X

റിപ്പബ്ലിക് ടി.വിയുടെ വനിതാറിപ്പോര്‍ട്ടര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം; രാഹുല്‍ ഈശ്വറെ കടന്നാക്രമിച്ച് അര്‍ണബ്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ടി.വിയുടെ വനിതാറിപ്പോര്‍ട്ടര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ രാഹുല്‍ ഈശ്വറെ കടന്നാക്രമിച്ച് അര്‍ണബ് ഗോസ്വാമി. റിപ്പബ്ലിക് ടി.വിയുടെ ചര്‍ച്ചയിലാണ് മറുപടി പറയാന്‍ കഴിയാത്ത നിലക്ക് രാഹുലിനെ അര്‍ണബ് ആക്രമിച്ചത്. വനിതാ മാധ്യമപ്രവര്‍ത്തകയെ ആക്രമിച്ച സംഭവത്തില്‍ രാഹുല്‍ ഈശ്വറിന് ഉത്തരവാദിത്തമുണ്ടെന്ന് അര്‍ണബ് പറഞ്ഞു. അര്‍ണബ് രാഹുലിന്റെ കടന്നാക്രമിക്കുന്ന വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

രാവിലെ മുതല്‍ നിലക്കലില്‍ തുടങ്ങിയ സമരത്തില്‍ നേരിയ സംഘര്‍ഷമുണ്ടായിരുന്നു. സ്ത്രീകളെ തടയുന്നതിനോടനുബന്ധിച്ച് വനിതാമാധ്യമപ്രവര്‍ത്തകരുടെ നേരേയും ആക്രമണം നടക്കുകയായിരുന്നു. കൂട്ടത്തില്‍ റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടറായ പൂജ പ്രസന്നക്ക് മര്‍ദ്ദനമേറ്റിരുന്നു. ഈ സംഭവത്തില്‍ രാഹുല്‍ ഈശ്വറിന്റെ പ്രതികരണമുണ്ടായപ്പോഴാണ് അര്‍ണബ് തട്ടിക്കയറിയത്.

സംഭവത്തില്‍ രാഹുല്‍ ഈശ്വറിന് ഉത്തരവാദിത്തമുണ്ടെന്ന് അര്‍ണബ് തുറന്നടിക്കുകയായിരുന്നു. തന്ത്രി കുടുംബത്തിലെ അംഗമെന്ന നിലയില്‍ അതിന് മറുപടി നല്‍കേണ്ടത് രാഹുല്‍ ഈശ്വറാണ്. നിങ്ങള്‍ സംഘര്‍ഷം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കിയത് കൊണ്ടാണ് നിലക്കലിലേക്ക് റിപ്പോര്‍ട്ടറെ അയച്ചതെന്നും ആക്രമണത്തില്‍ രാഹുല്‍ ഈശ്വര്‍ ഉത്തരവാദിത്തം കാണിക്കണമെന്നും അര്‍ണബ് പറഞ്ഞു. സംഭവത്തില്‍ ദു:ഖിതനാണെന്നും മാപ്പു പറയുകയാണെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. എന്നാല്‍ മാപ്പും ഖേദവും സ്വീകരിക്കാന്‍ കഴിയില്ലെന്ന് ആക്രോശിക്കുകയായിരുന്നു അര്‍ണബ്. രാഹുല്‍ അടക്കമുള്ളവരാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അര്‍ണബ് പറഞ്ഞു.

chandrika: