X
    Categories: indiaNews

പ്രവാചക നിന്ദയിലെ അറബ് എതിര്‍പ്പ്; സാമ്പത്തിക മേഖലയില്‍ ആശങ്ക

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവിന്റെ പ്രവാചക നിന്ദാ പരാമര്‍ശത്തിനെതിരെ അറബ് മേഖലയില്‍ ഉയരുന്ന പ്രതിഷേധം രാജ്യത്തിന്റെ സാമ്പത്തിക മേഖലയെക്കൂടി ബാധിക്കുമെന്ന ആശങ്ക ശക്തമാകുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കെതിരെ ഉയരുന്ന ബഹിഷ്‌കരണാഹ്വാനമാണ് തിരിച്ചടിയാകുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 182 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഏഴ് ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യ നടത്തിയിട്ടുള്ളത്.

അതായത് 14 ലക്ഷം കോടിയിലധികം രൂപയുടെ വ്യാപാര ബന്ധം. യു.എ.ഇ, സഊദി അറേബ്യ, ഇറാഖ്, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹറൈന്‍ എന്നീ രാജ്യങ്ങളുമായാണ് ഇന്ത്യക്ക് വ്യാപാര ബന്ധമുള്ളത്. ഇതില്‍ തന്നെ ആഗോള തലത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ യു.എ.ഇ, സഊദി അറേബ്യ, ഇറാഖ് എന്നിവ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലുള്ള രാജ്യങ്ങളാണ്. ഈ രാജ്യങ്ങളിലെയെല്ലാം ഭരണകൂടങ്ങള്‍ ഔദ്യോഗികമായിത്തന്നെ ഇന്ത്യയോട് പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

മാത്രമല്ല, ആഗോള തലത്തിലെ ഇന്ത്യയുടെ വിദേശ നാണ്യ വരുമാനത്തിന്റെ 54 ശതമാനവും അഞ്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. ഇവിടെ തൊഴിലെടുക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരായ പ്രവാസികള്‍ വഴിയാണ് ഗള്‍ഫ് മണി ഇന്ത്യയിലെത്തുന്നത്. അതുകൊണ്ടുതന്നെ ബഹിഷ്‌കരണാഹ്വാനം ഏതെല്ലാം നിലയില്‍ രാജ്യത്തെ ബാധിക്കും എന്നത് കാത്തിരുന്നു കാണേണ്ടി വരും. ബി.ജെ.പി അധികാരത്തില്‍ എത്തിയ ശേഷം ഗള്‍ഫ് രാജ്യങ്ങളുമായുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ നിരന്തരം അവകാശപ്പെടുന്നതിനിടെ കൂടിയാണ് പുതിയ സംഭവ വികാസങ്ങള്‍. 2022 ഫെബ്രുവരിയില്‍ യു.എ.ഇയുമായി ഇന്ത്യ സ്വതന്ത്ര വാണിജ്യ കരാര്‍ ഒപ്പുവെച്ചിരുന്നു. ഇന്ത്യയിലെ 97 ശതമാനം ഉല്‍പന്നങ്ങള്‍ യു.എ.ഇയിലും യു.എ.ഇയിലെ 90 ശതമാനം ഉല്‍പന്നങ്ങള്‍ ഇന്ത്യയിലും അധിക നികുതിയില്ലാതെ ലഭ്യമാക്കുന്ന കരാര്‍ മെയ് ഒന്നിനാണ് പ്രാബല്യത്തില്‍ വന്നത്.

Chandrika Web: