X
    Categories: keralaNews

ഹജ്ജ്; സ്ത്രീകള്‍ക്ക് ബുധനാഴ്ച മുതല്‍ നാല് വിമാനങ്ങള്‍

നെടുമ്പാശ്ശേരി : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനു പുറപ്പെടുന്ന സ്ത്രീകള്‍ക്കു പ്രത്യേകമായി നാളെ മുതല്‍ വെള്ളിയാഴ്ച വരെ നാല് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും. ലേഡീസ് വിത്തൗട്ട് മെഹ്‌റം വിഭാഗത്തില്‍പെട്ട തീര്‍ത്ഥാടകരാണ് ഈ ദിവസങ്ങളില്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിനായി യാത്രയാവുന്നത്.

നാളെ രാവിലെ 7.30 നു പുറപ്പെടുന്ന എസ് വി 5311 വിമാനത്തിലും രാത്രി 10.30 നു പുറപ്പെടുന്ന എസ് വി 5715 നമ്പര്‍ വിമാനത്തിലും വ്യാഴം ഉച്ചക്ക് ശേഷം 2.50 നു പുറപ്പെടുന്ന എസ് വി 5753 വിമാനത്തിലും വെള്ളിയാഴ്ച രാവിലെ 6.10 നു പുറപ്പെടുന്ന എസ് വി 5745 നമ്പര്‍ വിമാനത്തിലുമാണ് 1508 സ്ത്രീ തീര്‍ത്ഥാടകരുടെ യാത്ര.

ഇവരുടെ കൂടെ യാത്രയാവുന്നതും വനിതാ വോളണ്ടിയര്‍മാരാണ്. നാളെ പുറപ്പെടുന്ന രണ്ട് വിമാനങ്ങളിലെ തീര്‍ത്ഥാടകര്‍ ഇന്നലെ ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്കുള്ള മെനിഞ്ചൈറ്റിസ് വാക്‌സിനേഷന്‍, രേഖകളുടെ കൈമാറ്റം എന്നിവ ഇന്നലെയും ഇന്നും നടക്കും.വരും ദിവസങ്ങളില്‍ കൂടുതലായി വനിതാ തീര്‍ത്ഥാടകര്‍ പുറപ്പെടുന്നതിനാല്‍ ക്യാമ്പില്‍ ഇവര്‍ക്കാവശ്യമായ കുടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. താമസം, ഭക്ഷണം, നിസ്‌കാരം, പ്രാഥമികാവശ്യങ്ങള്‍ തുടങ്ങിയവക്കാവശ്യമായ പ്രത്യേക ക്രമീകരണമാണ് ക്യാമ്പില്‍ ഒരുക്കിയിട്ടുള്ളത്. ഇതിനായി കുടുതല്‍ വനിതാ വോളണ്ടിയര്‍മാരും സേവനത്തിനുണ്ടാവും.

ലക്ഷദ്വീപ് ഹജ്ജ് സംഘം
8 ന് ക്യാമ്പിലെത്തും

നെടുമ്പാശ്ശേരി : ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനു പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ നാളെ ഉച്ചക്ക് ശേഷം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനോട് ചേര്‍ന്നുള്ള ഹജ്ജ് ക്യാമ്പിലെത്തും. 76 പുരുഷന്മാരും 67 സ്ത്രീകളുമടക്കം 143 പേരാണ് ലക്ഷദ്വീപില്‍ നിന്നും ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിനായി പുറപ്പെടുന്നത്. 10 ന് വൈകുന്നേരം 7.35 ന് പുറപ്പെടുന്ന എസ് വി 5735 നമ്പര്‍ സഉൗദി എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് ഇവരുടെ യാത്ര. കേരളത്തില്‍ നിന്നുള്ള 234 പേരും ഈ വിമാനത്തില്‍ യാത്രയാവും.

Chandrika Web: