സൗഭാഗ്യവും സന്തോഷവും? അത് ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെ?- ഈ വിഷയം വിശുദ്ധ ഖുര്‍ആന്‍ 94-ാം അധ്യായമായ സൂറത്തുല്‍ ഇന്‍ശിറാഹിലെ എട്ട് വാക്യങ്ങളുടെ വെളിച്ചത്തില്‍ ഇവിടെ വിശകലനം ചെയ്യുകയാണ്.
ഒന്ന്: ജീവിതത്തിന് ക്ഷണികം ശാശ്വതം എന്നീ രണ്ട് വശങ്ങളുണ്ട്. വളരെ സമാധാനത്തോടെ സംതൃപ്തിയോടെ ദൈവ പ്രീതിക്കര്‍ഹനായി ജീവിതത്തോട് വിട പറയുകയും പിന്നെ ദൈവം ഒരുക്കിവെച്ച സ്വര്‍ഗപ്പൂങ്കാവനത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നവനാണ് മഹാ ഭാഗ്യവാന്‍. വിശ്വാസത്തോടെ സല്‍ക്കര്‍മ്മനിരതമായ ജീവിതം നയിക്കുന്ന ഭക്തന്മാര്‍ക്ക് മാത്രമേ ഈ സൗഭാഗ്യം ലഭിക്കുകയുള്ളൂ. എന്നാല്‍ ഈ ഭൗതിക ജീവിതത്തിലെ സന്തോഷവും സൗഭാഗ്യവും എന്താണ്? പണം, സ്വത്ത്, ജീവിത സൗകര്യങ്ങള്‍, അധികാരം, സമൂഹത്തിലെ സ്ഥാനമാനം, വൈജ്ഞാനിക കഴിവ് തുടങ്ങിയ മികവുകള്‍ ആര്‍ജിച്ചവരെ ജനം സൗഭാഗ്യവാന്മാരായി കാണുന്നു. ഇവയെല്ലാം അഭികാമ്യങ്ങള്‍ തന്നെ. എന്നാല്‍ യഥാര്‍ത്ഥ വിജയം മനസുഖമാണ്. ധനം അനിവാര്യമായ ജീവിതോപാധിയാണ്. എന്നാല്‍ സുഖം തേടി പണത്തിന്റെ പിറകെ അത്യാര്‍ത്തിയോടെ ഓടുന്നവരാകാം ചിലപ്പോള്‍ ജീവിതത്തില്‍ സുഖം നഷ്ടപ്പെട്ട ഏറ്റവും വലിയ ഹതഭാഗ്യര്‍. കൂടുതല്‍ സമ്പാദിക്കാനുള്ള ത്വരയും കിട്ടിയ ധനം നഷ്ടപ്പെടുമോ എന്ന ആശങ്കയും പലരുടെയും മനസ്സിനെ സദാ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. ധനത്തിന്റെ കാര്യത്തില്‍ മനുഷ്യന്റെ പൊതുസ്വഭാവം പ്രവാചകന്‍ വിശേഷിപ്പിക്കുന്നതിങ്ങനെ: ‘ദീനാറിന്റെയും ദിര്‍ഹത്തിന്റെയും അടിമ ദുരിതം പേറിയത് തന്നെ. കിട്ടിയാല്‍ അവന് സന്തോഷം. കിട്ടിയില്ലെങ്കിലോ മനക്ലേശവും’.
അധികാര പദവിയില്‍ ചിലര്‍ വിലസുന്നത് കാണുമ്പോള്‍ അവരെ ആശ്ചര്യത്തോടെ നോക്കുന്നവരാണ് പലരും. എന്നാല്‍ നാസിര്‍ ലീ ദീനില്ലാ 55 വര്‍ഷം സ്‌പെയിനില്‍ അധികാരത്തിലിരുന്ന ഭരണാധികാരി. എത്രയോ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തു രാഷ്ട്രം വികസിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. രാജ്യത്തിന്റെ വരുമാനത്തില്‍ കോടികളുടെ വര്‍ധനവുണ്ടായി. നാസിറിന്റെ പ്രശസ്തി നാടുകളിലെങ്ങും വ്യാപിച്ചു. പക്ഷെ അദ്ദേഹത്തിന്റെ ചരിത്രമെഴുതിയ ഇബ്‌നു അബില്‍ ഫയ്യാഅ് പറയുന്നു: ‘അധികാരത്തിലിരുന്ന അമ്പത്തഞ്ചര വര്‍ഷത്തിനിടക്ക് അദ്ദേഹത്തിന് മനസുഖം ലഭിച്ചത് വെറും പതിനാല് ദിവസം മാത്രം’.
തികഞ്ഞ അറിവും കഴിവും പ്രാഗത്ഭ്യവും കണ്ടുപിടുത്തവും ലോക പ്രശസ്തിയും എല്ലാമുണ്ടായാലും അതൊന്നും സൗഭാഗ്യം നേടിത്തരണമെന്നില്ല. അലന്‍ തോറിങ്. ലോകത്തിന്റെ ആദരം പിടിച്ചുപറ്റിയ പ്രശസ്ത ശാസ്ത്രജ്ഞന്‍. പല ഉപകരണങ്ങളുടെയും ഉപജ്ഞാതാവ്. ഗണിതത്തിലും ജീവശാസ്ത്രത്തിലും അതിവിദഗ്ധന്‍. പക്ഷേ, 1954ല്‍ വിഷം ചേര്‍ത്ത ആപ്പിള്‍ തിന്ന് അദ്ദേഹം ആത്മഹത്യ ചെയ്യുന്നു. കാരണം മനസ്സിനെ അലട്ടുന്ന ചില പ്രശ്‌നങ്ങള്‍. സമാധാനവും സന്തോഷവും ദൈവം അവനില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ക്ക് നല്‍കുന്ന ഒരനുഗ്രഹമാണ്. ‘വിശ്വാസികള്‍ക്ക് ദൈവ സ്മരണയിലൂടെ ശാന്തത കൈവരുന്നു. അറിയുക, ദൈവസ്മരണ കൊണ്ടേ മനസ്സുകള്‍ക്ക് ശാന്തത ലഭിക്കുകയുള്ളൂ- ദൈവമാണ് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നവന്‍’-ഖുര്‍ആന്‍.
രണ്ട്: ‘ഏത് പ്രയാസത്തിന്റെ കൂടെയും എളുപ്പമുണ്ട്’. ദൈവം നിശ്ചയിച്ച പ്രകൃതി നിയമമാണിത്. ഇത് മനസ്സിന് എന്തൊരു പ്രതീക്ഷയും ആശ്വാസവുമാണ് പ്രദാനം ചെയ്യുന്നത്. ജീവിതത്തെ കൂരിരുട്ടിലാഴ്ത്തുന്ന എന്തെല്ലാം പ്രയാസങ്ങളും വിഷമങ്ങളും മനുഷ്യന് നേരിടാറുണ്ട്. പക്ഷേ ദുരിതങ്ങള്‍ നീങ്ങി മാനം തെളിയുമ്പോഴുണ്ടാകുന്ന സന്തോഷം എത്രയാണ്. എന്നാല്‍ പ്രയാസങ്ങള്‍ വരുമ്പോഴേക്കും നിഷ്‌ക്രിയനും നിരുന്മേഷവാനുമാവുകയും എളുപ്പാവസ്ഥ കാത്തിരിക്കാതെ ജീവിതത്തില്‍ നിന്ന് തന്നെ ഒളിച്ചോടുകയും ചെയ്യുന്ന മനുഷ്യന്‍ എന്തൊരു ഭീരുവാണ്. രോഗം വന്നാല്‍ ചികിത്സിക്കാന്‍ ദൈവം ആജ്ഞാപിക്കുന്നു. ഏത് രോഗത്തിനും അവന്‍ മരുന്നും ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ചിലത് മാത്രമേ മനുഷ്യനറിയൂ.
മൂന്ന്: ഒരു തെറ്റ് പ്രവര്‍ത്തിച്ചാല്‍ മനസ്സില്‍ അത് സൃഷ്ടിക്കുന്ന ആഘാതം വളരെ കനത്തതായിരിക്കും. അതിന്റെ പാപഭാരവും പേറി ജീവിതകാലം മുഴുവന്‍ കഴിയേണ്ടിവരും. എന്നാല്‍ പശ്ചാത്തപിച്ച് ഈ ഭാണ്ഡം ദൈവത്തിന്റെ മുമ്പില്‍ കെട്ടഴിച്ചുവെക്കുമ്പോള്‍ ലഭിക്കുന്ന ആശ്വാസം എത്രയാണ്. ‘നിന്റെ മുതുകിനെ ഞെരുക്കിയിരുന്ന ഭാരം താഴെയിറക്കിത്തന്നു’ എന്ന ദൈവിക വചനം എത്ര അര്‍ത്ഥവത്താണ്. തെറ്റുകളില്‍ വീഴുന്നത് സൂക്ഷിക്കുകയാണ് മനസ്സമാധാനത്തോടെ ജീവിക്കാനുള്ള മാര്‍ഗം. ഒരു സ്ത്രീയെ പീഡിപ്പിച്ച പുരുഷനാകട്ടെ അവിഹിത വേഴ്ചയില്‍ ഏര്‍പ്പെട്ടവരാകട്ടെ ഇതിന്റെ അപമാന ഭാരവും കുറ്റബോധവും ജീവിതകാലം മുഴുവന്‍ പേറേണ്ടിവരുന്നു.
നാല്: ഈ ജീവിതത്തിലെ മഹാ സൗഭാഗ്യമാണ് സല്‍കീര്‍ത്തി. നന്മകള്‍ ചെയ്യുമ്പോള്‍ മാത്രമേ ഇത് ലഭിക്കുകയുള്ളൂ. ‘പിന്‍തലമുറക്കാരില്‍ എനിക്ക് സല്‍പേര് നല്‍കേണമേ’ എന്ന് ഇബ്രാഹീം നബി പ്രാര്‍ത്ഥിച്ചു. നല്ല പേര് ആകാശത്ത് നിന്ന് വീണുകിട്ടുന്നതല്ല. സ്വഭാവവും പ്രവൃത്തിയും നിസ്വാര്‍ത്ഥമായ സേവനവും കൊണ്ട് മനുഷ്യന് വന്നുചേരുന്ന ഒരു ലബ്ധിയാണിത്. ‘എന്നെ സല്‍പേരിനര്‍ഹനാക്കേണമേ’ എന്ന് മനുഷ്യന്‍ പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. ബിലാല്‍ ആരായിരുന്നു- മാര്‍ക്കറ്റില്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുപ്പെടുന്ന നിസ്സാരനായി ഗണിക്കപ്പെടുന്ന വെറും ഒരടിമ. പിന്നെ അദ്ദേഹം കഅബയുടെ മുകളില്‍ കയറി ബാങ്ക് വിളിക്കുന്ന അത്യുന്നത പദവിയിലേക്കുയര്‍ന്നു. കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകളായി അദ്ദേഹം വാഴ്ത്തപ്പെടുന്നു. പീഡനങ്ങള്‍ക്ക് മുമ്പില്‍ തളരാത്ത കരുത്തുറ്റ ഈമാനിന്റെ ഉടമയായത് കൊണ്ടാണ് ഈ വിശിഷ്ട പദവിക്കര്‍ഹനായത്.
അഞ്ച്: സമയം യഥാവിധി ഉപയോഗപ്പെടുത്തുന്നതിലൂടെ മാത്രമേ മനുഷ്യന് ജീവിത സൗഭാഗ്യം കരസ്ഥമാക്കാന്‍ കഴിയൂ. നിമിഷങ്ങള്‍ ഓരോന്നും അമൂല്യമാണ്. കര്‍മ്മനിരതമല്ലാത്ത ഒരു നിമിഷവും വിശ്വാസിയുടെ ജീവിതത്തിലുണ്ടായിക്കൂടാ. ‘നീ ഒന്നില്‍ നിന്ന് വിരമിച്ചാല്‍ മറ്റൊന്നില്‍ പ്രവേശിച്ച് കഠിന പ്രയത്‌നം നടത്തുക’- ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. ഒരു പ്രവൃത്തിയുമില്ലാതെ ഒഴിഞ്ഞിരിക്കുക എന്ന അവസ്ഥ വിശ്വാസിക്ക് പാടില്ല. ഇമാം ഹസന്‍ ബസരി പറയുന്നു: ‘ദീനാറിനേക്കാളും ദിര്‍ഹമിനേക്കാളും സമയത്തിന്റെ കാര്യത്തില്‍ ആര്‍ത്തി കാണിക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. മനുഷ്യാ, നിന്റെ ഒരു ദിവസം നഷ്ടപ്പെടുന്നതിനര്‍ത്ഥം നിന്റെ ഒരു ഭാഗം തന്നെ പോയി എന്നതാണ്’. സമയത്തെപ്പറ്റി ഇബ്‌നു ഉഖൈല്‍ പറയുന്നതിങ്ങനെ: ‘എന്റെ ആയുസില്‍ നിന്ന് ഒരു നാഴിക സമയം പോലും പാഴാക്കിക്കളയാന്‍ എനിക്ക് നിവൃത്തിയില്ല’. ഇബ്‌നു മസ്ഊദ് പറയുന്നു: ‘ഒരു ദിവസം സൂര്യന്‍ അസ്തമിക്കുമ്പോള്‍ എന്റെ ആയുസ്സില്‍ നിന്ന് അത്രയും കുറയുന്നു. എന്നാല്‍ ആ ദിവസം ഞാന്‍ ഒരു കര്‍മ്മവും കൂടുതല്‍ ചെയ്തിട്ടില്ലെങ്കില്‍ അതിനേക്കാള്‍ ഖേദമുണ്ടാക്കുന്ന മറ്റൊന്നുമില്ല’. മനസ്സ് എപ്പോഴും ജോലിയില്‍ വ്യാപൃതമായിക്കൊണ്ടിരിക്കണം. എങ്കില്‍ വേണ്ടാത്ത ചിന്തകള്‍ക്കൊന്നും അതില്‍ ഇടമുണ്ടാവുകയില്ല.
ആറ്: മനുഷ്യന്‍ അവന്റെ ആഗ്രഹ താല്‍പര്യങ്ങളെല്ലാം ദൈവത്തിന്റെ മുമ്പില്‍ സമര്‍പ്പിക്കുകയും അവ സാധിക്കാന്‍ പ്രാര്‍ത്ഥിക്കുകയും വേണം. സല്‍പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ അവന്റെ പ്രീതിയല്ലാതെ മറ്റൊരു ഭൗതികമായ താല്‍പര്യവും മനസ്സിലുണ്ടാകാന്‍ പാടില്ല. മരണാനന്തര ജീവിതത്തിലെന്നല്ല, ഭൗതിക ജീവിതത്തിലും സൗഭാഗ്യവും സന്തോഷവും ലഭിക്കാന്‍ അവനെ ആശ്രയിക്കേണ്ടതുണ്ട്.
ഖുര്‍ആനിലെ എട്ട് കൊച്ചു വാക്യങ്ങള്‍ മാത്രമുള്ള അധ്യായത്തില്‍ നിന്ന് ആറ്റിക്കുറുക്കിയെടുത്ത ആറ് സന്ദേശങ്ങളാണ് ഇത്രയും പ്രസ്താവിച്ചവ. മരണം വരെയുള്ള കാലയളവിലും ശേഷമുള്ള ശാശ്വതാവസ്ഥയിലും രണ്ടിലും ഒരുപോലെ സൗഭാഗ്യവും സന്തോഷവും ലഭിക്കുക- ഇതത്രെ മഹാ വിജയം. ഇതിനായിരിക്കട്ടെ ഓരോ വ്യക്തിയുടെയും തീവ്രശ്രമവും.

chandrika: