X

ഇന്ത്യന്‍ ദേശീയതയും ഹിന്ദു മതവും

ഡോ. രാംപുനിയാനി

ഹിന്ദു, ഹിന്ദുമതം, ഹിന്ദുത്വ തുടങ്ങിയ പദങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ച പുതിയതല്ല. ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നും മുസ്‌ലിംകള്‍ മതപരമായി മുസ്‌ലിംകളാണെങ്കിലും ദേശീയതയില്‍ അവര്‍ ഹിന്ദുക്കളാണെന്നും ആര്‍.എസ്.എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗത് ഇയ്യിടെ നടത്തിയ അവകാശവാദം ഹിന്ദു എന്ന പദത്തിന് മറ്റൊരു വ്യാഖ്യാനം നല്‍കിയിരിക്കുകയാണ്. ഇത് ഹിന്ദുസ്ഥാനാണ്. അതിനാല്‍ ഇവിടെ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഹിന്ദു എന്നത് ദേശീയതയാണെന്നതും ഇന്ത്യ ഹിന്ദുസ്ഥാനാണെന്നതും ഇന്നത്തെ സാഹചര്യത്തില്‍ തെറ്റായ രൂപപ്പെടുത്തലും ഇന്ത്യന്‍ ഭരണഘടനയുടെ കാഴ്ചപ്പാടില്‍ പരിശോധിക്കേണ്ടതുമാണ്.

മുസ്‌ലിംകളുടെ വിശ്വാസവും ആചാരങ്ങളും വ്യത്യസ്തമാണെങ്കിലും അവരുടെ ദേശീയത ഹിന്ദു എന്നതാണെന്നാണ് ഭഗത് ഇടക്കിടെ പറയുന്നത്. നമ്മളെല്ലാം ഹിന്ദുക്കളാണ്. മുസ്‌ലിംകള്‍ അഹമ്മദിയ്യ ഹിന്ദുക്കളും ക്രിസ്ത്യാനികള്‍ ക്രിസ്റ്റി ഹിന്ദുക്കളുമെന്നാണ് ഏതാണ്ട് രണ്ട് പതിറ്റാണ്ട് മുമ്പ് ബി.ജെ.പി പ്രസിഡണ്ടായിരുന്നപ്പോള്‍ മുരളി മനോഹര്‍ ജോഷി പറഞ്ഞത്. ഈ പ്രസ്താവനകള്‍ ആര്‍.എസ്.എസിന്റെ പുതിയ രൂപപ്പെടുത്തലിന്റെ ഭാഗമാണ്. ഇന്ത്യ ഹിന്ദു രാജ്യമാണെന്ന ആര്‍.എസ്.എസ് പ്രത്യയ ശാസ്ത്രത്തിന്റെ താളം തന്നെയാണിതിനും. നേരത്തെയുള്ള അവരുടെ സൈദ്ധാന്തികന്മാര്‍ക്ക് ഇക്കാര്യത്തില്‍ മറ്റൊരു നിലപാടായിരുന്നു.

ഹിന്ദുസ്ഥാന്‍ എന്ന പദത്തിലെ ആശയക്കുഴപ്പം അടിസ്ഥാനമാക്കിയാണ് അവരുടെ ഇപ്പോഴത്തെ രൂപപ്പെടുത്തല്‍. ഈ രാജ്യം ഹിന്ദുസ്ഥാനാണ്. അതിനാല്‍ ഇവിടെ വസിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന ലളിതമായ നിര്‍വചനമാണ് ആര്‍.എസ്.എസ് നേതാക്കള്‍ നല്‍കുന്നത്. ചുറ്റിക്കറങ്ങിവരുന്നൊരു വാദമാണിത്. നിരവധി പദങ്ങള്‍ക്ക് അവര്‍ മാറ്റം വരുത്തിയ ചരിത്രം മുമ്പിലുള്ളപ്പോള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഹിന്ദുസ്ഥാന്‍ എന്ന പദത്തെ പുന:പരിശോധന നടത്തേണ്ടതുണ്ട്. വിശുദ്ധ ഹിന്ദു വേദ ഗ്രന്ഥങ്ങളിലൊന്നും ഹിന്ദു എന്ന പദം ഇല്ലെന്നതാണ് നാം അറിയേണ്ടത്. പടിഞ്ഞാറന്‍ ഏഷ്യയില്‍ നിന്നാണ് ഹിന്ദു എന്ന വാക്ക് ഉത്ഭവിച്ചത്.

അവര്‍ ഈ പ്രദേശത്തെ അറിയപ്പെട്ടിരുന്നത് സിന്ധു എന്ന നദിയുടെ പേരിലാണ്. ഇംഗ്ലീഷില്‍ ‘എസ്’ എന്ന പദത്തിനു പകരം എച്ച് എന്നാണ് വ്യാപകമായി ഉപയോഗിച്ചുവന്നത്. അതിനാല്‍ സിന്ധു എന്നത് ഹിന്ധു എന്നായി. ഹിന്ദു എന്ന പദം ഉത്ഭവിച്ചത് ഭൂമിശാസ്ത്രപരമായ വിഭാഗത്തിലാണ്. ഹിന്ദുസ്ഥാന്‍ എന്ന പദം വന്നത് ലാന്റ് ഓണ്‍ ഈസ്റ്റ് ഓഫ് റിവര്‍ സിന്ധു (സിന്ധു നദിക്കു പടിഞ്ഞാറുള്ള ഭൂമി) എന്നതില്‍ നിന്നാണ്.

ലോകത്തിന്റെ ഈ ഭാഗത്ത് പ്രചാരത്തിലിരുന്ന മത പാരമ്പര്യം വൈവിധ്യവും വ്യത്യസ്തവുമായിരുന്നു. ഇസ്‌ലാം മതത്തില്‍ നിന്നും ക്രിസ്തുമതത്തില്‍ നിന്നും വ്യത്യസ്തമായ ഹിന്ദു മതത്തിന് ഒരു പ്രവാചകനില്ല. വിഭിന്ന പാരമ്പര്യത്തിന്റെ ഉറവിടം ഇവിടെ പ്രാദേശിക ഉത്പത്തിയാണ്. അക്കാലത്ത് അവിടെ പ്രചാരത്തിലുണ്ടായിരുന്ന വിവിധ മത പാരമ്പര്യങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് ക്രമേണ ഹിന്ദു എന്ന പദമായി ഉപയോഗിച്ചുവരികയും ഈ പാരമ്പര്യം ലയിച്ച് ഹിന്ദുമതം എന്ന തലത്തില്‍ ഏകീകരിക്കപ്പെടുകയുമായിരുന്നു. ഹിന്ദു മതത്തില്‍ പ്രധാനമായും രണ്ട് വിഭാഗം പാരമ്പര്യമുണ്ട്. പ്രബലമായ ബ്രാഹ്മണ വിഭാഗവും നാഥ്, തന്ത്ര, ഭക്തി, ശൈവ, സിദ്ധാന്ഥ തുടങ്ങിയ ശൈമാനിക് പാരമ്പര്യവും. കോളനി വാഴ്ച കാലത്ത് ഹിന്ദുമതത്തിന്റെ സ്വത്വം പരുവപ്പെട്ടത് ബ്രാഹ്മണ മാനദണ്ഡങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു.

നമ്മുടെ മേഖലക്ക് ഹിന്ദുസ്ഥാന്‍ എന്ന ചരിത്ര സ്വത്വം കൈവന്നത് മതവുമായി ബന്ധപ്പെട്ടല്ല, മറിച്ച് ഭൂമിശാസ്ത്രപരമായ മേഖല കാരണമാണ്. ഹിന്ദു എന്ന പദം ആദ്യം ഉപയോഗിച്ചത് സ്ഥലത്തെ സൂചിപ്പിക്കാനായിരുന്നുവെങ്കില്‍ പിന്നീട് മത പാരമ്പര്യത്തിനായി എന്നതാണ് ഈ വാക്കിലെ ആശയക്കുഴപ്പത്തിനു കാരണം. ഇപ്പോള്‍ ഹിന്ദുസ്ഥാന്‍ എന്ന പദം ഉപയോഗത്തിലില്ല. ഇന്ത്യന്‍ ഭരണഘടന പ്രകാരവും ആഗോള തലത്തില്‍ നമ്മെ തിരിച്ചറിയുന്നതും ഇന്ത്യ എന്നാണ്, ഹിന്ദുസ്ഥാന്‍ എന്നല്ല. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ ഇന്ത്യ അതാണ് ഭാരത്.

അതാണ് നമ്മുടെ ഭരണഘടന പറയുന്നത് നമ്മള്‍ എന്ന്. അതിനാല്‍ എന്താണ് നമ്മുടെ ദേശീയത, ഇന്ത്യക്കാരന്‍ എന്നോ ഹിന്ദുവെന്നോ? ഇന്ത്യയെ ഒരു ദേശമായി രൂപപ്പെടുത്തുന്നതില്‍ ഒരു പങ്കാളിത്തവും വഹിക്കാത്തവരാണ് ആര്‍.എസ്.എസ്. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലും അവര്‍ പങ്കാളികളായിരുന്നില്ല. ഇന്ത്യയെന്ന ആശയത്തെ എതിര്‍ക്കാനാണ് ആര്‍.എസ്.എസ് രാഷ്ട്രീയം ഉദയം ചെയ്തത്. സമൂഹത്തിലെ ആധുനിക വിഭാഗവും വ്യവസായികളും തൊഴിലാളികളും ആധുനിക വിദ്യാഭ്യാസം ലഭിച്ചവരുമെല്ലാം വളര്‍ത്തിക്കൊണ്ടുവന്നതാണ് ഇന്ത്യയെന്ന ആശയം.

ഈ ആശയം സമാന്തരവും സ്ത്രീകളുടെയും ദലിതരുടെയും അഭിലാഷങ്ങളെ സംയോജിപ്പിക്കുന്നതുമാണ്. ഇവിടെ പ്രധാനമായും കാണേണ്ടത് ഇന്ത്യ നിലനില്‍ക്കുന്നത് സ്വാതന്ത്ര്യത്തിനും സമത്വത്തിനും ഐക്യത്തിനും വേണ്ടിയാണ്. ആധുനിക വേഷത്തില്‍ ആധുനിക കാലത്തിനു മുമ്പുള്ള മൂല്യങ്ങള്‍ക്കു വേണ്ടിയാണ് ഹിന്ദു ദേശീയത നിലകൊള്ളുന്നത്. വൈവിധ്യവും ബഹുസ്വരതയും തിരിച്ചറിയുന്ന ഒരു ഭരണഘടന ഇന്ത്യക്കുണ്ട്. കഴിഞ്ഞ കാലത്തെ സാങ്കല്‍പിക മഹിമയില്‍ മാത്രം ശ്രദ്ധിക്കുന്ന, ജന്മം അടിസ്ഥാനമാക്കി ജാതിയുടെയും ലിംഗത്തിന്റെയും പൗരോഹിത്യ മേധാവിത്വത്തിലുള്ള സാമൂഹിക നിയമങ്ങള്‍ പ്രധാന ഭാഗമായതാണ് ഹിന്ദു ദേശീയത.

എപ്പോഴും വേദഗ്രന്ഥങ്ങളില്‍ (മനുസ്മൃതി ഉദാഹരണം) അഭയം തേടുകയും അവ ഇപ്പോഴും നിയമാവലിയായി കാണുകയും ചെയ്യുന്ന ആര്‍.എസ്.എസ് പ്രത്യയശാസ്ത്രക്കാര്‍ക്ക് എങ്ങനെയാണ് ഇന്ത്യന്‍ ഭരണഘടന ബുദ്ധിമുട്ടുള്ളതാകുക. ഈ ഭൂമിയുമായി ബന്ധമുള്ളവര്‍ അഥവാ സിന്ധു പ്രദേശം പിതാക്കന്മാരുടെ ഭൂമിയും വിശുദ്ധ സ്ഥലവുമായി കണക്കാക്കുന്നവരാണ് ഹിന്ദുക്കളെന്ന ഹിന്ദുത്വ പ്രത്യയശാസ്ത്ര സ്ഥാപകന്‍ വിനായക് ദാമോദര്‍ സവര്‍കറുടെ കാഴ്ചപ്പാടില്‍ മതന്യൂനപക്ഷങ്ങളായ മുസ്‌ലിംകളും ക്രിസ്ത്യാനികളും എങ്ങനെയാണ് ഹിന്ദുത്വ അസ്തിത്വമുള്ളവരാകുക. ഹിന്ദുക്കള്‍ക്ക് ഇങ്ങനെ നിര്‍വചനം നല്‍കിയാല്‍ ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും ഹിന്ദുക്കളെന്നു വിളിക്കാനാവില്ല. അവര്‍ വ്യത്യസ്ത ദേശീയതയുള്ളവരാണ്.

രണ്ടാമത്തെ പ്രധാന ഹിന്ദുത്വ സൈദ്ധാന്തികനായ ഗോള്‍വര്‍ക്കര്‍ക്കും ഇതേ നിലപാടായിരുന്നു. അദ്ദേഹത്തിന്റെ പുസ്തകത്തില്‍ (bunchof Thoughts’) മുസ്‌ലിംകളും ക്രിസ്ത്യനികളും ഹിന്ദു ദേശീയതക്ക് ഭീഷണിയാണെന്നാണ് പറയുന്നത്. ഇയ്യിടെയായി ആര്‍.എസ്.എസിന് രാഷ്ട്രീയ ശക്തി ലഭിച്ച ശേഷം മതന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളാന്‍ താല്‍പര്യപ്പെടുന്നത് ഈ ന്യൂനപക്ഷ വിഭാഗത്തില്‍ ഹിന്ദു ആദര്‍ശം അടിച്ചേല്‍പിക്കാനാണ്.

അവര്‍ എങ്ങനെ തന്നെയാണെങ്കിലും അവരുടെ ദേശീയത ഹിന്ദു എന്നായിരിക്കുമെന്നാണ് അവകാശവാദം. ഇന്ത്യന്‍ ഭരണഘടന പ്രകാരം നമ്മുടെ ദേശീയത ഇന്ത്യന്‍ എന്നതാണ്. അതിനാല്‍ ആര്‍.എസ്.എസ് സൈദ്ധാന്തികതയും ഇന്ത്യന്‍ ദേശീയതക്കു വേണ്ടി നിലകൊണ്ട ഗാന്ധി, നെഹ്‌റു, അംബേദ്കര്‍ മറ്റസംഖ്യം ആളുകളുടെ സൈദ്ധാന്തികതയും തമ്മില്‍ വൈരുധ്യമുണ്ട്. നീതിയുടെയും സമത്വത്തിന്റെയും സ്വാതന്ത്ര്യവാദ സന്ദേശമുള്ള ഇന്ത്യന്‍ ഭരണഘടനക്ക,് അനീതി സഹജമായ വേദഗ്രന്ഥം മനുസ്മൃതിയുമായി അന്തരമുണ്ട്.

മുസ്‌ലിംകള്‍ തന്നെ അവരുടെ ആരാധനാ സമ്പ്രദായത്തില്‍ മാറ്റം വരുത്തണമെന്ന് പറയുന്നത് ഹിന്ദു ദേശീയതയെന്ന ആലയത്തിലേക്ക് അവരെ ബോധംപൂര്‍വം തെളിക്കാനുള്ള നീക്കമാണ്. ഇസ്‌ലാം മത വിശ്വാസിക്ക് കേവലം ആരാധനാവഴികളില്‍ മാറ്റം വരുത്താനാകില്ല, വ്യത്യസ്തമായ മതവും വിശ്വാസവുമാണത്. ക്രിസ്തുമതത്തിലെയും അവസ്ഥ ഇതുതന്നെയാണ്. അതിനാല്‍ മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമും ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുമതവും ഹിന്ദുക്കള്‍ക്ക് ഹിന്ദുമതവും, എന്നാല്‍ അവരുടെ ദേശീയത ഇന്ത്യനും (ഹിന്ദുവല്ല) എന്നതാണ്. മുസ്‌ലിംകള്‍ക്കും ആരതിയും ചാന്ദും ‘ഭാരത് മാതാ കീ ജയ്’യുമൊക്കെ ഉണ്ടായിരിക്കണമെന്ന് പ്രതീക്ഷിക്കുന്നത് ഇന്ത്യന്‍ ഭരണഘടന പ്രകാരമല്ല.

ആരതി ഒരു ഹിന്ദു ആചാരാനുഷ്ഠാനമാണ്. വിവിധ മത വിഭാഗക്കാര്‍ മറ്റു മതക്കാരുടെ ആചാരാനുഷ്ഠാനങ്ങള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് അവരുടെ അവസരമാണ്. ഇത് ആരതിയുമായോ നമസ്‌കാരവുമായോ ചര്‍ച്ചിലെ പ്രാര്‍ത്ഥനയുമായോ ബന്ധപ്പെട്ടതാകാം. പക്ഷേ അവര്‍ നിര്‍ബന്ധമായും ഇത് ചെയ്യണമെന്ന് പ്രതീക്ഷിക്കാനാവില്ല, അത് ജനാധിപത്യ വിരുദ്ധവും ഇന്ത്യന്‍ ഭരണഘടനാ മാനദണ്ഡങ്ങള്‍ക്ക് എതിരുമാണ്. അല്ലാഹുവിന്റെ മുമ്പില്‍ മാത്രമല്ലാതെ മറ്റാരുടെ മുന്നിലും വണങ്ങാന്‍ പാടില്ലെന്നാണ് മുസ്‌ലിംകളുടെ വിശ്വാസം. അതിനാലാണ് ഭാരത് മാതാ കീ ജയ് എന്ന മന്ത്രം ഉരുവിടുന്നതിനെ അവര്‍ എതിര്‍ക്കുന്നത്.

chandrika: