X

അരിയില്‍ ഷുക്കൂര്‍ കേസിലെ നാള്‍വഴികള്‍

അഡ്വ.ടി.ആസഫ് അലി

(മുന്‍ കേരള പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലാണ് ലേഖകന്‍)

ഇരുപത്തിയൊന്നു വയസ്സ് പ്രായമായ അരിയില്‍ ഷുക്കൂറിനെ സി.പി.എം ഭീകരസംഘം ചുറ്റുംകൂടിനിന്ന് പരസ്യ വിചാരണ നടത്തി താലിബാന്‍ മാതൃകയില്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരു അഭിഭാഷകന്‍ നടത്തിയ അബദ്ധ ജഡിലമായതും വസ്തുതാവിരുദ്ധവുമായ ചില പ്രസ്താവനകളാണ് സംഭവകാലത്ത് ഷുക്കൂര്‍ വധക്കേസുമായി സംസ്ഥാനത്തെ പ്രോസിക്യൂഷന്‍ മേധാവിയെന്ന നിലയില്‍ ഹൈക്കോടതിയില്‍ ഹാജരാകേണ്ടിവന്ന ഈ ലേഖകനെ ഇതെഴുതുവാന്‍ പ്രേരിപ്പിച്ചത്.

ക്രിമിനല്‍ കുറ്റാന്വേഷണമെന്നത് ക്രിമിനല്‍ നിയമസംഹിതയും പൊലീസ് ആക്ടും അനുസരിച്ച് പൊലീസ് മാത്രം നടത്തേണ്ട പവിത്രമായ പ്രക്രിയയാണ്. ഭരണഘടനാകോടതികള്‍ക്ക് പോലും കേസന്വേഷണത്തില്‍ ഇടപെടുന്നതില്‍ സുപ്രീംകോടതിയുടെയും ഹൈക്കോടതികളുടെയും വിധിയനുസരിച്ച് ധാരാളം പരിമിതികളുണ്ട്. സുപ്രീംകോടതിയുടെ സുപ്രസിദ്ധമായ സരള v/s വേലു എന്ന കേസിലെ വിധിയനുസരിച്ച് കേസന്വേഷണ വേളയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ പോലും ഇടപെടുന്നത് ശരിയല്ലെന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട്തന്നെ കേസന്വേഷണ വേളയില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കേസ് ഡയറിയുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാവുകയല്ലാതെ അതീവ ഗുരുതര നിയമപ്രശ്‌നങ്ങളില്‍ ആവശ്യമായ നിയമോപദേശം നല്‍കുകയെന്നതും ഒഴിച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കേസന്വേഷണത്തില്‍ ഇടപെടാന്‍ നിയമപരമായ പരിമിതമായ അവകാശമേയുള്ളൂ. അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ അന്വേഷണ കാലത്ത് സംസ്ഥാനത്തെ പ്രോസിക്യൂഷന്‍ മേധാവിയെന്ന നിലയില്‍ ഒരു കാര്യം അടിവരയിട്ടു പറയാം. ഒരിക്കലും അന്വേഷണ ഉദ്യോഗസ്ഥര്‍ ഷുക്കൂര്‍ വധ അന്വേഷണത്തില്‍ യാതൊരു സ്വകാര്യ അഭിഭാഷകരുടെയും നിയമോപദേശം തേടിയിട്ടുണ്ടായിരുന്നില്ല. അപ്രകാരം പുറത്തുള്ള സ്വകാര്യ അഭിഭാഷകരുടെ ഇടപെടലിന് അവസരമേ ഉണ്ടായിരുന്നില്ല. അതുകൊണ്ട്തന്നെ റിമാന്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയതുമായും മറ്റ് ഇടപെടല്‍ കേസന്വേഷണത്തില്‍ ഉണ്ടായിയെന്നൊക്കെയുള്ള അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ ശുദ്ധ അസംബന്ധവും വാസ്തവ വിരുദ്ധവുമാണ്. പി.കെ കുഞ്ഞാലിക്കുട്ടി കേസന്വേഷണത്തില്‍ ഇടപെട്ടിരുന്നുവെന്നും സി.പി.എം നേതാവ് പി. ജയരാജനെതിരെ ഗൂഢാലോചന കുറ്റം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നൊക്കെയുള്ള പ്രസ്താവന ശുദ്ധ നുണയും ഭാവനാസൃഷ്ടിയുമാണ്. ഏത് അന്വേഷണ ഉദ്യോഗസ്ഥനോടാണ് ആവശ്യപ്പെട്ടതെന്നും ആ വിവരം അന്വേഷണവുമായി യാതൊരു ബന്ധവുമില്ലാത്ത അഭിഭാഷകന്‍ എങ്ങനെ അറിഞ്ഞുവെന്നൊക്കെയുള്ളത് ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളാണ്. 10 വര്‍ഷത്തിനുശേഷം ഇത്തരമൊരു പ്രസ്താവന അപരിചിതനായ ഒരു അഭിഭാഷകന്‍ പുറപ്പെടുവിക്കുന്നത് ദുരുദ്ദേശപൂര്‍വമാണ്.

കേസന്വേഷണം പാര്‍ട്ടിഗ്രാമമായ കണ്ണപുരത്തെ സി.പി.എം സ്വാധീനത്തില്‍ പൊലീസ് നിഷ്പക്ഷമായ നടത്തിയില്ലെന്ന ആശങ്ക ആദ്യം ഉന്നയിച്ചത് യു.ഡി.എഫ് നേതൃത്വവും കൊല്ലപ്പെട്ട ഷുക്കൂറിന്റെ കുടുംബവുമായിരുന്നു. ഇത് സംബന്ധിച്ച് സി. ബി.ഐ അന്വേഷണം എന്ന ആശയം ആദ്യമായി അന്നത്തെ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ എന്ന നിലയില്‍ ഈ ലേഖകനോട് പങ്ക്‌വെച്ചത് അന്നത്തെ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയായിരുന്നു. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശവും സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടും അടിസ്ഥാനപ്പെടുത്തിയായിരുന്നു അരിയില്‍ ശുക്കൂര്‍ വധക്കേസന്വേഷണം സി.ബി. ഐക്ക് വിട്ട് ഡല്‍ഹി സ്‌പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നത്. കേസന്വേഷണ ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ക്കാന്‍ ധൈര്യം കാണിക്കാത്തതിനെ തുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് വിടാന്‍ സക്കാര്‍ തീരുമാനിച്ചത്. പക്ഷേ ഡല്‍ഹിയിലെ ഭരണമാറ്റവും പൊലീസിലെ ചില പ്രശ്‌നങ്ങളും കാരണം കേസന്വേഷണം സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം തയ്യാറായില്ല. തുടര്‍ന്നാണ് കേസ് സി.ബി.ഐ തന്നെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ഷുക്കൂറിന്റെ മാതാവ് ഹൈക്കോടതിയില്‍ ഹരജി ബോധിപ്പിച്ചിരുന്നത്. സംഗതിയുടെ അപകടം മനസിലാക്കി കേസന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യംചെയ്ത് പ്രതികള്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ച ഹരജിയും ഒരുമിച്ച് വാദം കേട്ടതിനുശേഷമാണ് പ്രതികളുടെ ഹരജി തള്ളിക്കൊണ്ടും കൊല്ലപ്പെട്ട ഷുക്കൂറിന്റെ മാതാവ് നല്‍കിയ ഹരജി അനുവദിച്ചുകൊണ്ട് 2016 ഫെബ്രുവരി എട്ടാം തീയതി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. അപ്രകാരമാണ് സി.ബി.ഐ ഷുക്കൂര്‍ വധക്കേസിലെ തുടരന്വേഷണം നടത്തുകയും സി.പി.എം നേതാവ് പി.ജയരാജനും ടി.വി രാജേഷുമടക്കമുള്ളവര്‍ക്കെതിരെ കുറ്റപത്രം നല്‍കി കേസ് വിചാരണയിലിരിക്കുന്നത്.

യു.ഡി.എഫ് ഭരണകാലത്ത് കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം പ്രദേശത്തെ സി.പി.എമ്മിന്റെ ഗുണ്ടാരാജിന്റെ സ്വാധീനത്തില്‍ കേരള പൊലീസിനെ ഉപയോഗിച്ച് രക്ഷപ്പെടാനുള്ള സി.പി.എം ഗൂഢനീക്കമാണ് കൊല്ലപ്പെട്ട ഷുക്കൂറിന്റെ കുടുംബത്തിന്റെയും മുസ്‌ലിംലീഗ് നേതൃത്വത്തിന്റെയും അന്നത്തെ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെയും സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം ഇല്ലാതായത്. പ്രാദേശിക സി. പി.എം ഭീകരസംഘങ്ങളുടെ ഇടപെടല്‍ മൂലം കേരള പൊലീസിന് നിഷ്പക്ഷമായ അന്വേഷണം ഷുക്കൂര്‍ കേസില്‍ സാധ്യമല്ലെന്ന് കുറ്റസമ്മതമായി സംസ്ഥാന പൊലീസിന് വേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ എന്ന നിലയില്‍ ഈ ലേഖകന് കോടതിയില്‍ തുറന്ന് സമ്മതിക്കേണ്ടിവന്ന വസ്തുത സി.ബി.ഐക്ക് അന്വേഷണം വിട്ടുകൊണ്ടുള്ള ജസ്റ്റിസ് കെമാല്‍ പാഷയുടെ വിധിന്യായത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ടായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ ഒരിക്കലും പൊലീസ് വക്കീലായി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നതാണ് നിയമം. പൊലീസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സമാനമായ പയ്യോളിയിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും കൊല്ലം ജില്ലയിലെ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകന്‍ രാമഭദ്രനെ കൊലപ്പെടുത്തിയ കേസിലും സി. ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹരജികളില്‍ കേരള പൊലീസിന്റെ അന്വേഷണ വീഴ്ച ചൂണ്ടിക്കാട്ടി സി.ബി.ഐ അന്വേഷണത്തിനനുകൂലമായ നിലപാടാണ് സംസ്ഥാന പൊലീസിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ ഈ ലേഖകന്‍ സ്വീകരിച്ചിട്ടുണ്ടായിരുന്നത്. സംസ്ഥാനത്തെ പൊലീസില്‍ ഇടതുഭരണം ആരംഭിച്ചപ്പോള്‍ തന്നെ ആര്‍.എസ്.എസ് സ്വാധീനമുണ്ടെന്ന് തുറന്നടിച്ചത് സി.പി.ഐ അഖിലേന്ത്യാ നേതാവ് ആനിരാജയാണ്.

കണ്ണൂര്‍ ജില്ലയില്‍ നടന്ന ഹീനമായ ഒരു കൊലപാതകമായ അരിയില്‍ ഷുക്കൂര്‍ കേസിന്റെ വിചാരണ അടുത്തിരിക്കെ കേസുമായോ കേസന്വേഷണമായോ യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രങ്ങളില്‍ നിന്നും വാസ്തവ വിരുദ്ധമായ വിവരങ്ങള്‍ മെനഞ്ഞുണ്ടാക്കി രാഷ്ട്രീയ നേതൃത്വത്തിലിരിക്കുന്ന വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുംവിധം പ്രസ്താവനയിറക്കുന്നത് അത്യന്തം ഖേദകരമാണ്. കേസന്വേഷണത്തെ കുറിച്ച് നിയമപരമായ വ്യവസ്ഥകള്‍ നന്നായി അറിയുന്ന കേന്ദ്രങ്ങളില്‍ നിന്നുണ്ടാവുന്ന ഇത്തരം നീക്കങ്ങള്‍ ദുരുദ്ദേശ്യപരമാണെന്ന് ആരെങ്കിലും കുറ്റപ്പെടുത്തിയാല്‍ നിഷേധിക്കാന്‍ കഴിയില്ല. നിയമപരിജ്ഞാനമുള്ള വ്യക്തികള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ആത്മസംയമനം പാലിച്ചേ പറ്റൂ.

webdesk11: