X

അതിര്‍ത്തി കടക്കുന്ന ഇസ്‌ലാം വിരുദ്ധത-എഡിറ്റോറിയല്‍

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പി അവരുടെ രണ്ടു വക്താക്കളെ പാര്‍ട്ടിയില്‍നിന്ന് യഥാക്രമം സസ്‌പെന്‍ഡ് ചെയ്യുകയും പുറത്താക്കിയിരിക്കുകയുമാണ്. മെയ് 26ന് ദേശീയ ടി.വി മാധ്യമത്തിലെ ചര്‍ച്ചക്കിടെ പാര്‍ട്ടിയുടെ വനിതാവക്താവ് നൂപുര്‍ ശര്‍മയാണ് പ്രവാചക നിന്ദ ആദ്യം നടത്തിയതെങ്കില്‍ സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ അതേകുറ്റം ആവര്‍ത്തിക്കുകയായിരുന്നു മറ്റൊരു വക്താവ് നവീന്‍കുമാര്‍ ജിന്‍ഡാല്‍. ഇരുവരുടെയും നടപടി പാര്‍ട്ടി നയത്തിന് എതിരാണെന്നും പാര്‍ട്ടി ഭരണഘടനയുടെ പത്താം വകുപ്പ് ഉപയോഗിച്ച് നടപടിയെടുക്കുകയാണെന്നുമാണ് ജൂണ്‍ അഞ്ചിന് ജനറല്‍ സെക്രട്ടറി അരുണ്‍സിംഗ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. അതായത് സംഭവം നടന്നതിന്റെ പതിനൊന്നാം ദിവസം. യഥാര്‍ഥത്തില്‍ മെയ് 28ന് തന്നെ നൂപുര്‍ശര്‍മക്കെതിരെ നല്‍കിയ പരാതിയില്‍ മഹാരാഷ്ട്രയിലെ ഭീവണ്ടി, മുമ്പ്ര പൊലീസ്‌സ്റ്റേഷനുകളില്‍ പ്രഥമ വവിരറിപ്പോര്‍ട്ട് തയ്യാറാക്കി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനിടെ യു.പിയിലെ കാണ്‍പൂരില്‍ ഇരു സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷവും ഉണ്ടായി. എന്നിട്ടും എന്തുകൊണ്ടാണ് രണ്ടാഴ്ചയോളം പിന്നിട്ടശേഷം പാര്‍ട്ടി നടപടിക്ക് മുതിര്‍ന്നത്? ഇതിലേറെ മുസ്‌ലിം വിരുദ്ധതയും അവര്‍ക്കെതിരെ അക്രമപരമ്പരകളും ഉന്മൂലന സിദ്ധാന്തവുംവരെ അവതരിപ്പിക്കപ്പെട്ടിട്ടൊന്നും ഉണ്ടാകാത്ത വകുപ്പ് എന്തിനാണ് ഇപ്പോള്‍ പുറത്തെടുത്തതെന്ന ചോദ്യത്തിനുത്തരം ഒന്നേയുള്ളൂ: രാജ്യാന്തര തലത്തിലുണ്ടായ കടുത്ത പ്രതിഷേധം.

നടപടി അറിയിച്ചുകൊണ്ടുള്ള പത്രക്കുറിപ്പില്‍ ബി.ജെ. പി പറയുന്ന വാചകങ്ങളാണ് ഇതിലേറ്റവും കൗതുകകരം. ‘ആയിരക്കണക്കിന് വര്‍ഷങ്ങളായുള്ള ഇന്ത്യാചരിത്രത്തില്‍ എല്ലാ മതങ്ങളും പുഷ്പിക്കുകയും വളരുകയും ചെയ്തിട്ടുണ്ട്. എല്ലാ മതങ്ങളെയും ബി.ജെ.പി ബഹുമാനിക്കുന്നു. ഏതെങ്കിലും മതത്തിന്റെ മത നേതാവിനെതിരെ നിന്ദിക്കുന്നതിനെ ബി.ജെ.പി ശക്തിയായി തള്ളിക്കളയുന്നു’ ഇതാണ് ആ വാചകങ്ങള്‍. കഴിഞ്ഞ നാലു പതിറ്റാണ്ടോളമായി പ്രവര്‍ത്തിച്ചുവരികയും രാജ്യത്തിന്റെ ഉന്നത കേന്ദ്രങ്ങളില്‍വരെ അധികാരമുറപ്പിക്കുകയും ചെയ്തിട്ടുപോലും നാളിതുവരെ ഇതുപോലുള്ള ഒറ്റ വാചകമെങ്കിലും ബി.ജെ.പി അവരുടെ ഔദ്യോഗിക രേഖയായി ഇറക്കിയതായി കാണാനാകുമോ? ആര്‍.എസ്.എസ്സിന്റെയും ഹിന്ദുമഹാസഭയുടെയും വിശ്വഹിന്ദു പരിഷത്തിന്റെയുമെല്ലാം പ്രധാന അജണ്ട മുസ്‌ലിം വിരുദ്ധതയാണെന്ന് പ്രത്യേകിച്ചാരോടും പറഞ്ഞുബോധ്യപ്പെടുത്തേണ്ടതില്ല. അത്രകണ്ട് സുസ്ഥാപിതമാണ് സംഘ്പരിവാറിന്റെയും അവരുടെ രാഷ്ട്രീയ രൂപങ്ങളായ ജന സംഘത്തിന്റെയും ബി.ജെ.പിയുടെയും നയങ്ങളും കാര്യപരിപാടികളും. സ്വതന്ത്ര ഇന്ത്യയിലും മുമ്പും എത്രയെത്ര മുസ്്‌ലിംകളെയാണ് അവര്‍ ഇസ്്‌ലാമിനെതിരായ സാങ്കല്‍പിക ശത്രുതയുടെ പേരില്‍ കൊന്നുതള്ളിയിട്ടുള്ളത്. കഴിഞ്ഞ എട്ടു വര്‍ഷത്തെ ആ പാര്‍ട്ടിയുടെ ഭരണത്തിന്‍കീഴില്‍ അതിന്റെ തോത് വര്‍ധിച്ചതല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ലെന്ന് രേഖകള്‍ സമര്‍ഥിക്കുന്നു. നിരപരാധികളെ വിശ്വാസത്തിന്റെയും ബീഫിന്റെയും വസ്ത്രത്തിന്റെയും മറ്റും പേരില്‍ കൊന്നുതള്ളിയപ്പോഴൊന്നും ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു പ്രസ്താവനയുണ്ടാകാതിരുന്നതാണ് മുസ്്‌ലികളെ വംശീയ ഉന്മൂലനം നടത്തുമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതിലേക്കുവരെ സംഘ്പരിവാര്‍സ്വാമികളെ പ്രേരിപ്പിച്ചത്. ഇതിനെതിരെ ബി.ജെ.പി സംസ്ഥാന സര്‍ക്കാരുകളെ സുപ്രീംകോടതിക്ക് താക്കീതുചെയ്യേണ്ടിവന്നു.

വക്താവിന്റെ വര്‍ഗീയവിഷം പൊട്ടിത്തെറിച്ചത് കാശി ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയെന്നുപറയുന്ന ശിവലിംഗത്തെച്ചൊല്ലിയായിരുന്നു. ശിവലിംഗം തന്നെയാണ് കണ്ടെത്തിയതെന്നും അതിനെ ചിലര്‍ റോഡരകിലെ കല്ലുകളുമായി താരതമ്യം ചെയ്യുകയാണെന്നും പറഞ്ഞതിനുശേഷമാണ് നബിയുടെ വിവാഹത്തെക്കുറിച്ചുള്ള നികൃഷ്ടപരാമര്‍ശത്തിലേക്ക് നൂപുര്‍ശര്‍മ കടന്നത്. സത്യത്തില്‍ ശിവലിംഗവും പ്രവാചക വിവാഹവും തമ്മില്‍ താരതമ്യംചെയ്യേണ്ട യാതൊരു കാര്യവുമില്ലായിരുന്നു. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഉപേക്ഷിക്കപ്പെട്ട ട്രാഫിക് ബാരിയറിനെ ചിലര്‍ പൂജിക്കുന്ന വീഡിയോ അടുത്തിടെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഏതെങ്കിലുമൊരു വ്യക്തി അയാള്‍ക്കിഷ്ടപ്പെട്ട മതവിശ്വാസം പുലര്‍ത്തുന്നതിനെ എതിര്‍ക്കുകയോ അപഹസിക്കുകയോ ചെയ്യേണ്ട കാര്യമില്ല. ഇസ്്‌ലാം അതിനെ കഠിനമായി വിലക്കുന്നു. അതുതന്നെയാണ് ലോകൈകമായ സാമാന്യതത്വവും. വിഷയത്തില്‍ ഖത്തര്‍, കുവൈത്ത്, സഊദി, ഇറാന്‍ എന്നീ രാജ്യങ്ങളും ഇസ്്‌ലാമിക രാഷ്ട്രസംഘടനയായ ഒ.ഐ.സിയും ഇന്ത്യക്കെതിരെ പ്രതിഷേധം അറിയിക്കാനിടയായത് മതേതര ജനാധിപത്യ ഇന്ത്യയുടെ യശസ്സിനുള്ള അടിയായിപ്പോയി. നൂറ്റാണ്ടുകളായി ഇന്ത്യയും ഗള്‍ഫും തമ്മിലുള്ള ബന്ധം തുടങ്ങിയിട്ട്. 1992ല്‍ ബാബരി മസ്്ജിദ് തകര്‍ത്തപ്പോഴാണ് സമാനമായൊരു പ്രതിഷേധം ഗള്‍ഫില്‍നിന്നുയര്‍ന്നത.് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ കഴിഞ്ഞവര്‍ഷം നടന്ന അതിക്രമങ്ങള്‍ക്കെതിരെ അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതും കഴിഞ്ഞദിവസമാണ്. ഖത്തറിലെ നയതന്ത്രപ്രതിനിധി വഴിയായാലും, അവിടെ ഉപരാഷ്ട്രപതി സന്ദര്‍ശിക്കുന്ന വേളയില്‍, മോദിസര്‍ക്കാര്‍ വിവാദ പ്രസ്താവനയെ തള്ളിപ്പറഞ്ഞത് സ്വാഗതാര്‍ഹമാണ്. അതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ രാജ്യത്തോടും അന്താരാഷ്ട്ര സമൂഹത്തോടും മാപ്പുപറയുകയാണ് മോദി സര്‍ക്കാരും ബി.ജെ.പിയും ചെയ്യേണ്ടത്.

Chandrika Web: