X

റിമോട്ട് നം: 9234

എട്ടിന്റെ പണി കിട്ടുന്നത് ഡ്രൈവിങ് ടെസ്റ്റിലാണെങ്കില്‍ തമിഴ്‌നാട്ടിലെ ഈ പിന്‍സീറ്റ് ഡ്രൈവര്‍ക്ക് കിട്ടിയത് ഒന്‍പതിന്റെ പണി. പാര്‍ട്ടിയുടെ സ്വന്തമൊരു മുഖ്യമന്ത്രിയിരിക്കെ നിയമസഭാകക്ഷി നേതാവായെങ്കിലും ഒന്‍പതാം ദിവസം ജയിലിലേക്കുള്ള വിളി വന്നു. മുഖ്യമന്ത്രിയാകാന്‍ എം.എല്‍.എമാരെ ഒന്‍പതു ദിവസമാണ് റിസോര്‍ട്ടിലടച്ചിട്ടത്. 1991 മുതല്‍ 1996 വരെ അടിച്ചുമാറ്റിയ സ്വത്തുകേസില്‍ 2014ല്‍ ജയിലില്‍ കിടന്നത് 21 ദിവസം. ഇനി വേണ്ടത് മൂന്നു വര്‍ഷവും പതിനൊന്നു മാസവും 9 ദിവസവും. ഇപ്പോള്‍ കിട്ടിയ ജയില്‍ പുള്ളിയുടെ നമ്പറിലും ഉണ്ട് ഒന്‍പത് -9234.

അറുപത്താറരക്കോടിയുടെ കണക്കുതെറ്റിച്ച് കര്‍ണാടകഹൈക്കോടതി ജസ്റ്റിസ് കുമാരസ്വാമി വെറുതെ വിട്ടെങ്കിലും ഉന്നത കോടതി തിരിച്ചുവിളിച്ചു. വിധിയുടെ രണ്ടാം ദിവസവും അനാരോഗ്യം പറഞ്ഞ് കോടതിയുടെ അടി വീണ്ടും ചോദിച്ചുവാങ്ങി വിവേകാന്ദ കൃഷ്ണ വേണി ശശികല. മനസ്സില്ലാമനസ്സോടെ വന്നു. ജയിയിലെത്തിയയുടന്‍ ചോദിച്ചത് കിടക്കാന്‍ ഒരു എ ക്ലാസ് മുറി മാത്രം. സ്വര്‍ണക്കട്ടിലിലുറങ്ങിയാണ് ശീലം. കിട്ടിയതാകട്ടെ സിമന്റു തറയും സ്റ്റീല്‍പ്ലേറ്റും ടംബ്‌ളറും വെള്ളസാരിയും. ടി.വി കാണാം, പക്ഷേ 1996ല്‍ കളര്‍ ടിവി അഴിമതിക്കേസില്‍ ജയിലില്‍ കിടന്നത് ഓര്‍മവരും. തമിഴ്‌നാട് സര്‍ക്കാരിന്റെ റിമോട്ട് കയ്യിലുണ്ട്. മെഴുകുതിരി ഉണ്ടാക്കിയാല്‍ ജയില്‍ വിടുമ്പോള്‍ അറുപത്തയ്യായിരം ഗാന്ധി സീരീസ് കൊണ്ടുപോകാം.

അച്ചം എണ്‍പത് മഠമയെടാ, അഞ്ചാമല്‍ ദ്രാവിഡര്‍ ഉടമൈയെടാ.. അറുപത്തൊന്നുകാരി മണ്ണാര്‍കുടി മങ്കൈക്ക് കവി കണ്ണദാസന്റെ വരികള്‍ മന:പാഠമാണ്. ഭയം എന്നത് ദ്രാവിഡന് യോജിച്ചതതല്ല. ‘അതുകൊണ്ട് ഞാനും അഞ്ചമാട്ടേന്‍’ എന്ന് ചിന്നമ്മ മുരമ്പനൊച്ചയില്‍ പറഞ്ഞപ്പോള്‍ തമിഴ്മക്കള്‍ ഊറിച്ചിരിച്ചു. വെറും ഒരു വാരത്തിനകം ഇന്ത ധൈരിയക്കാരി പോയത് സെന്റ്‌ജോര്‍ജ് കോട്ടക്കുപകരം നേരെ പരപ്പന ജയിലിലേക്ക്.

തിരുവാരൂരിലെ ആസ്പത്രി കോമ്പൗണ്ടര്‍ വിവേകാന്ദന്റെ മകള്‍ക്ക് അവിടെനിന്ന് ആറു കോടി തമിഴ് മക്കളുടെ തലൈവിയുടെ പോയസ് തോട്ടത്തില്‍ മുപ്പത്തൊന്നു കൊല്ലം സുഖലോലുപയായി വാഴാന്‍ കഴിഞ്ഞത് ഈ അടങ്ങാത്ത ധൈര്യം കൊണ്ടാണ്. കണ്ണീര്‍ വരുമെങ്കിലും അത് അണികളുടെ മുന്നില്‍ മാത്രം. അമ്മയുടെ കസേരയിലിരിക്കാന്‍ ശ്രമിച്ചപ്പോള്‍ അതുക്കുംമേലാന ദൈവം വിട്ടത് തടങ്കലിലേക്ക്. ഇപ്പോള്‍ ജയിലിലേക്ക് പോ, തിരുമ്പിവന്ത് പാര്‍ക്കലാം എന്ന് അമ്മ പറഞ്ഞപ്പോള്‍ ജയ സമാധിയില്‍ മൂന്നടിയടിച്ച് കാറില്‍ കയറി.

വിവേകാനന്ദനും കുടുംബവും അഞ്ചു മക്കളുമായി 26 കിലോ മീറ്ററകലെ മണ്ണാര്‍കുടിയിലേക്ക് താമസം മാറ്റിയത് വെറുതെയായില്ല. തേവര്‍ മക്കള്‍ അവിടെ ബിസിനസിനൊപ്പം വെട്ടുംതടയും പയറ്റിത്തെളിഞ്ഞു. തമിഴ്‌നാട് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ജീവനക്കാരനായ നടരാജന്റെ കല്യാണാലോചന വന്നതോടെയാണ് പണത്തിന്റെയും അധികാരത്തിന്റെയും ഭാഗ്യം തെളിഞ്ഞുതുടങ്ങിയത്. ചെന്നൈ മൈലാപ്പൂരില്‍ ചെറിയ വീഡിയോ കട. നടരാജന്റെ കൂര്‍മബുദ്ധിയും സ്വന്തം കൗശലബുദ്ധിയും പ്രവര്‍ത്തിച്ചപ്പോള്‍ ചെന്നെത്തിയത് അണ്ണാ ഡി.എം.കെ പ്രചാരണ വിഭാഗം സെക്രട്ടറി നടി ജയലളിതയുടെ അടുത്ത്.

കൂടെക്കൂടി പ്രസംഗങ്ങളുടെ വീഡിയോ പകര്‍ത്തിനല്‍കി. ബന്ധുക്കളെയെല്ലാം കൈയൊഴിഞ്ഞ ജയക്ക് ശശി ഇരുട്ടിലെ നിലാചന്ദ്രികയായി. മുപ്പത്തഞ്ചുകാരി പതുക്കെപ്പതുക്കെ തലൈവിയുടെ തോഴിയും ഗേള്‍ഫ്രണ്ടുമായി. തിരിച്ച് അക്കയും. കുട്ടികളുണ്ടായില്ല. ഭര്‍ത്താവ് നടരാജനും ബന്ധുക്കളായ ദിനകരന്‍, ഇളവരശിയുമൊക്കെ പോയസ് നിലയത്തിലായി വാസം. ജ്യേഷ്ഠത്തിയുടെ പുത്രന്‍ സുധാകരനെ ജയയുടെ വളര്‍ത്തു പുത്രനാക്കി. ആനന്ദലബ്ധിക്കിനിയെന്തുവേണ്ടൂ.

1991ല്‍ അക്ക മുഖ്യമന്ത്രിയായതോടെ പണവും സ്വര്‍ണാഭരണങ്ങളും സാരികളും ചെരുപ്പുകളുമൊക്കെയായി കോടികള്‍ പോയസ് ഗാര്‍ഡനിലേക്കൊഴുകിയെത്തി. പണം പുലിവാലാകുമെന്ന് ഭയന്ന് ശശി എന്റര്‍പ്രൈസസ് തുടങ്ങിയ നിരവധി കമ്പനികള്‍ രജിസ്്റ്റര്‍ ചെയ്യിച്ച് അതൊക്കെ തന്റെയും 12 ബന്ധുക്കളുടെയും കൈകളിലേക്ക് മാറ്റി. ഊട്ടിയിലും ഹൈദരാബാദിലുമൊക്കെയായി കറുത്ത കോടികള്‍ വെളുപ്പിച്ചു നല്‍കി. രാഷ്ട്രീയത്തിലോ അധികാരത്തിലോ ഇറക്കാതായതോടെ പുതിയ തിരക്കഥയുണ്ടാക്കി. 2011ല്‍ രഹസ്യ വിവരത്തെത്തുടര്‍ന്ന് ജയ ആട്ടിപ്പുറത്താക്കിയെങ്കിലും അബദ്ധം മനസ്സിലാക്കി മാപ്പപേക്ഷ കൊടുത്ത് സ്വയംതിരിച്ചെത്തി. ബന്ധുക്കളെ തള്ളിപ്പറഞ്ഞു.

ഇപ്പോള്‍ സര്‍ക്കാരിലെയും പാര്‍ട്ടിയിലെയും ജയയുടെ അടുത്തവരെ പുറത്താക്കി. ജയ പുറത്താക്കിയവരെയൊക്കെ പാര്‍ട്ടിയിലെടുത്തു. 2106 സെപ്തംബര്‍ 22ന് രാത്രി സാധാരണ ആംബുലന്‍സില്‍ മുഖ്യമന്ത്രിയെ അപ്പോളോ ആസ്പത്രിയിലെത്തിച്ചപ്പോള്‍ പലരും പലതും മണത്തു. ആസ്പത്രിയിലും മരിച്ചപ്പോഴും എല്ലാ കണ്ണും തന്നിലേക്കാക്കി. ജയയുടെ മൃതശരീരത്തിനരികെ നിന്ന് പ്രധാനമന്ത്രിയുടെ തലോടലേറ്റുവാങ്ങി. തള്ളിയിട്ടെന്നും സ്ലോപോയ്‌സണ്‍ കൊടുത്തെന്നും പോയസ്ഗാര്‍ഡന്‍ എഴുതിവാങ്ങിയെന്നും കൊലപ്പെടുത്തിയെന്നുമൊക്കെ പരാതികള്‍. ആനാല്‍ ഭയപ്പെടമാട്ടേന്‍. ഒരുസര്‍ക്കാരും പാര്‍ട്ടിയും കയ്യിലായല്ലോ. പളനിസ്വാമിയും ദിനകരനും കൂടി ശ്രമിച്ചാല്‍ ബാക്കികാലവും നല്‍വാഴ്‌കൈ.

chandrika: