X

ചുടുചോര നുണയാന്‍ വെമ്പല്‍കൊള്ളുന്നവര്‍

ഒരു നാടിന്റെ ഓമനയായിരുന്നു സൗമ്യനും മിതഭാഷിയും പരോപകാരിയുമായിരുന്ന ശുക്കൂര്‍. കളിക്കിടെ പരിക്കേറ്റ സുഹൃത്തിനെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മുന്നില്‍നിന്നും പിറകില്‍ നിന്നുമെത്തിയ സി.പി.എമ്മുകാര്‍ വഴി തടഞ്ഞതോടെ ശുക്കൂറും സുഹൃത്തുക്കളും മുഹമ്മദ് കുഞ്ഞി എന്നയാളുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നുവെന്ന് സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. തുടര്‍ന്ന് പ്രതികളില്‍ 12 പേരും തിരിച്ചറിഞ്ഞിട്ടില്ലാത്ത 1016 പേരും ചേര്‍ന്ന് വീട് വളഞ്ഞു. 12.30 മുതല്‍ രണ്ടു മണി വരെ ഇവരെ തടഞ്ഞുവച്ചു. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് നാലു പേരുടെയും ഫോട്ടോ മൊബൈയില്‍ പകര്‍ത്തി. എല്‍.സി അംഗമായ മറ്റൊരു നേതാവ് നാലു പേരുടെയും പേരും വിലാസവും ചോദിച്ചറിഞ്ഞ് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗത്തെ ഫോണില്‍ വിളിച്ചറിയിച്ചു. മറ്റ് നേതാക്കളുമായി കൂടിയാലോചിച്ച ശേഷം ശുക്കൂറിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. വീട്ടില്‍നിന്ന് പിടിച്ചിറക്കി വയലിലേക്ക് കൊണ്ടുപോയി ഇരുമ്പ് വടികൊണ്ട് ആക്രമിച്ചു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ശരീരമാസകലം മുറിവുണ്ടാക്കി. പ്രാദേശിക നേതാവ് നെഞ്ചിലേക്ക് കത്തി കുത്തിക്കയറ്റി. കൂടെ മറ്റു നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നു. ജീവനും കൊണ്ട് ഓടുന്നതിനിടയില്‍ പിന്നില്‍നിന്ന് വെട്ടിവീഴ്ത്തിയായിരുന്നു ശുക്കൂറിനെ കൊലപ്പെടുത്തിയത്. വയല്‍ വരമ്പില്‍ തമ്പടിച്ചിരുന്ന 200 ഓളം പേരെ സാക്ഷിനിര്‍ത്തി ചെയ്ത അരുംകൊല പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനപ്രകാരമായിരുന്നു.

കണ്ണൂര്‍ ജില്ലയുടെ ശാപമായി മാറിയ കൊലപാതക രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായി അരിയില്‍ ശുക്കൂര്‍ വധക്കേസ് കാലം സാക്ഷ്യപ്പെടുത്തുന്ന നാളുകള്‍ അതിവിദൂരമല്ല. പാര്‍ട്ടി തീരുമാനത്തിനനുസരിച്ച് പച്ച മനുഷ്യരുടെ നെഞ്ചില്‍ കത്തി കുത്തിയിറക്കുന്ന പാര്‍ട്ടി ആരാച്ചാര്‍മാര്‍ മാത്രമല്ല, കൊല്ലപ്പെടേണ്ടവരാരൊക്കെയെന്ന് വിധിയെഴുതുന്ന പാര്‍ട്ടി കോടതികളിലെ യജമാനന്മാര്‍കൂടി നീതിയുടെ മുമ്പില്‍ ഹാജരാക്കപ്പെടുന്നുവെന്നതാണ് ഈ കേസിനെ ചരിത്ര പ്രധാനമാക്കി മാറ്റുന്നത്. കണ്ണൂര്‍ ജില്ലയില്‍തന്നെ മുമ്പ് നടന്ന കൊലപാതകങ്ങളില്‍ പ്രാദേശിക നേതാക്കള്‍ കുടുങ്ങിയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും മനോധര്‍മ്മത്തിനും അനുസരിച്ച് എതിര്‍ പാര്‍ട്ടിക്കാര്‍ക്ക് കൊലക്കത്തി വിധിക്കുന്ന പാര്‍ട്ടിക്കോടതിയുടെ തലവനുള്‍പ്പെടെ വലയില്‍ കുടുങ്ങുന്നത് ഇതാദ്യമായാണ്.

അക്രമത്തിലും ഹിംസയിലും മാത്രം വിശ്വസിക്കുന്ന കുടില നേതൃത്വത്തിന്റെ കൈയിലാണ് സി.പി.എമ്മിന്റെ കടിഞ്ഞാണെന്നത് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും ബോധ്യമുള്ളതാണ്. ഇവര്‍ നടത്തുന്ന കൊലപാതകങ്ങളില്‍ പലപ്പോഴും വാടകപ്രതികളും ചിലപ്പോഴെങ്കിലും യഥാര്‍ത്ഥ പ്രതികളും അകത്തായിട്ടും ഒന്നിനുപിറകെ മറ്റൊന്നായി കൊലപാതക പരമ്പരകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നതിന്റെ കാരണം മറ്റൊന്നുമല്ല. കൊല്ലപ്പെടേണ്ടവര്‍ ആരൊക്കെയെന്ന് തീരുമാനിച്ച് സമയവും സ്ഥലവും നിശ്ചയിച്ച് ആയുധങ്ങള്‍ നല്‍കി അനുസരണയുള്ള അണികളെ പറഞ്ഞയക്കുന്നവര്‍ എല്ലാവിധ സംരക്ഷണവും ആസ്വദിച്ച് സൈ്വരമായി പുറത്തുകഴിയുന്നതാണ് ഇതിന് കാരണം. എത്രയേറെ പാര്‍ട്ടി പ്രവര്‍ത്തകരും ക്വട്ടേഷന്‍ സംഘാംഗങ്ങളും അകത്തായാലും തങ്ങളെ അത് ബാധിക്കില്ലെന്ന ഉറച്ച ബോധ്യമാണ് വീണ്ടും വീണ്ടും മനുഷ്യന്റെ ചുടുചോര കുടിക്കാന്‍ ഇവര്‍ നാക്കുനുണയുന്നത്. അലംഘനീയമെന്ന് കരുതിയ ഈ ‘നിയമം’ ചരിത്രത്തിലാദ്യമായി ലംഘിക്കപ്പെട്ടുവെന്നതാണ് ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം ക്രൂരവും ഭീകരവുമായി നടപ്പിലാക്കിയ അരിയില്‍ ശുക്കൂര്‍ വധവുമായി ബന്ധപ്പെട്ട കേസില്‍ ഇപ്പോള്‍ സി.ബി.ഐ നടപടിയിലൂടെ ഉണ്ടായിരിക്കുന്ന സവിശേഷ കാര്യം.

പാര്‍ട്ടി കോടതികളുടെ മുമ്പത്തെ വിധികള്‍ നടപ്പിലാക്കിയത് ഇരുട്ടിന്റെ മറവിലോ മുഖംമൂടിയുടെ പിറകിലോ ആയിരുന്നു. എന്നാല്‍ ശുക്കൂര്‍ വധം അങ്ങനെയായിരുന്നില്ല. ഏതാനും യുവാക്കളെ മണിക്കൂറുകളോളം ബന്ദികളാക്കിയ ശേഷം കൊല്ലപ്പെടേണ്ടവനെന്ന് പാര്‍ട്ടി കോടതി സമയമെടുത്ത് ചര്‍ച്ച ചെയ്ത് തീരുമാനിച്ച് ഉറപ്പിക്കുകയായിരുന്നു. പാര്‍ട്ടി കോടതിയുടെ തീരുമാനം തെറ്റിപ്പോകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്ന പാര്‍ട്ടി ആരാച്ചാര്‍മാര്‍ ഫോണ്‍ വഴി ബന്ദികളാക്കപ്പെട്ട യുവാക്കളുടെ ഫോട്ടോകള്‍ വിധി കര്‍ത്താക്കള്‍ക്ക് അയച്ചുകൊടുത്തു. അവര്‍ ഫോട്ടോ കണ്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു പട്ടാപ്പകല്‍ 24 കാരനായ ഷുക്കൂറിന്റെ നെഞ്ചില്‍ കുത്തിയിറക്കി പാര്‍ട്ടി തിട്ടൂരം നടപ്പിലാക്കപ്പെട്ടത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളേക്കാള്‍ ഭീകരമായിരുന്നു ഇത്. ഹിംസാത്മകമായ ആള്‍ക്കൂട്ടത്തിന്റെ ആക്രോശങ്ങളായിരുന്നു നാലു ചെറുപ്പക്കാര്‍ വിചാരണ നേരിട്ട കണ്ണപുരത്തെ വയലിന് ചുറ്റും മുഴങ്ങിക്കേട്ടത്. മറിച്ച് പാര്‍ട്ടി യജമാനന്മാരുടെ വിധിതീര്‍പ്പ് കേട്ട് അത് നടപ്പിലാക്കാന്‍ ജാഗരൂഗരായി നില്‍ക്കുന്ന പാര്‍ട്ടിയുടെ അച്ചടക്കമുള്ള അണികളെയായിരുന്നു. പാടത്ത് തടഞ്ഞുനിര്‍ത്തപ്പെട്ട യുവാക്കളുടെ ദീനരോദനങ്ങളും കേണുകൊണ്ടുള്ള യാചനകളും ഈ കാലാളുകളുടെ ശിലാഹൃദയങ്ങളെ തെല്ലും കുലുക്കിയില്ല. പാര്‍ട്ടി കോടതിയുടെ വിധിക്കപ്പുറം മറ്റൊന്നുമില്ലെന്നതായിരുന്നു അവരുടെ തീരുമാനം. അതുകൊണ്ടുതന്നെയാണ് ശുക്കൂര്‍ വധക്കേസ് സമാനതകളില്ലാത്തതാണെന്ന് വിലയിരുത്തപ്പെടുന്നത്. യജമാനന്മാരെ രക്ഷിച്ചെടുക്കാന്‍ ആവനാഴിയിലെ മുഴുവന്‍ ആയുധങ്ങളും അവര്‍ പ്രയോഗിച്ചെങ്കിലും എല്ലാ സമ്മര്‍ദ്ദങ്ങളെയും ഭീഷണികളെയും തന്ത്രങ്ങളെയും അതിജീവിച്ച് കേസ് ഇവിടംവരെ കൊണ്ടെത്തിക്കാന്‍ സാധിച്ചത് നിസ്സാരമല്ല. കൊലപാതക രാഷ്ട്രീയത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫിനെ രക്ഷിച്ചെടുക്കാന്‍ പാര്‍ട്ടി തയ്യാറാക്കിവച്ചിരിക്കുന്ന വജ്രായുധങ്ങള്‍ ഇനിയുമുണ്ടാവുമെന്ന കാര്യത്തില്‍ സംശയവുമില്ല.

ഭീഷണിയുടെ സ്വരം സി.പി.എമ്മുകാരില്‍ നിന്ന് കെട്ടടങ്ങിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ശുക്കൂറിനു നീതിക്കുവേണ്ടി വരികള്‍ തീര്‍ത്ത എം.എസ്.എഫ് പ്രവര്‍ത്തകരെയും വെറുതെവിട്ടില്ല. തെളിവുകള്‍ നശിപ്പിച്ച് നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടാന്‍ ഉത്തരേന്ത്യന്‍ കലാപകാരികളേക്കാള്‍ മിടുക്കരാണ് എന്നറിയാം. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്തുതന്നെയാണ് കേസ് ഇവിടം വരെ എത്തിയത്. സാക്ഷികളുടെ മൊഴി തിരുത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ ഷുക്കൂറിന്റെ ഉമ്മയെ പൊലീസ് വലിച്ചിഴച്ച് സ്റ്റേഷനില്‍ പാര്‍പ്പിച്ചപ്പോള്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ജയിലിലേക്ക് അയക്കാന്‍ ശ്രമിച്ചപ്പോള്‍ സഹോദരന്‍ ഷെഫീക്കിനെ ജയിലിലടച്ചപ്പോള്‍ സാക്ഷികളെ സമ്മര്‍ദ്ദംകൊണ്ട് വീര്‍പ്പ്മുട്ടിച്ചപ്പോള്‍ സുപ്രീംകോടതി വക്കീല്‍ പോലും ഹിയറിങിന്റെ മണിക്കൂറുകള്‍ക്ക്മുമ്പ് കളമൊഴിഞ്ഞപ്പോള്‍ ദൈവം ശുക്കൂറിന്റെ മാതാവിന്റെ കണ്ണീരിനൊപ്പമായിരുന്നു. നീതിയുടെ പുതുയുഗപ്പിറവി അത്ര ആയാസരഹിതമായിരിക്കില്ലെന്ന തിരിച്ചറിവുള്ളവരാണ് നിയമപോരാട്ടത്തിന് നേതൃത്വം നല്‍കുന്നത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കേണ്ടതാണ് മരണമെന്ന ഉറച്ച ബോധ്യമുള്ളവരാണവര്‍. അതിനുമുമ്പ് പേടിച്ചു മരിക്കാന്‍ ഒരുക്കമല്ലാത്തവര്‍, നീതിക്കുവേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ളവര്‍. സത്യവും നീതിയും ജയിക്കുകയും അസത്യവും അനീതിയിലും തുറങ്കിലടക്കപ്പെടുകയും ചെയ്യുന്ന ചരിത്രവിധിക്കുവേണ്ടിയുള്ള കാത്തിരിപ്പില്‍ ഒരു നാടിന്റെ മുഴുവന്‍ മനസ്സും പ്രാര്‍ത്ഥനയും ഉണ്ടെന്നതാണ് ഏറ്റവും വലിയ കരുത്ത്.

chandrika: